സ്റ്റേഷന്‍ ജാമ്യം വേണ്ട, അറസ്റ്റിനെതിരെ പ്രതിഷേധിച്ച് സനല്‍ കുമാര്‍ ശശിധരന്‍

സ്റ്റേഷന്‍ ജാമ്യം വേണ്ട, അറസ്റ്റിനെതിരെ പ്രതിഷേധിച്ച് സനല്‍ കുമാര്‍ ശശിധരന്‍
സനല്‍കുമാര്‍ ശശിധരന്‍Cine Buster Magazine

നടി മഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പൊലീസിനെതിരെ പ്രതിഷേധത്തില്‍. ഇന്നലെ രാത്രിയോടെ ആരോഗ്യ പരിശോധനയ്ക്കു ശേഷം സ്റ്റേഷനില്‍ എത്തിച്ച് ജാമ്യം അനുവദിച്ചെങ്കിലും തനിക്കു സ്റ്റേഷന്‍ ജാമ്യം വേണ്ടെന്ന നിലപാടിലാണ് പ്രതി. നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റു ചെയ്തത്. അതുകൊണ്ട് കോടതിയില്‍ ഹാജരാക്കിയാല്‍ മതിയെന്നും അവിടെ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊള്ളാം എന്നുമുള്ള നിലപാടിലാണ് അദ്ദേഹം. പ്രതിയെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനുള്ള തയാറെടുപ്പിലാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയില്‍ നിന്നു പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ പ്രതിക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് തീരുമാനിച്ചെങ്കിലും രാത്രിയോടെ നിലപാടു മാറ്റി സ്റ്റേഷന്‍ ജാമ്യം അനുവദിക്കാവുന്ന ഐപിസി 345 ഡി മാത്രം ചുമത്തുകയായിരുന്നു. ഒരു സ്ത്രീയെ താല്‍പര്യം ഇല്ലെന്ന് അറിയിച്ചിട്ടും പിന്തുടരുകയോ ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ജാമ്യമില്ലാത്ത കുറ്റമാണെങ്കിലും അവിടെ പോലീസിന് തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് ജാമ്യം അനുവദിക്കാം. എന്നാല്‍ നോട്ടസ് തരാതെയുള്ള അറസ്റ്റിനെതിരെയാണ് പ്രതിഷേധമെന്ന സനല്‍ കുമാര്‍ അറിയിച്ചു.

സനല്‍കുമാര്‍ ശശിധരന്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ഇ-മെയിലിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും ബന്ധുക്കളും സുഹൃത്തുക്കളും വഴി നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തുവെന്നും ഇത് നിരസിച്ചതിലുള്ള വിരോധം കാരണം പ്രതി പിന്തുടര്‍ന്ന് വീണ്ടും ശല്യപ്പെടുത്തിയെന്നും മഞ്ജു വാര്യര്‍ പരാതിയില്‍ പറയുന്നു. പൊലീസ് എഫ്.ഐ.ആറില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മഞ്ജു നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്‍.