മഴവില്‍ നിറങ്ങളിലുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും പിടിച്ചെടുക്കുന്നു; സ്വവര്‍ഗാനുരാഗത്തിനെതിരെ നടപടിയുമായി സൗദി

മഴവില്‍ നിറങ്ങളിലുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും പിടിച്ചെടുക്കുന്നു; സ്വവര്‍ഗാനുരാഗത്തിനെതിരെ നടപടിയുമായി സൗദി

സ്വവര്‍ഗാനുരാഗത്തിനെതിരെ നടപടികളുമായി സൗദി അറേബ്യ. മഴവില്‍ നിറങ്ങളിലുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും പിടിച്ചെടുത്തുകൊണ്ടാണ് സൗദി സര്‍ക്കാര്‍ സ്വവര്‍ഗാനുരാഗത്തിനെതിരെ നടപടികളിലേക്ക് കടന്നിരിക്കുന്നത്.

സൗദി മീഡിയയായ അല്‍ എഖ്ബരിയ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തലസ്ഥാന നഗരമായ റിയാദിലെ കടകളില്‍ നിന്ന് മഴവില്‍ നിറങ്ങളിലുള്ള തൊപ്പികള്‍, പെന്‍സില്‍ ഇട്ടുവെക്കുന്ന പെട്ടികള്‍, ഉടുപ്പുകള്‍ തുടങ്ങി കുട്ടികള്‍ ഉപയോഗിക്കുന്ന വസ്തുക്കളാണ് കൂടുതലും കണ്ടുകെട്ടുന്നത്. സ്വവര്‍ഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് സൗദി വാണിജ്യ മന്ത്രാലയത്തിന്റെ നടപടി.

'ഇസ്ലാമിക വിശ്വാസത്തിനും പൊതുബോധത്തിനും വിരുദ്ധമായതും സ്വവര്‍ഗാനുരാഗവുമായി ബന്ധപ്പെട്ട് കുട്ടികളെ ആകര്‍ഷിക്കുന്നതിന് കാരണമാകുന്ന നിറത്തിലുള്ളതുമായ വസ്തുക്കളാണ് ഞങ്ങള്‍ പരിശോധിക്കുന്നത്,' വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പൊതു ധാരണയ്ക്ക് നിരക്കാത്ത തരത്തലുള്ള സൂചകങ്ങളും നിറങ്ങളുമുള്ള വസ്തുക്കള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നിയമ ലംഘനത്തിന് നടപടി നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രാലയത്തിന്റെ ട്വീറ്റില്‍ പറയുന്നുണ്ട്.

ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ച് പറയുന്ന സിനിമകളടക്കം സൗദി അറേബ്യയില്‍ നിരോധിച്ചിരുന്നു. ഡോക്ടര്‍ സ്‌ട്രേഞ്ച് എന്ന മാര്‍വെല്‍ ചിത്രത്തിലെ എല്‍.ജി.ബി.ടി.ക്യു സംബന്ധിച്ച വിവരങ്ങള്‍ നീക്കം ചെയ്യണമെന്ന് ഡിസ്‌നിയോട് സൗദി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡിസ്‌നി ഇത് നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മഴവില്‍ നിറത്തിലുള്ള വസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ നടപടി.

The Cue
www.thecue.in