വിഭാഗീയ നിലപാടുകള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പിന്തുണയില്ല, മത പുരോഹിതര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ജാഗ്രത വേണമെന്ന് ഷാഫി പറമ്പില്‍

വിഭാഗീയ നിലപാടുകള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പിന്തുണയില്ല, മത പുരോഹിതര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ജാഗ്രത വേണമെന്ന് ഷാഫി പറമ്പില്‍

വിഭാഗീയ, വിഭജന നിലപാടുകള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പിന്തുണ കൊടുക്കില്ലെന്ന് ഷാഫി പറമ്പില്‍. മത പുരോഹിതരും രാഷ്ട്രീയ നേതാക്കളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

താലിബാന്‍ വിസ്മയം എന്ന് പറയുന്നവരും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ വാദിക്കുന്നവരും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. വിഷയത്തില്‍ സംഘടനയുമായി ആലോചിക്കാതെ പ്രതികരണം നടത്തിയ നേതാവിനെതിരെ കോട്ടയം ജില്ലാ കമ്മിറ്റി നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

ലൗ ജിഹാദ് മാതൃകയില്‍ നാര്‍കോടിക് ജിഹാദ് ഉണ്ടെന്നും അമുസ്ലിങ്ങളെ ജിഹാദികള്‍ തട്ടിക്കൊണ്ടുപോകുന്നുവെന്നുമുള്ള പാലാ ബിഷപ്പിന്റെ വിദ്വേഷ വാദത്തെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയെത്തിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഷാഫി പറമ്പിലിന്റെ വിശദീകരണം.

ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നീ വിഷയങ്ങളില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത് ഒരു സാമൂഹ്യ വിപത്തിനെ കുറിച്ചുള്ള ആശങ്കയാണെന്ന് യൂത്ത് കോണ്‍ഗ്രസ്. ഈ വിഷയത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു കൊണ്ടുവരുവാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും പാലാ മണ്ഡലം കമ്മിറ്റി പറഞ്ഞിരുന്നു.

അതിന് തയ്യാറാകാതെ മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനുള്ള ശ്രമങ്ങള്‍ പൊതു സമൂഹം തിരിച്ചറിയണമെന്നും, പാലായുടെ അഭിവന്ദ്യ മെത്രാനെ ഒരു സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കുന്ന പ്രചാരണങ്ങളെ ചെറുക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പറഞ്ഞിരുന്നു.

ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗം

'ഇളം പ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകള്‍, കോളേജുകള്‍, ട്രെയിനിങ്ങ് സെന്ററുകള്‍ എന്നുവേണ്ട ഒരുവിധം ആളുകള്‍ കൂടുന്നിടത്തെല്ലാം തീവ്രവാദ ചിന്താഗതിക്കാരായ ജിഹാദികള്‍ വലവിരിച്ചിട്ടുണ്ട് എന്ന് നമ്മള്‍ തിരിച്ചറിയേണ്ട സമയം കടന്നുപോയെന്ന് ഞാന്‍ വിചാരിക്കുകയാണ്.

കേരളത്തില്‍ ലൗ ജിഹാദില്ല എന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ വെറുതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. നാര്‍ക്കോട്ടിക് ഡ്രഗ് ജിഹാദാണ്. അമുസ്ലിങ്ങളായവരെ മയക്കുമരുന്നിന് അടിമയാക്കി അവരുടെ ജീവിതം നശിപ്പിച്ചു കളയുന്നവരെയാണ് നാര്‍ക്കോട്ടിക്ക് ജിഹാദ് അഥവാ ഡ്രഗ് ജിഹാദെന്ന് നമ്മള്‍ പറയുന്നത്. വര്‍ദ്ധിച്ചുവരുന്ന കഞ്ചാവ് മയക്കുമരുന്ന് കച്ചവടങ്ങള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് എന്നത് വ്യക്തമാണല്ലോ,'' പാലാ ബിഷപ്പ് പറഞ്ഞു.

ആയുധം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതെന്നതുള്‍പ്പെടെയുള്ള വിദ്വേഷ പ്രസ്താവനകളാണ് കല്ലറങ്ങാട്ട് നടത്തിയത്. നിമിഷയുടെയും സോണിയ സെബാസ്റ്റ്യന്റെയും പേര് എടുത്ത് ഉപയോഗിച്ചായിരുന്നു കല്ലറങ്ങാട്ടിന്റെ പ്രതികരണം. കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണം എന്നും കല്ലറങ്ങാട്ട് പറഞ്ഞു.

വിമര്‍ശനവുമായി വി.ഡി സതീശന്‍

നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിലെ ക്രിസ്ത്യന്‍ മുസ്ലിം വിഭാഗീയതയ്ക്ക് വേണ്ടിയാണ് അവര്‍ ശ്രമിക്കുന്നതെന്നും സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് സംഘപരിവാര്‍ അനുഭാവികളാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

'' സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തിലേക്ക് വിഷയം വളര്‍ത്തരുത്. കേരളത്തില്‍ സമുദായ സംഘര്‍ഷം ഉണ്ടാകാതെ നോക്കണം. സമുദായ മൈത്രി നിലനില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ചിലര്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ മാത്രം ശ്രമിക്കുകയാണ്,'' വി.ഡി സതീശന്‍ പറഞ്ഞു.

അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ നന്നല്ലെന്ന് വിശദീകരിച്ച സതീശന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും പ്രശ്നം വഷളാകാതെ നോക്കണമെന്നും നിര്‍ദേശിച്ചു. സംഘപരിവാര്‍ അജണ്ടയില്‍ ഇരുവിഭാഗങ്ങളും പെട്ടു പോകരുതെന്നാണ് തനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘപരിവാര്‍ എന്തെങ്കിലും വീണ് കിട്ടാന്‍ കാത്തു നില്‍ക്കുകയാണ്. അത് ബിഷപ്പ് പറഞ്ഞതിന്റെ അപ്പുറത്തേക്ക് പോകും. അദ്ദേഹം പറഞ്ഞ രീതിയിലൊന്നുമായിരിക്കില്ല ഇതൊന്നും കൈകാര്യം ചെയ്യാന്‍ പേകാുന്നത്.

അതിന്റെ അപ്പുറത്തേക്കും വിഷയം പോകും. സമൂഹത്തില്‍ ഇസ്ലാം വിരുദ്ധത സൃഷ്ടിക്കാനാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ശ്രമിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. പാലാ ബിഷപ്പിനെതിരെ ഉയരുന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങളും എതിര്‍ക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in