എംഎം മണി അപമാനിച്ചു, സമ്മേളനത്തില്‍ നിന്നും വിട്ട് നിന്നത് പരസ്യഅധിക്ഷേപം പേടിച്ചിട്ടെന്ന് എസ് രാജേന്ദ്രന്‍

എംഎം മണി അപമാനിച്ചു, സമ്മേളനത്തില്‍ നിന്നും വിട്ട് നിന്നത് പരസ്യഅധിക്ഷേപം പേടിച്ചിട്ടെന്ന് എസ് രാജേന്ദ്രന്‍

മുന്‍ മന്ത്രിയും എംഎല്‍എയുമായ എംഎം മണിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെവി ശശിയും അപമാനിച്ചെന്ന് ദേവികുളം മുന്‍ എം.എല്‍.എ എസ് രാജേന്ദ്രന്‍. പാര്‍ട്ടിയില്‍ നേരിടുന്ന അവഗണന ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറിയേറ്റിനും സംസ്ഥാന കമ്മിറ്റിക്കും രാജേന്ദ്രന്‍ അയച്ച കത്തിലാണ് അപമാനം നേരിട്ടതായി പറയുന്നത്.

എം.എം മണിയും കെ വി ശശിയും അപമാനിച്ചെന്നും വീട്ടിലിരിക്കാന്‍ പറഞ്ഞെന്നുമാണ് എസ് രാജേന്ദ്രന്‍ കത്തില്‍ ആരോപിക്കുന്നത്. പരസ്യ അധിക്ഷേപം പേടിച്ചാണ് താന്‍ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നതെന്നും രാജേന്ദ്രന്‍ കത്തില്‍ ആരോപിക്കുന്നു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശിയുടെ നേതൃത്വത്തില്‍ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടന്നു. ഇക്കാര്യം കേന്ദ്ര കമ്മിറ്റി അംഗങ്ങളെ അടക്കം അറിയിച്ചു. യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കെവി ശശി തന്നെ അപമാനിച്ചു. എം എം മണിയും അപമാനിച്ചു. എംഎല്‍എ ഓഫീസില്‍ വച്ച് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അറിയിച്ചപ്പോള്‍ എം എം മണി തന്നോട് പറഞ്ഞത് അച്ഛനെയും അമ്മയെയും കുടുംബത്തെയും നോക്കി വീട്ടിലിരിക്കാനാണ്. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ സഹായിച്ചാല്‍ തന്റെ സ്വഭാവം മാറുമെന്നും എം എം മണി പറഞ്ഞതായി എസ് രാജേന്ദ്രന്റെ കത്തില്‍ പറയുന്നു.

എസ് രാജേന്ദ്രന്‍ പലപ്പോഴായി പാര്‍ട്ടിക്ക് നല്‍കിയ കത്തുകളാണ് പുറത്ത് വന്നിരിക്കുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജില്ലാ നേതൃത്വത്തിന് പലതവണ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കിയിരിക്കുന്നത്.

രാജേന്ദ്രനെതിരെ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം രാജേന്ദ്രനെതിരെ സമ്മേളനത്തില്‍ നടപടിയൊന്നുമുണ്ടാകില്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് തീരുമാനം എടുക്കുന്നതെന്നുമാണ് സി.പി.ഐ.എം സംസ്ഥാന കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in