സെക്രട്ടറിയേറ്റ് തീപ്പിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

സെക്രട്ടറിയേറ്റ് തീപ്പിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപ്പിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫൊറന്‍സിക് വിഭാഗം. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തീപ്പിടുത്തം നടന്ന മുറിയിലെ 24 വസ്തുക്കള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പരിശോധനയ്ക്ക് ശേഖരിച്ച സാമ്പിളുകളില്‍ ഒന്നില്‍ പോലും തീപ്പിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നതിന് തെളിവില്ല. പ്രസ്തുത മുറിയിലെ ഫാന്‍, സ്വിച്ച് ബോര്‍ഡ് എന്നിവ കത്തിയിട്ടുണ്ട്. എന്നാല്‍ സാനിറ്റൈസറിന് തീപ്പിടിച്ചിട്ടില്ല.

ഫയര്‍ എക്സ്റ്റിംഗ്യുഷര്‍ അടക്കം പരിശോധിച്ചതിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ എങ്ങനെയാണ് തീപ്പിടുത്തമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുമില്ല. തീപ്പിടുത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ട് അന്വേഷണ സംഘങ്ങളെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. പൊലീസ് സംഘവും, വിദഗ്ധ സമിതിയുമാണ് സംഭവം പരിശോധിക്കുന്നത്.

തീപ്പിടുത്ത കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ഇതിനെ പൂര്‍ണമായി നിരാകരിക്കുന്നതാണ് ശാസ്ത്രീയ പരിശോധനാഫലം. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായാണ് ഫൊറന്‍സിക്‌ വിഭാഗം പരിശോധന നടത്തിയത്. ആദ്യം ഡിജിപിക്ക് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് അദ്ദേഹം അന്വേഷണസംഘത്തിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് കേസ് ഡയറിക്കൊപ്പം ഫൊറന്‍സിക് റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കുകയുമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in