വഖഫ് ഭേദഗതി നിയമത്തിലെ സുപ്രധാന നിര്‍ദേശങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി, ഇടക്കാല ഉത്തരവില്‍ കേന്ദ്രത്തിന് തിരിച്ചടി

supreme court 
supreme court google
Published on

ദേശീയ തലത്തില്‍ വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായ വഖഫ് ഭേദഗതി നിയമത്തിലെ സുപ്രധാന നിര്‍ദേശങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഏകപക്ഷീയമായ അധികാര പ്രയോഗത്തിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്. നിയമ ഭേദഗതിയെ പൂര്‍ണ്ണമായും സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല. അതേസമയം വിവാദ നിര്‍ദേശങ്ങളാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായി, ജസ്റ്റിസ് എ.ജി.മാസി എന്നിവരുടെ ബെഞ്ചാണ് നിയമ ഭേദഗതിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വഖഫ് നിര്‍ദേശിക്കാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഇസ്ലാം വിശ്വാസിയായിരിക്കണം എന്ന വ്യവസ്ഥ, വഖഫ് ഭൂമിയില്‍ തീരുമാനം എടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥ തുടങ്ങിയവ അടക്കമാണ് സ്റ്റേ ചെയ്തിരിക്കുന്നത്.

supreme court 
എന്റെ ആരോപണങ്ങള്‍ പി.കെ.ഫിറോസ് നിഷേധിച്ചിട്ടില്ലല്ലോ? ഡോ. കെ.ടി.ജലീല്‍ അഭിമുഖം

സുപ്രീം കോടതി നിര്‍ദേശങ്ങള്‍

1. വഖഫ് നല്‍കണമെങ്കില്‍ അഞ്ച് വര്‍ഷമെങ്കിലും ഇസ്ലാം വിശ്വാസിയായിരിക്കണം എന്ന് നിയമ ഭേദഗതിയില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥ കോടതി സ്‌റ്റേ ചെയ്തു. ഭൂമി വഖഫ് ആയി പ്രഖ്യാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ചട്ടങ്ങള്‍ രൂപീകരിച്ചില്ലെങ്കില്‍ ഏകപക്ഷീയമായ അധികാര പ്രയോഗമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. ചട്ടങ്ങള്‍ രൂപീകരിക്കുന്നത് വരെയാണ് സ്റ്റേ.

2. വഖഫ് ഭൂമിയുടെ നിര്‍ണ്ണയത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയ അധികാരങ്ങള്‍ക്ക് സ്റ്റേ. സര്‍ക്കാര്‍ ഭൂമി കയ്യേറി വഖഫ് നല്‍കിയിട്ടുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ കളക്ടറെ നിയോഗിക്കാമെന്ന വ്യവസ്ഥയിലാണ് കോടതിയുടെ ഇടപെടല്‍. കയ്യേറ്റം അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ കളക്ടറുടെ തീരുമാനം അനുസരിച്ച് ഭൂമി വഖഫ് അല്ലെന്ന് പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുന്ന വ്യവസ്ഥയായിരുന്നു ഭേദഗതിയില്‍ ഉണ്ടായിരുന്നത്. ഭൂമിയുടെ അധികാരത്തില്‍ കോടതിയോ ട്രൈബ്യൂണലോ തീരുമാനം എടുക്കുന്നത് വരെ അത് വഖഫ് ആയിത്തന്നെ തുടരും. ഭൂമിയുടെ അധികാരം നിര്‍ണ്ണയിക്കാന്‍ കളക്ടര്‍മാരെ അനുവദിക്കുന്നത് അധികാര വിഭജനം എന്ന സങ്കല്പത്തിന് എതിരാകുമെന്നും പൗരന്‍മാരുടെ അവകാശങ്ങള്‍ നിര്‍ണ്ണയിക്കാന്‍ എക്‌സിക്യൂട്ടീവിനെ അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

