ക്രിസ്തുവിനെ പിന്തുടരാനാണ് പറഞ്ഞത്, സംരക്ഷിക്കാനല്ല; ഈശോ വിവാദത്തില്‍ കത്തോലിക്കാ സഭക്കെതിരെ സിബി മലയില്‍

ക്രിസ്തുവിനെ പിന്തുടരാനാണ് പറഞ്ഞത്, സംരക്ഷിക്കാനല്ല; ഈശോ വിവാദത്തില്‍ കത്തോലിക്കാ സഭക്കെതിരെ സിബി മലയില്‍

ഇശോ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തെയും കത്തോലിക്കാ സഭയുടെ ഔദ്യോഗിക നിലപാടിനെയും രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ സിബി മലയില്‍. ദ ക്യുവിനോടായിരുന്നു സിബി മലയിലെന്റെ പ്രതികരണം.

ഈശോ സിനിമയിലൂടെ സംവിധായകന്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് എന്നൊന്നും മനസിലാക്കാന്‍ പോലും ശ്രമിക്കാതെ ആരൊക്കെയോ പറഞ്ഞുകേട്ടതിന്റെ അടിസ്ഥാനത്തില്‍ വിവാദമുണ്ടാക്കുകയാണ്. ഇതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്ന് സിബി മലയില്‍ പറഞ്ഞു.

വിദ്വേഷം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ നില്‍ക്കണം. കത്തോലിക്കാ സഭയുടെ ഔദ്യോഗിക നിലപാട് ലജ്ജിപ്പിക്കുന്നതാണെന്നും വ്യക്തിപരമായി ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ അതില്‍ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്തുവിനെ പിന്തുടരാനാണ് പറഞ്ഞത് അല്ലാതെ സംരക്ഷിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.

സിബി മലയില്‍ പറഞ്ഞത്

ഈശോ സിനിമയിലൂടെ സംവിധായകന്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് എന്നൊന്നും മനസിലാക്കാന്‍ പോലും ശ്രമിക്കാതെ ആരൊക്കെയോ പറഞ്ഞുകേട്ടതിന്റെ അടിസ്ഥാനത്തില്‍ വിവാദമുണ്ടാക്കുകയാണ്. ഇതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്.

ഇവരുടെ പിന്നില്‍ സംസാരിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരെയൊക്കെ നമുക്ക് അറിയാമല്ലോ. അവരുടെ അതേ ഭാഷയിലാണ് ഇപ്പോള്‍ കത്തോലിക്കാ സഭയും സംസാരിക്കുന്നത്. കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രസ്താവന പുറത്തു വന്നപ്പോഴും സ്ഥിതി അങ്ങനെയാണ്.

ഇത് വളരെ ഭയപ്പെടുത്തുന്ന എതിര്‍ക്കപ്പെടേണ്ട ഒരു നിലപാടാണ്. കാരണം ക്രിസ്തുവിന് ഇവരുടെ ആരുടെയും സംരക്ഷണം ആവശ്യമില്ല. ക്രിസ്തുവിനെ പിന്തുടരാനാണ് ക്രിസ്തു പറഞ്ഞിരിക്കുന്നത്. അല്ലാതെ സംരക്ഷിക്കാനല്ല. അങ്ങനെയൊരു വിരോധാഭാസമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

വിദ്വേഷത്തിന്റെ ഒരു അന്തരീക്ഷം ഇവിടെ സൃഷ്ടിച്ചുകൊണ്ട് സമാധാനത്തോടെ ജീവിക്കുന്ന ഒരു ജനതയുടെ ഇടയിലേക്ക് വിഷവിത്ത് വിതക്കാനുള്ള ശ്രമമായിട്ടാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെ നമ്മള്‍ നോക്കികാണേണ്ടത്. അത് ഏറ്റവും ദൗര്‍ഭാഗ്യകരമായി നമ്മെ വേദനപ്പെടുത്തുന്നതുമാണ്.

കലുഷിതമായ ചിന്തകളെ കടത്തിവിടാന്‍ ഒരു ചെറിയ വിഭാഗത്തിന്റെ ശ്രമമാണ് നടക്കുന്നത്. കത്തോലിക്കാ സമുദായത്തിലെ ഭൂരിപക്ഷവും ഇതിനെ പിന്തുണക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കത്തോലിക്കാ സഭയുടെ ഔദ്യോഗിക നിലപാട് വന്നത് ഖേദകരമാണ്.

മുമ്പ് വടക്കന്‍ ഇന്ത്യയില്‍ കര്‍ണിസേന എന്ന് പറയുന്ന പോലുള്ള വര്‍ഗീയ താത്പര്യമുള്ള ആളുകള്‍ ഇടപെട്ട് പല സിനിമകളും തടയാനുള്ള ശ്രമം നടന്നതൊക്കെ നമുക്ക് അറിയാവുന്ന കാര്യങ്ങളാണ്. അതിനെയൊക്കെ എത്രമാത്രം പ്രതിരോധിച്ചവരാണ് നമ്മള്‍. ഇപ്പോള്‍ സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും വളരെ മുന്നില്‍ നില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ലജ്ജിപ്പിക്കുന്നതാണ്.

അതുപോലെ നമ്മളെ വര്‍ഷങ്ങള്‍ പിന്നോട്ട് അടിപ്പിക്കുന്ന വിധത്തില്‍ കേരളത്തിലെ പ്രമുഖമായ സഭ വരുന്നു എന്നത് ഏറെ വേദനിപ്പിക്കുന്ന കാര്യമാണ്. ഞാനും ഒരു ക്രിസ്ത്യന്‍ സമുദായത്തില്‍ ജനിച്ചയാളാണ്. ഇത് എന്നെ ലജ്ജിപ്പിക്കുയും സമൂഹത്തിന് മുന്നില്‍ തലതാഴ്ത്തി നില്‍ക്കാന്‍ ഇടയാക്കിയെന്നുള്ളതുമാണ് വ്യക്തിപരമായി എന്നെ വിഷമിപ്പിക്കുന്ന കാര്യം,'' സിബി മലയില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in