പ്രതിഷേധം വിജയം; ലൈംഗിക പീഡനകേസില്‍ ഡോ.സുനില്‍കുമാര്‍ അറസ്റ്റില്‍

പ്രതിഷേധം വിജയം; ലൈംഗിക പീഡനകേസില്‍ ഡോ.സുനില്‍കുമാര്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ അസിസ്റ്റന്റ് പ്രൊഫസറും ചലച്ചിത്ര സംവിധായകനുമായ ഡോ.എസ് സുനില്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വെസ്റ്റ് പൊലീസാണ് സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ കണ്ണൂരില്‍ നിന്നായിരുന്നു അറസ്റ്റ്. സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു

ഡോ.സുനില്‍കുമാര്‍ സൗഹൃദം സ്ഥാപിച്ച് ലൈംഗികമായി പീഡിപ്പിച്ചതായും ക്രൂരമായ മാനസിക പീഡനത്തിന് വിധേയമാക്കിയെന്നും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിരുന്നു. സുനില്‍കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും കാമ്പസില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികള്‍ കുറച്ച് ദിവസങ്ങളായി സമരത്തിലായിരുന്നു

പരാതിയില്‍ സുനില്‍ കുമാറിനെ ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതി വൈസ് ചാന്‍സലര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് കൈമാറിയതായും കാലിക്കറ്റ് സര്‍വകലാശാലയുടെ ഉത്തരവില്‍ അറിയിച്ചിരുന്നു. ഗസ്റ്റ് അധ്യാപകനായെത്തിയ രാജാ വാര്യര്‍ ശാരീരിക അതിക്രമം നടത്തിയെന്നും പൊലീസില്‍ പരാതിയുണ്ട്.

ക്രൂരമായ ലൈംഗിക അതിക്രമം, മാനസിക പീഢനം

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വീട്ടില്‍ പോകാന്‍ സാധിക്കാതിരുന്നപ്പോള്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡീന്‍ ആയ ഡോ.സുനില്‍കുമാറിന്റെയും പങ്കാളിയുടെയും വീട്ടില്‍ വിദ്യാര്‍ത്ഥിനി താമസിച്ചിരുന്നു. ജനുവരി 21ന് പങ്കാളി വീട്ടില്‍ ഇല്ലാത്ത സമയത്ത് ഡോ.സുനില്‍കുമാര്‍ ബലംപ്രയോഗിച്ച് ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന് പരാതിക്കാരി. പേടി മൂലം ഇക്കാര്യം സുഹൃത്തുക്കളോട് പറയാന്‍ സാധിച്ചില്ല. നേരത്തെയും സുനില്‍കുമാര്‍ മദ്യപിച്ച് ലൈംഗിക ചുവയോടെ സംസാരിക്കാറുണ്ടായിരുന്നു.

ലൈംഗിക പീഡനത്തിന് പിന്നാലെ ഡോ.സുനില്‍കുമാര്‍ എന്ന അധ്യാപകന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാട്ടി ഫെബ്രുവരി 13ന് അതിജീവിത ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. നടന്ന കാര്യങ്ങളെല്ലാം പുറത്ത് പറയരുതെന്നും അങ്ങനെ സംഭവിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അധ്യാപകന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാരണത്താലാണ് ഇത്രയും കാലം നേരിടേണ്ടിവന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പുറത്ത് പറയാതിരുന്നതെന്നും അതിജീവിത പരാതിയില്‍ പറയുന്നു. ഒരു മുന്നറിയിപ്പും കൂടാതെ വിദ്യാര്‍ഥിനിയെ മറ്റ് അധ്യാപകരടങ്ങുന്ന സംഘം മീറ്റിങ്ങിന് വിളിച്ചിരുന്നു. അവിടെവച്ച് നേരിടേണ്ടിവന്ന മോശം അനുഭവത്തെത്തുടര്‍ന്നാണ് തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് വിദ്യാര്‍ഥിനി തുറന്നുപറയാന്‍ തയാറായത്

മാനസിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലായ ഘട്ടത്തില്‍ സുനില്‍ കുമാര്‍ സന്ദര്‍ശിച്ചത് അവരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയെന്നും സഹപാഠികള്‍. മാനസിക സ്ഥിരതയില്ലാതെ വിദ്യാര്‍ത്ഥിനി ആരോപണം ഉന്നയിച്ചെന്നാണ് സുനില്‍കുമാര്‍ സഹപാഠികളോട് പറഞ്ഞത്.

വനിതാ മജിസ്ട്രേറ്റുമാരുടെ അഭാവത്തില്‍ പുരുഷ ഉദ്യോഗസ്ഥരുടെ മുന്നില്‍ മൊഴി കൊടുക്കാനും പെണ്‍കുട്ടിയെ പൊലീസ് നിര്‍ബന്ധിച്ചുവെന്നും അഭിഭാഷക പറയുന്നു. പുരുഷന്മാര്‍ക്ക് മുന്നില്‍ പെണ്‍കുട്ടി കംഫര്‍ട്ടബിള്‍ അല്ലെന്ന് അറിയിച്ചിരുന്നു. രണ്ട് വനിതാ മജിസ്ട്രേറ്റുമാര്‍ ലീവിലാണ്, തുടര്‍ന്നാണ് 164 പ്രകാരമുള്ള മൊഴി പുരുഷന്മാരായ ഉദ്യോഗസ്ഥരുടെ മുന്നില്‍ കൊടുക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതെന്നും ആശ ദ ക്യൂവിനോട് പറഞ്ഞു. ഇനി രണ്ട് ദിവസത്തിന് ശേഷം വനിതാ മജിസ്ട്രേറ്റിന് മുന്നിലായിരിക്കും മൊഴി രേഖപ്പെടുത്തുക.

Related Stories

No stories found.
logo
The Cue
www.thecue.in