'ഞാന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍', ഹലാലിനെതിരായ പോസ്റ്റ് പിന്‍വലിച്ച് സന്ദീപ് വാര്യര്‍

'ഞാന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍', ഹലാലിനെതിരായ പോസ്റ്റ് പിന്‍വലിച്ച് സന്ദീപ് വാര്യര്‍

ഹലാല്‍ വിവാദത്തിന് എതിരായ പോസ്റ്റ് പിന്‍വലിച്ച് ബി.ജെ.പി വക്താവ് സന്ദീപ് ജി. വാര്യര്‍. സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതോടെയാണ് സന്ദീപ് വാര്യര്‍ പോസ്റ്റ് പിന്‍വലിച്ചത്. താന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

'പാര്‍ട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ. കെ.സുരേന്ദ്രന്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനായ ഞാന്‍ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നു,' എന്നാണ് സന്ദീപ് വാര്യര്‍ പോസ്റ്റ് പിന്‍വലിച്ച് വിശദീകരിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കോഴിക്കോട്ടെ പ്രമുഖ റസ്റ്റോറന്റായ പാരഗണിനെതിരെ മത മൗലികവാദികള്‍ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ അക്രമണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വ്യക്തിപരമായ ഒരു പ്രതികരണം പങ്കുവെച്ചതെന്നാണ് സന്ദീപ് വാര്യരുടെ വിശദീകരണം. എന്നാല്‍ എന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങള്‍ അത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കുകയും പ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്‌തെന്നും സന്ദീപ് പറഞ്ഞു.

'ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസല്‍മാനും പരസ്പരം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത്' എന്നായിരുന്നു സന്ദീപ് വാര്യര്‍ പിന്‍വലിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്.

ഒരു സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും. ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരന്‍, അവിടേക്ക് പച്ചക്കറി നല്‍കിയിരുന്ന വ്യാപാരി, പാല്‍ വിറ്റിരുന്ന ക്ഷീരകര്‍ഷകന്‍, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ് ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ? അവരില്‍ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം. ഉത്തരവാദിത്തമില്ലാത്ത ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഒരു മനുഷ്യായുസിന്റെ പ്രയത്‌നമാണ് ഇല്ലാതാകുന്നത് എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നത്. വിഷയത്തില്‍ വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടതെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ പാര്‍ട്ടിക്കകത്ത് തന്നെ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോഴിക്കോട്ടെ പ്രമുഖ റസ്റ്റോറന്റായ പാരഗണിനെതിരെ മത മൗലികവാദികള്‍ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ അക്രമണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വ്യക്തിപരമായ ഒരു പ്രതികരണം പങ്കു വച്ചിരുന്നു . ആയിരത്തറനൂറ് തൊഴിലാളികളുള്ള ആ ഹോട്ടല്‍ ശൃംഖല കെട്ടിപ്പടുക്കാന്‍ അതിന്റെ ഉടമസ്ഥന്‍ ശ്രീ.സുമേഷ് ഗോവിന്ദ് എത്ര കഷ്ടപ്പെട്ടിരിക്കും എന്ന ചിന്തയില്‍ നിന്നാണ് ആ പോസ്റ്റ് ഇട്ടത്.

എന്നാല്‍ എന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങള്‍ അത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കുകയും പ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട്.

പാര്‍ട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ. കെ.സുരേന്ദ്രന്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനായ ഞാന്‍ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നു

Related Stories

No stories found.
logo
The Cue
www.thecue.in