അദാനി ഗ്രൂപ്പിനെ ടാർഗറ്റ് ചെയ്യുന്നു; ഹിൻഡൻബർഗ് വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണ്ടെന്ന് ശരദ് പവാർ

അദാനി ഗ്രൂപ്പിനെ ടാർഗറ്റ് ചെയ്യുന്നു; ഹിൻഡൻബർഗ് വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണ്ടെന്ന് ശരദ് പവാർ

ഹിൻഡർബർ​ഗ് റിപ്പോർട്ടിനെക്കുറിച്ച് സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷണം വേണമെന്ന കോൺഗ്രസിന്റെ ആവശ്യത്തോട് വിയോജിക്കുന്നുവെന്ന് ശരദ് പവാർ. എൻ.ഡി.ടി.വിക്ക് വെള്ളിയാഴ്ച നൽകിയ അഭിമുഖത്തിലാണ് ശരദ് പവാർ നിലപാട് തുറന്നു പ്രകടിപ്പിച്ചത്. ഈ വിഷയത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം പാർലമെന്റ് സ്തംഭിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും പവാർ വ്യക്തമാക്കി. 'ഇങ്ങനെയൊരു വിഷയം പെട്ടെന്ന് ഉയർന്നുവന്നിരിക്കുകയാണ്. ആരാണത് ചെയ്തത്? ഹിൻഡൻബർഗിനെ കുറിച്ച് ഞങ്ങളാരും കേട്ടിട്ടില്ല. എന്താണ് അവരുടെ പശ്ചാത്തലം? രാജ്യത്താകെ കോളിളക്കം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ അവർ ഉന്നയിക്കുമ്പോൾ അതിനു വില നൽകേണ്ടി വരുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയാണ്. ഇത് അനുവദിക്കാൻ കഴിയുന്നതല്ല' പവാർ പറയുന്നു.

എന്നാൽ പവാറിന്റെ നിലപാടിനെതിരെ വിമര്ശനങ്ങളുമുയരുന്നുണ്ട്. അദാനിയുടെ ഉടമസ്ഥതയിലുള്ള എ.എം.ജി മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ അഭിമുഖം നടത്തിയ എൻ.ഡി.ടി.വി യുടെ ഭൂരിഭാഗം ഓഹരികളും കൈവശം വച്ചിരിക്കുന്നത് എന്നതാണ് വിമർശനങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത്. പവാറിനെ തള്ളി കോൺഗ്രസ്സ് വക്താവ് ജയറാം രമേശും രംഗത്തെത്തിയിരുന്നു.

അദാനിയും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധവും ഹിൻഡൻബർഗ് പുറത്ത് വിട്ട റിപ്പോർട്ടും അതീവ ഗൗരവമുള്ളതാണ്. എൻ.സി.പിക്ക് അവരുടെ നിലപാട് ഉണ്ടായിരിക്കാം എന്നും ജയറാം രമേശ് പറഞ്ഞു. 'എൻ.സി.പിക്ക് അവരുടെ കാഴ്ചപ്പാട് ഉണ്ടായിരിക്കാം. എന്നാൽ പ്രധാനമന്ത്രിയും അദാനി ഗ്രൂപ്പും തമ്മിലുള്ള ബന്ധം യാഥാർഥ്യവും ഗൗരവമുള്ളതുമാണെന്ന് കരുതുന്ന മറ്റു 19 പാർട്ടികൾ കൂടെയുണ്ട്. എൻ.സി.പി ഉൾപ്പെടെയുള്ള സമാന ചിന്താഗതിക്കാരായ 20 പ്രതിപക്ഷ പാർട്ടികളും ബി.ജെ.പിയുടെ ആക്രമണങ്ങളിൽ നിന്ന് ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കാനും, ബിജെപിയുടെ വിനാശകരമായ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക അജണ്ടയെ പരാജയപ്പെടുത്തുന്നതിലും ഒന്നിച്ചു നിൽക്കും'. ജയറാം രമേശ് പറഞ്ഞു.

അദാനി ഓഹരിമൂല്യം പെരുപ്പിച്ചുകാട്ടി എന്ന ഹിൻഡർബർ​ഗ് റിപ്പോർട്ട് മുൻനിർത്തി രാഹുൽ ഗാന്ധിയടക്കം പാർലമെന്റിൽ നടപടി ആവശ്യപ്പെടുകയും, രാഹുൽ ഗാന്ധിയുടെ അയോഗ്യത വരെയെത്തി നിൽക്കുന്ന സംഭവവികാസങ്ങൾക്കൊടുവിലുമാണ് പവാർ ഈ വിഷയത്തിൽ തന്റെ എതിർപ്പ് അറിയിക്കുന്നത്. അദാനി വിഷയത്തിലെ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധ യോഗങ്ങളിലും എൻ.സി.പിയുടെ അസാന്നിധ്യം ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് പവാർ തന്റെ വിയോജിപ്പ് പരസ്യമായി അറിയിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in