ഷെയിം ഓണ്‍ ബോളിവുഡ്'; കര്‍ഷക സമരത്തില്‍ ബി.ജെ.പി സര്‍ക്കാരിനെ ന്യായീകരിക്കാനിറങ്ങിയ താരങ്ങള്‍ക്കെതിരെ ട്രോളും കാമ്പയിനും

ഷെയിം ഓണ്‍ ബോളിവുഡ്'; കര്‍ഷക സമരത്തില്‍ ബി.ജെ.പി സര്‍ക്കാരിനെ ന്യായീകരിക്കാനിറങ്ങിയ താരങ്ങള്‍ക്കെതിരെ ട്രോളും കാമ്പയിനും

കര്‍ഷക സമരത്തെ പിന്തുണച്ച അന്താരാഷ്ട്ര താരങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സെലിബ്രിറ്റികള്‍ കൂട്ടത്തോടെ രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണച്ചും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യമറിയിച്ച താരങ്ങളെ വിമര്‍ശിച്ചും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നടത്തിയ ട്വീറ്റിന് പിന്നാലെ അക്ഷയ് കുമാര്‍, സൈന നെഹ്വാള്‍ അടക്കമുള്ളവര്‍ ഒരേ ട്വീറ്റ് തന്നെ പോസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പ്രതികരണത്തിന് പിന്നാലെ 'ഷെയിം ഓണ്‍ ബോളിവുഡ്' എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിക്കഴിഞ്ഞു. നടന്‍ അക്ഷയ് കുമാറിനെതിരെയാണ് കൂടുതല്‍ പരിഹാസ ട്രോളുകള്‍. കര്‍ഷക സമരം മാസങ്ങളോളം നീണ്ടുനിന്നപ്പോള്‍ ഒന്നും മിണ്ടാതിരുന്നവരാണ് ഇപ്പോള്‍ സര്‍ക്കാരിനെ ന്യായീകരിക്കുന്ന അഭിപ്രായങ്ങളുമായി രംഗത്ത് വരുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു.

കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ടു അമേരിക്കന്‍ ഗായിക റിഹാന രംഗത്ത് എത്തിയതോടെ ആഗോള തലത്തിലുള്ള സെലിബ്രിറ്റികളും സമരത്തിന് അനുകൂല നിലപാടുമായി വന്നത്. ബോളിവുഡില്‍ നിന്നും പഞ്ചാബി ഗായകന്‍ ദില്‍ജിത്, പ്രിയങ്ക ചോപ്ര, സ്വര ഭാസ്‌കര്‍, സോനു സൂദ്, സോനം കപൂര്‍, താപ്‌സി പന്നു തുടങ്ങിയവര്‍ മാത്രമാണ് സമരത്തെ പിന്തുണച്ചത്.

അഭിപ്രായങ്ങള്‍ പറയുന്നതിന് മുന്‍പ് വസ്തുതകള്‍ മനസ്സിലാക്കണമെന്നും ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ സെലിബ്രിറ്റികളുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലെന്നും വിദേശ മന്ത്രാലയം വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ പിന്തുണച്ചുകൊണ്ടു അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി, സംവിധായകന്‍ കരണ്‍ ജോഹര്‍, ഗായകന്‍ കൈലാഷ് ഖേര്‍ തുടങ്ങിയവര്‍ പ്രതികരണവുമായി എത്തി. 'കൃഷിക്കാര്‍ നമ്മുടെ രാജ്യത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ വ്യക്തമാണ്. വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശ്രദ്ധ കൊടുക്കുന്നതിന് പകരം സൗഹാര്‍ദ്ദപരമായ പരിഹാരത്തെ പിന്തുണയ്ക്കാം .' ഇതായിരുന്നു അക്ഷയ് കുമാറിന്റെ ട്വീറ്റ്.

പോപ് ഗായിക റിഹാനയ്ക്ക് പുറമെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ്, അമേരിക്കന്‍ പരിസ്ഥിതി ആക്ടിവിസ്റ്റ് ജാമി മര്‍ഗോളിന്‍, മിയ ഖലീഫ, മോഡല്‍ അമാന്‍ഡ കെറി തുടങ്ങിയവരാണ് പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയ പ്രമുഖര്‍. കര്‍ഷക സമരത്തെ പിന്തുണച്ചുള്ള ഇവരുടെ ട്വീറ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണവുമായി വന്നത്. കര്‍ഷക സമരത്തെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ ഉള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ട്വിറ്ററിന് നോട്ടീസ് നല്‍കിയിരുന്നു. രാജ്യാന്തര സെലിബ്രിറ്റികളുടെ പ്രചരണത്തിന് ബദലായി 'ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപ്പഗണ്ട' എന്ന ഹാഷ്ടാഗില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാമ്പയിന്‍ തുടങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിവെച്ച കാമ്പയിന്‍ ബോളിവുഡ് താരങ്ങളും മറ്റ് സെലിബ്രിറ്റികളും ഏറ്റെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in