3. കേന്ദ്ര വഖഫ് കൗണ്‍സിലില്‍ അമുസ്ലീങ്ങളായ അംഗങ്ങളുടെ എണ്ണം നാലില്‍ കൂടാന്‍ പാടില്ലെന്നും സംസ്ഥാന ബോര്‍ഡുകളില്‍ മൂന്നില്‍ കൂടുതല്‍ അമുസ്ലീം അംഗങ്ങള്‍ പാടില്ലെന്നും നിര്‍ദേശം നല്‍കി. വഖഫ് നിയമ ഭേദഗതിയുടെ സെക്ഷന്‍ 9 അനുസരിച്ച് 22 അംഗ കേന്ദ്ര വഖഫ് കൗണ്‍സിലില്‍ നാലില്‍ കൂടുതല്‍ അമുസ്ലീം അംഗങ്ങള്‍ പാടില്ലെന്നാണ് കോടതിയുടെ നിര്‍ദേശം. സെക്ഷന്‍ 14 അനുസരിച്ച് രൂപീകരിക്കുന്ന സംസ്ഥാന വഖഫ് ബോര്‍ഡുകളിലെ 11 അംഗങ്ങളില്‍ അമുസ്ലീം അംഗങ്ങളുടെ എണ്ണം മൂന്നില്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദേശിച്ചു.

4. സംസ്ഥാന വഖഫ് ബോര്‍ഡുകളുടെ എക്‌സ് ഒഫീഷ്യോ സെക്രട്ടറിയായ സിഇഒ സ്ഥാനത്തേക്ക് മുസ്ലീങ്ങള്‍ അല്ലാത്തവരെയും നിയമിക്കാം എന്ന വ്യവസ്ഥയില്‍ കോടതി ഇടപെട്ടില്ല. സാധ്യമാകുമെങ്കില്‍ ഒരു മുസ്ലീമിനെ നിയമിക്കണം എന്ന നിര്‍ദേശമാണ് കോടതി മുന്നോട്ടു വെച്ചിരിക്കുന്നത്.

supreme court 
മോശം കുട്ടിക്കാലം കടക്കേണ്ടി വന്നത് കൊണ്ട് അരുന്ധതി റോയി രാജ്യത്തോട് വെറുപ്പുള്ളവളായോ?

രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ പുതിയതല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അതില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. കഴിഞ്ഞ ഏപ്രില്‍ 3നാണ് വഖഫ് ഭേദഗതി നിയമം ലോക്‌സഭ അംഗീകരിച്ചത്. തൊട്ടടുത്ത ദിവസം രാജ്യസഭയിലും ബില്‍ പാസായി. ഏപ്രില്‍ 5ന് തന്നെ രാഷ്ട്രപതി ബില്ലില്‍ ഒപ്പ് വെക്കുകയും ബില്‍ നിയമമായി മാറുകയും ചെയ്തു. മുസ്ലീങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് നിയമമെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ളാ ഖാന്‍, അസദുദ്ദീന്‍ ഒവൈസി, തൃണമൂല്‍ എംപി മഹുവ മൊയ്ത്ര, ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ്, മുസ്ലീം ലീഗ്, സമസ്ത, സിപിഎം, ഡിഎംകെ എന്നിങ്ങനെ നിരവധി കക്ഷികള്‍ സുപ്രീം കോടതിയെ സമീപിച്ചു. കേരള സര്‍ക്കാരും കേസില്‍ കക്ഷിചേരുന്നതിന് അപേക്ഷ നല്‍കിയിരുന്നു.

മുനമ്പം വഖഫ് ഭൂമി വിഷയവും വഖഫ് ഭേദഗതിയും

മുനമ്പത്തെ വഖഫ് ഭൂമി വിഷയം വഖഫ് ഭേദഗതി നിയമം നടപ്പിലാകുന്നതോടെ പരിഹരിക്കപ്പെടുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമരം നടത്തുന്ന മുനമ്പത്തെ ജനങ്ങളെ അറിയിച്ചിരുന്നത്. എന്നാല്‍ നിയമ ഭേദഗതിയും മുനമ്പത്തെ പ്രശ്‌ന പരിഹാരവും തമ്മില്‍ ബന്ധപ്പെടുത്താനാവില്ലെന്ന് ഏപ്രില്‍ 15ന് മുനമ്പത്തെത്തിയ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. മുനമ്പം ജനതക്ക് നീതി ലഭിക്കാന്‍ നിയമ ഭേദഗതിയിലൂടെ സാധിക്കുമെന്നായിരുന്നു പ്രധാനമന്ത്രി അടക്കം പറഞ്ഞിരുന്നത്. മുനമ്പത്തെ 404 ഏക്കര്‍ വരുന്ന ഭൂമി വഖഫ് ആണെന്ന് വഖഫ് ബോര്‍ഡ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ 600 ഓളം കുടുംബങ്ങളുടെ റവന്യൂ അധികാരങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ കരം അടക്കുന്നത് അടക്കമുള്ള അവകാശങ്ങള്‍ പുനസ്ഥാപിച്ചിരുന്നു. എങ്കിലും പ്രദേശത്ത് സമരം തുടരുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in