മോദിക്ക് പ്രധാനം വിമർശനങ്ങൾ തടയൽ; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച് പ്രശാന്ത് ഭൂഷനും സിദ്ധാർഥും

മോദിക്ക് പ്രധാനം വിമർശനങ്ങൾ തടയൽ; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച് പ്രശാന്ത് ഭൂഷനും സിദ്ധാർഥും

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനും നടൻ സിദ്ധാർഥും . കോവിഡ് പ്രതിരോധത്തിൽ വന്ന വീഴ്ച്ചക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ട്വിറ്ററിൽ നിന്നും തടയാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് പ്രശാന്ത് ഭൂഷൻ ട്വീറ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ സിദ്ധാര്‍ഥ് ഭൂഷന്റെ ട്വീറ്റ് പങ്കുവെച്ചു.

നമ്മള്‍ ഈ മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യും. എന്നാല്‍ സര്‍ക്കാര്‍ നമ്മോട് ചെയ്യന്നത് എന്താണെന്ന് മറക്കരുത്. ഇപ്പോള്‍ എല്ലാവരും സുരക്ഷിതരായി ഇരിക്കുകയാണ് വേണ്ടതെന്ന് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.

പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്; ‘മോദി സര്‍ക്കാര്‍ മഹാമാരി തടയാനുള്ള ശ്രമങ്ങള്‍ നടത്തിയില്ലെന്ന് മാത്രമല്ല, പ്രതിരോധത്തിലെ വീഴ്ച്ചക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ തടയാന്‍ ശ്രമിക്കുകയും ചെയ്യുന്നു.’

സിദ്ധാർഥിന്റെ ട്വീറ്റ് ; പ്രിയപ്പെട്ട ഇന്ത്യക്കാരെ നിങ്ങള്‍ ഭയപ്പെടാതിരിക്കു. ഈ മഹാമാരിയെ നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. ഒരിക്കലും സര്‍ക്കാര്‍ നമ്മോട് ചെയ്തുകൊണ്ടിരിക്കുന്നത് മറക്കരുത്. ഇപ്പോള്‍ സുരക്ഷിതരായി ഇരിക്കു. വാക്‌സിന്‍ സ്വീകരിക്കു.’

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനേക്കാൾ പ്രധാനമന്ത്രി ശ്രദ്ധകൊടുക്കുന്നത് ട്വിറ്ററിൽ ഉയരുന്ന വിമർശനങ്ങൾ ഇല്ലാതാക്കാനാണെന്ന് ലാൻസെറ്റ് പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ പറഞ്ഞിരുന്നു.തുറന്ന സംവാദങ്ങളും, വിമർശനങ്ങളും അടിച്ചമർത്താൻ പ്രധാനമന്ത്രി നടത്തിയ ശ്രമങ്ങൾ അം​ഗീകരിക്കാനാകാത്തതാണെന്നും ലാൻസെറ്റ് കുറ്റപ്പെടുത്തി. ആ​ഗസ്ത് ഒന്നാകുമ്പോഴേക്കും ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ പത്ത് ലക്ഷം കടക്കുമെന്നാണ് പഠനങ്ങൾ പറയുന്നതെന്നും അത് സംഭവിച്ചാൽ സ്വയം വരുത്തിവെച്ച മഹാദുരതന്തത്തിന് മോദി സർക്കാരിന് പൂർണ ഉത്തരവാദിത്തം ഉണ്ടാകുമെന്നും ലാൻസെറ്റ് കുറ്റപ്പെടുത്തി.

സൂപ്പർ സ്പ്രെഡ് ഉണ്ടാകുമെന്ന മുന്നറിയിപ്പുകൾ അവ​ഗണിച്ച മോദി മതപരമായ ആഘോഷങ്ങൾക്ക് അനുമതി നൽകുകയും, രാഷ്ട്രീയ റാലി നടത്തുകയും ചെയ്തു. ആരോ​ഗ്യമേഖലയുടെ തകർന്ന അവസ്ഥ ചൂണ്ടിക്കാണിച്ച ലാൻസെറ്റ് മഹാദുരതന്തം നേരിടുന്നതിൽ സർക്കാർ കാണിച്ച നിസ്സം​ഗതയേയും കുറ്റപ്പെടുത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാം തരം​ഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുകളുണ്ടായിട്ടും കേസുകളുടെ എണ്ണം കുറയുന്നതു കണ്ട കേന്ദ്ര സർക്കാർ അപകടം കഴിഞ്ഞു എന്ന തരത്തിലാണ് പെരുമാറിയതെന്നും ജേണൽ എഴുതി. സർക്കാരിന്റെ കൊവിഡ് 19 ടാസ്ക് ഫോഴ്സ് മാസങ്ങളോളം കൂടിയിട്ടില്ലെന്നും ലാൻസെറ്റ് മുഖപ്രസം​ഗത്തിൽ എഴുതി. വാക്സിനേഷൻ എത്രയും വേ​ഗത്തിൽ ഇന്ത്യയിൽ നടപ്പിലാക്കണമെന്നും കൃത്യമായ വിവരങ്ങൾ പങ്കുവെക്കാൻ സർക്കാർ തയ്യാറാകണമെന്നും ലാൻസെറ്റ് ആവശ്യപ്പെട്ടു.ഇന്ത്യയിൽ ശനിയാഴ്ച കൊവിഡ് രോ​ഗികളുടെ എണ്ണം നാല് ലക്ഷം കടന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in