തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍; ബാബ രാംദേവിനും ബാലകൃഷ്ണയ്ക്കും സുപ്രീം കോടതിയുടെ താക്കീത്, കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍; ബാബ രാംദേവിനും ബാലകൃഷ്ണയ്ക്കും സുപ്രീം കോടതിയുടെ താക്കീത്, കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു
Published on

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതിയില്‍ ബാബ രാംദേവിനും സുപ്രീം കോടതിയുടെ താക്കീത്. കോടതിയലക്ഷ്യ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു. കോടതിയുത്തരവുകള്‍ ലംഘിക്കരുതെന്നും തെറ്റ് ആവര്‍ത്തിക്കരുതെന്നും ഇരുവര്‍ക്കും കോടതി താക്കീത് നല്‍കി. കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ക്ക് അനുസൃതമായി പെരുമാറണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവുകള്‍ ലംഘിച്ചതായി ശ്രദ്ധയില്‍പെട്ടാല്‍ നടപടികള്‍ പുനരാരംഭിക്കുമെന്ന താക്കീതും കോടതി നല്‍കി. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരുടെ ബെഞ്ചിന്റെതാണ് നടപടി. ഐഎംഎ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ മെയ് പതിനാലിന് വാദം അവസാനിപ്പിച്ച ശേഷം വിധി പറയുന്നതിനായി മാറ്റിയിരിക്കുകയായിരുന്നു. ബാബ രാംദേവും ബാലകൃഷ്ണയും നല്‍കിയ മാപ്പപേക്ഷ കോടതി അംഗീകരിച്ചു.

കോവിഡ് വാക്സിനേഷന്‍ പരിപാടിക്കും ആധുനിക വൈദ്യശാസ്ത്ര സമ്പ്രദായങ്ങള്‍ക്കുമെതിരെ പ്രചാരണം നടത്തിയതിനാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പതഞ്ജലിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. കോടതി വിമര്‍ശിച്ചതോടെ പരസ്യങ്ങള്‍ പിന്‍വലിക്കുന്നതായി പതഞ്ജലി 2023 നവംബറില്‍ അറിയിച്ചു. എന്നാല്‍ നിരോധിച്ച പരസ്യങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ ചാനലുകളില്‍ ലഭ്യമാണെന്ന് ചൂണ്ടിക്കാണിച്ച കോടതി അവയെ തടയുന്നതിനായി എന്തു നടപടി സ്വീകരിച്ചുവെന്ന് പതഞ്ജലിയോട് ചോദിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ കക്ഷികള്‍ക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു.

കേസില്‍ പ്രതികളെ രൂക്ഷമായ ഭാഷയില്‍ കോടതി പിന്നീട് ശാസിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരോധിച്ച പരസ്യങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ ചാനലുകളില്‍ ലഭ്യമാണെന്ന് ചൂണ്ടിക്കാണിച്ച കോടതി അവയെ തടയുന്നതിനായി എന്തു നടപടി സ്വീകരിച്ചുവെന്നും പതഞ്ജലിയോട് ചോദിച്ചു. മറുപടിയായി തങ്ങളുടെ പതിനാല് ഉല്‍പന്നങ്ങളുടെയും വില്‍പന നിര്‍ത്തിയതായി പതഞ്ജലി ആയുര്‍വേദ സുപ്രീം കോടതിയില്‍ അറിയിച്ചു. ഉല്‍പന്നങ്ങളെല്ലാം സ്റ്റോറുകളില്‍ നിന്ന് പിന്‍വലിക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ദേശം നല്‍കിയതായും പരസ്യം പിന്‍വലിക്കാന്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടതായും പതഞ്ജലി അറിയിച്ചു. 5506 ഫ്രാഞ്ചൈസികളാണ് രാജ്യമൊട്ടാകെ പതഞ്ജലിക്കുള്ളത്.

സോഷ്യല്‍ മീഡിയയില്‍ നിന്നുള്‍പ്പെടെ പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പരസ്യങ്ങള്‍ നീക്കം ചെയ്യാനുള്ള നിര്‍ദേശം പാലിച്ചോ എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശി്ച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കഴിഞ്ഞ ഏപ്രിലില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പതഞ്ജലിയുടെ പതിനാല് ഉല്‍പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കിയിരുന്നു. കേസ് ജൂലൈ 30ന് വീണ്ടും പരിഗണിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in