'കമ്യൂണിസ്റ്റുകള്‍ വിശ്വാസികളല്ല, കമ്യൂണിസം അപകടം', മഹല്ല് കമ്മിറ്റികളില്‍ കാമ്പയിനുമായി സമസ്ത

'കമ്യൂണിസ്റ്റുകള്‍ വിശ്വാസികളല്ല, കമ്യൂണിസം അപകടം', മഹല്ല് കമ്മിറ്റികളില്‍ കാമ്പയിനുമായി സമസ്ത

കമ്യൂണിസത്തിനെതിരെ മൂന്നു മാസത്തെ കാമ്പയിനുമായി സമസ്ത. കമ്യൂണിസം പതിയിരിക്കുന്ന അപകടമാണെന്നും കമ്യൂണിസ്റ്റുകാര്‍ അവിശ്വാസികളാണെന്നുമാണ് മഹല്ല് കമ്മിറ്റികളില്‍ നടത്തുന്ന കാമ്പയിനിലൂടെ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്.

മൂന്നുമാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന് 'ലൈറ്റ് ഓഫ് മിഹ്‌റാബ്' എന്നാണ് പേരിട്ടിരിക്കുന്നത്. കാമ്പയിനില്‍ മത വിശ്വാസത്തിനെതിരായി നിലപാട് എടുക്കുന്ന ആളുകള്‍ക്കെതിരെയുള്ള പ്രചാരണമാണ് ലക്ഷ്യമിടുന്നത്.

യുക്തിവാദികള്‍, നിരീശ്വരവാദികള്‍, കമ്യൂണിസ്റ്റുകാര്‍ എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും പ്രചാരണം നടത്താന്‍ ലക്ഷ്യമിടുന്നത്. കമ്യൂണിസ്റ്റുകാര്‍ക്കെതിരായ കാമ്പയിനുമായി ശക്തമായി മുന്നോട്ട് പോകാനാണ് സമസ്തയുടെ തീരുമാനം. കാമ്പയിനില്‍ സംസാരിക്കാനുള്ള പ്രഭാഷകരുടെ യോഗവും കഴിഞ്ഞദിവസം വിളിച്ചിരുന്നു.

യോഗത്തില്‍ സംസാരിക്കേണ്ട വിഷയങ്ങളെ സംബന്ധിച്ച് കുറിപ്പും പുറത്തിറക്കിയിരുന്നു. കമ്യൂണിസം പതിയിരിക്കുന്ന അപകടമാണെന്നും, രാഷ്ട്രീയപരമല്ല, ആദര്‍ശപരമായ വിയോജിപ്പാണ് കമ്യൂണിസത്തോടുള്ളതെന്നും സമസ്ത പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. പഴയകാല കമ്യൂണിസ്റ്റ് നേതാക്കള്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ മതവിശ്വാസികള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത് എന്നും കുറിപ്പില്‍ പറയുന്നു. മുന്‍ മന്ത്രി വി.എസ് അച്യുതാനന്ദന്‍ ചിന്ത വാരികയില്‍ 2004ല്‍ എഴുതിയ ലേഖനം മുന്‍ നിര്‍ത്തിയാണ് കമ്യൂണിസം വിശ്വാസികള്‍ക്കെതിരാണെന്ന കാര്യം പറയുന്നത്.

അതേസമയം കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിനുമായി സമസ്ത എന്ന തലക്കെട്ടില്‍ തന്റെ ഫോട്ടോ വെച്ച് വന്ന വാര്‍ത്തയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

മീഡിയ വണ്ണായിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സുന്നി മഹല്ല് ഫെഡറേഷന്റെ ലൈറ്റ് ഓഫ് മിഹ്‌റാബ് എന്ന പരിപാടിയില്‍ പങ്കെടുത്തെങ്കിലും ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടില്ലെന്നായിരുന്നു ജിഫ്‌രി തങ്ങള്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in