മലേഷ്യന്‍ പാര്‍ലമെന്റ് സന്ദര്‍ശിച്ച് സെന്‍ട്രല്‍ വിസ്റ്റ പണിയാന്‍ പറഞ്ഞിട്ടില്ല; മുതലെടുപ്പ് നടത്തേണ്ടെന്ന്‌ ശശി തരൂര്‍

മലേഷ്യന്‍ പാര്‍ലമെന്റ് സന്ദര്‍ശിച്ച് സെന്‍ട്രല്‍ വിസ്റ്റ പണിയാന്‍ പറഞ്ഞിട്ടില്ല; മുതലെടുപ്പ് നടത്തേണ്ടെന്ന്‌
 ശശി തരൂര്‍

ന്യൂദല്‍ഹി: 2018ല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ മലേഷ്യന്‍ പാര്‍ലമെന്റ് സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രവും കുറിപ്പും പങ്കുവെച്ചുകൊണ്ട് സെന്‍ട്രല്‍ വിസ്റ്റ പ്രൊജക്ടിനെ പിന്താങ്ങുന്നവര്‍ക്ക് മറുപടിയുമായി ശശി തരൂര്‍.

2018ല്‍ മലേഷ്യന്‍ പാര്‍ലമെന്റ് സന്ദര്‍ശിച്ച ശശി തരൂര്‍ തനിക്ക് അവിടുത്തെ സൗകര്യങ്ങള്‍ കണ്ട് ചെറുതായി അസൂയ തോന്നുന്നുണ്ട് എന്ന് ട്വീറ്റ് ചെയ്തിരുന്നു. മലേഷ്യന്‍ പാര്‍ലമെന്റില്‍ ഓരോ എംപിക്കും നെയിം പ്ലേറ്റും, സൗകര്യമുള്ള കസേരയും, ലാപ്‌ടോപ്പും മൈക്കും ഉണ്ടെന്നായിരുന്നു തരൂര്‍ ട്വീറ്റ് ചെയ്തത്.

ഇന്ത്യയ്ക്ക് ഒരു അപ്‌ഗ്രേഡിന് സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

ഈ ട്വീറ്റ് ഉപയോഗിച്ചാണ് കോടികള്‍ ചെലവിട്ട് നടക്കുന്ന നരേന്ദ്ര മോദിയുെട സ്വപ്‌ന പദ്ധതിയായ സെന്‍ട്രല്‍ വിസ്റ്റ പ്രൊജക്ടിനെ പലരും ന്യായീകരിച്ചത്. ഇതിന് പിന്നാലെയാണ് തരൂര്‍ മറുപടിയുമായി മുന്നോട്ട് വന്നത്.

മലേഷ്യന്‍ പാര്‍ലമെന്റ് കണ്ടപ്പോള്‍ അവിടെയുള്ള സൗകര്യങ്ങളെകുറിച്ച് മാത്രമാണ് താന്‍ സംസാരിച്ചതെന്നും പുതിയ ബില്‍ഡിങ്ങ് നിര്‍മ്മിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

'' 2018ലെ എന്റെ ട്വീറ്റ് സെന്‍ട്രല്‍ വിസ്റ്റ പ്രൊജക്ടിന് വേണ്ടി ചിലര്‍ മുതലെടുക്കുന്നത് കണ്ടു. ഞാനുദ്ദേശിച്ചത് സെന്‍ട്രല്‍ ഹാളിനെ എല്ലാ സൗകര്യങ്ങളുമുള്ള ലോക്‌സഭയായി മാറ്റാനായിരുന്നു. അല്ലാതെ പുതിയ ബില്‍ഡിങ്ങിനല്ല,'' ശശി തരൂര്‍ വ്യക്തമാക്കി. കൊവിഡ് രണ്ടാം തരംഗം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിച്ചിരിക്കെ സെന്‍ട്രല്‍ വിസ്റ്റ പ്രൊജക്ടുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in