ചന്ദ്രിക ആഴ്ചപതിപ്പ് നിര്‍ത്തുന്നത് സാദിഖലി തങ്ങളും ബോര്‍ഡ് അംഗങ്ങളും അറിഞ്ഞില്ലെന്ന് ആരോപണം; ആഴ്ചപതിപ്പ് നിര്‍ത്തരുതെന്ന ആവശ്യം ശക്തം

ചന്ദ്രിക ആഴ്ചപതിപ്പ് നിര്‍ത്തുന്നത് സാദിഖലി തങ്ങളും ബോര്‍ഡ് അംഗങ്ങളും അറിഞ്ഞില്ലെന്ന് ആരോപണം; ആഴ്ചപതിപ്പ് നിര്‍ത്തരുതെന്ന ആവശ്യം ശക്തം

മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ പ്രസിദ്ധീകരണങ്ങളായ ചന്ദ്രിക ആഴ്ചപതിപ്പും മഹിളാ ചന്ദ്രികയും സാമ്പത്തിക പ്രതിസന്ധിമൂലം പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തുന്ന മാനേജ്‌മെന്റ് തീരുമാനം ചന്ദ്രിക എം.ഡിയും ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരും അറിഞ്ഞില്ലെന്ന് ആരോപണം.

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനും ചന്ദ്രികയുടെ എം.ഡിയുമായ സാദിഖലി തങ്ങള്‍, ചന്ദ്രികയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഇടി മുഹമ്മദ് ബഷീര്‍ എം.പി, എം.കെ മുനീര്‍ എം.എല്‍.എയും അടക്കമുള്ളവര്‍ ചന്ദ്രിക ആഴ്ചപതിപ്പിന്റെ പ്രസിദ്ധീകരണം നിര്‍ത്തുന്നത് സംബന്ധിച്ച് അറിഞ്ഞിട്ടില്ലെന്നും ഇവരുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും ചന്ദ്രികയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

സാദിഖലി തങ്ങളുമായി സംസാരിച്ചപ്പോള്‍ ചന്ദ്രികയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ അല്ല നിലനിര്‍ത്താനാണ് നോക്കേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ പ്രസിദ്ധീകരണങ്ങള്‍ നിര്‍ത്താനുള്ള തീരുമാനം അദ്ദേഹം അറിഞ്ഞിട്ടില്ലെന്ന കാര്യം ഉറപ്പാണെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

പ്രസിദ്ധീകരണങ്ങള്‍ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ ആറിനാണ് ചന്ദ്രിക മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയത്. 01-07-2022 മുതല്‍ മറ്റൊരു അനുകൂല സാഹചര്യം ഉണ്ടാകുന്നത് വരെ ഡിജിറ്റലായോ പ്രിന്റായോ ചന്ദ്രിക വീക്ക്‌ലി, മഹിളാ ചന്ദ്രിക എന്നിവ പ്രസിദ്ധീകരിക്കുന്നതല്ല എന്നാണ് നോട്ടീസില്‍ പ്രതിപാദിക്കുന്നത്.

ഡയറക്ടര്‍ ബോര്‍ഡിന് വേണ്ടി പി.എം.എ സമീര്‍ ആണ് നോട്ടീസ് പുറത്തിറക്കിയത്. എന്നാല്‍ മാനേജ്‌മെന്റ് നടപടിക്കെതിരെ എഴുത്തുകാരന്‍ പ്രേംചന്ദ് അടക്കമുള്ളവര്‍ രംഗത്തെത്തി.

'സി.എച്ച്. പത്രാധിപരായിരുന്ന ആഴ്ചപ്പതിപ്പാണ് ചന്ദ്രിക. അതിന്റെ കൊലപാതകം ലീഗ് നേതൃത്വം പോലും അറിഞ്ഞില്ലെന്നാണ് അറിയുന്നത്. ആ നിലക്ക് അതിനെ നിലനിര്‍ത്തുവാന്‍ ലീഗിന് ഉത്തരവാദിത്വമുണ്ട്. കേരളത്തിലെ പത്രപ്രവര്‍ത്തകരെ നയിച്ച മികച്ച സംഘടനാ നേതാവും മികച്ച മാധ്യമ പ്രവര്‍ത്തകനുമായ ഇന്നത്തെ ചന്ദ്രിക പത്രാധിപരായ കമാല്‍ വരദൂരിനും ഈ ദുരന്തം തടയാന്‍ ഉത്തരവാദിത്വമുണ്ട്,' എന്നാണ് പ്രേം ചന്ദ് വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.

ഒരാഴ്ചപ്പതിപ്പ് പോലും മര്യാദക്ക് വിറ്റ് നടത്തിക്കൊണ്ടുപോകാനാകാത്തവര്‍ എങ്ങനെ പ്രതിരോധിക്കാനാണ് വരുംകാല ഫാസിസങ്ങളെ? ചന്ദ്രികയെ വധിക്കരുതെന്നും സാദിഖലി തങ്ങള്‍ ഇടപെട്ട് പുനസ്ഥാപിക്കുമെന്നും പ്രേം ചന്ദ്ര് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് എം.എല്‍.എ, പി.വി. അബ്ദുള്‍ വഹാബ് എം.പി, അഡ്വ. പി.എം.എ സലാം, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടര്‍ന്നാണ് സാദിഖലി തങ്ങള്‍ ചന്ദ്രികയുടെ എം.ഡി സ്ഥാനത്തേക്കെത്തുന്നത്. ദ മുസ്ലിം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡിന്റെ എം.ഡിയും സാദിഖലി തങ്ങളാണ്.

The Cue
www.thecue.in