സ്‌കൂളില്‍ ആര്‍.എസ്.എസ് പരിശീലനം, അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് മര്‍ദ്ദനം

സ്‌കൂളില്‍ ആര്‍.എസ്.എസ് പരിശീലനം, അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് മര്‍ദ്ദനം

സ്‌കൂളില്‍ ആര്‍.എസ്.എസ് പരിശീലന പരിപാടി നടത്തുന്നതറിഞ്ഞ് അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് മര്‍ദ്ദനം. കോയമ്പത്തൂരിലെ വിലാങ്കുറിച്ചിയിലെ സ്‌കൂളിലാണ് പൊലീസുകാരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഡിസംബര്‍ 31നായിരുന്നു സംഭവം.

സ്‌കൂളില്‍ ആര്‍.എസ്.എസ് പരിശീലനം നടക്കുന്നെന്ന് അറിഞ്ഞാണ് പൊലീസുകാര്‍ അന്വേഷിക്കാനെത്തിയത്. ആര്‍.എസ്.എസിന്റെ പരിശീലന പരിപാടി നടക്കുന്നതറിഞ്ഞ് നം തമിഴര്‍ പാര്‍ട്ടിയുട പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ സ്ഥലത്ത് പൊലീസിനെ വിന്യസിക്കുകയായിരുന്നു.

ഡെപ്യൂട്ടി കമ്മീഷണര്‍ ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംഘം സ്‌കൂളിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇവരെ തടയുകയായിരുന്നു. ഇതാണ് പൊലീസും ആര്‍.എസ്.എസ് പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്.

അതേസമയം സ്‌കൂളിനകത്തേക്ക് പ്രവേശിക്കാന്‍ പൊലീസിന് ഉദ്ദേശമുണ്ടായിരുന്നില്ലെന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞത്.

'സ്‌കൂള്‍ പരിസരത്തിനകത്തേക്ക് കയറാന്‍ ഞങ്ങള്‍ക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല. പ്രശ്‌നം ഉണ്ടാക്കാതെ അകത്തേക്ക് പോകാന്‍ ആര്‍.എസ്.എസുകാരോട് പറഞ്ഞെങ്കിലും അവര്‍ അത് അനുസരിച്ചില്ല. അതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്,' ഡിസിപി പറഞ്ഞു.

സ്‌കൂളില്‍ വെച്ച് ആര്‍.എസ്.എസ് പരിശീലനം നല്‍കാന്‍ അനുമതി നല്‍കിയതിനെതിരെ തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം അടക്കമുള്ള സംഘടനകള്‍ ജില്ലാ മുഖ്യ വിദ്യാഭ്യാസ ഓഫീസര്‍ എന്‍ ഗീതയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

എസ്.പി ടി. രാജ്കുമാറിന്റെ പരാതിയില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും ഹിന്ദു മുന്നണി ജില്ലാ സെക്രട്ടറിക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് കേസ്.

അതേസമയം സ്‌കൂളിലെ ആര്‍.എസ്.എസ് പരിപാടിക്കെതിരെ പ്രതിഷേധിച്ച നാം തമിഴര്‍ പാര്‍ട്ടി, ടി.പി.ഡി.കെ പ്രവര്‍ത്തകരെയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

The Cue
www.thecue.in