നിങ്ങളെത്ര കഴിവ് കെട്ടവരാണ്. കഴിവതും വേഗം കളമൊഴിഞ്ഞ് പ്രസ്ഥാനത്തെ രക്ഷിക്കൂ, കെ.സുരേന്ദ്രനെതിരെ ആര്‍.എസ്.എസ് നേതാവ്

നിങ്ങളെത്ര കഴിവ് കെട്ടവരാണ്. കഴിവതും വേഗം കളമൊഴിഞ്ഞ് പ്രസ്ഥാനത്തെ രക്ഷിക്കൂ, കെ.സുരേന്ദ്രനെതിരെ ആര്‍.എസ്.എസ് നേതാവ്

നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ കെ.സുരേന്ദ്രനെതിരെ തുറന്നടിച്ച് ആര്‍.എസ്.എസ് നേതാവ്. 'മോദി' കളിക്കാന്‍ ഒന്നിലധികം സീറ്റില്‍ മല്‍സരിക്കുകയും കൊച്ചു കേരളത്തില്‍ ഹെലികോപ്റ്ററില്‍ പറന്നു നടന്ന് കോമാളിത്തരം കാട്ടുകയായിരുന്നു കെ.സുരേന്ദ്രനെന്നാണ് സംഘപരിവാര്‍ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര പ്രകാശന്റെ ചുമതലയുള്ള ആര്‍.എസ്.എസ് നേതാവ് ഇ.എന്‍ നന്ദകുമാറിന്റെ പ്രതികരണം. മുതിര്‍ന്ന ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ സഹോദരന്‍ കൂടിയാണ് നന്ദകുമാര്‍.

ഓരോ തെരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങള്‍ തേടുന്ന ആര്‍ത്തിപിടിച്ച ഭാഗ്യാന്വേഷികള്‍. ഇവര്‍ തോല്‍വി അര്‍ഹിക്കുന്നുവെന്നും നന്ദകുമാര്‍. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ പദ്മനാഭനും സുരേന്ദ്രനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയുടെ തോല്‍വിയില്‍ നേതൃത്വം ഗൗരവമായ പരിശോധന നടത്തണം. പിണറായി വിജയനോട് കേരള ജനതക്കുള്ള താല്‍പ്പര്യം ഈ തെരഞ്ഞെടുപ്പില്‍ കണ്ടു. കെ.സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കാനുള്ള തീരുമാനം എന്തിനായിരുന്നുവെന്നതില്‍ വ്യക്തതയില്ലെന്നും സികെ പദ്മനാഭന്‍.

ഇ.എന്‍. നന്ദകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരഞ്ഞെടുപ്പ് കുട്ടിക്കളിയല്ല. അവസാനനിമിഷം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. നിഷ്‌ക്രിയരായ ഇവറ്റകളുടെ നോമിനേഷന്‍ തള്ളിപ്പോകുക. 'മോദി' കളിക്കാന്‍ ഒന്നിലധികം സീറ്റില്‍ മല്‍സരിക്കുക. കൊച്ചു കേരളത്തില്‍ ഹെലികോപ്റ്ററില്‍ പറന്നു നടന്ന് കോമാളിത്തരം കാട്ടുക. ഇ. ശ്രീധരന്‍ എന്ന മാന്യനെ പോലും അപമാനിക്കാന്‍ വിടുക. ഓരോ തെരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങള്‍ തേടുന്ന ആര്‍ത്തിപിടിച്ച ഭാഗ്യാന്വേഷികള്‍. ഇവര്‍ തോല്‍വി അര്‍ഹിക്കുന്നു.

അണക്കെട്ടുകള്‍ തുറന്നു വിട്ടയാളും സ്വര്‍ണം കള്ളക്കടത്ത് നടത്തിയെന്ന് പറയുന്നയാളും, സോളാര്‍ അഴിമതി നടത്തുന്നവരും, പാലത്തിലും പാവപ്പെട്ടവന്റെ കിറ്റിലും വരെ വെട്ടിപ്പ് നടത്തുന്നവരും, ഒക്കെ നിങ്ങളെക്കാള്‍ മെച്ചമെന്നു ജനങ്ങള്‍ വിധിക്കുന്നുവെങ്കില്‍ നിങ്ങളെത്ര കഴിവ് കെട്ടവരാണ്. മഹാരഥന്മാര്‍ സ്വജീവന്‍ നല്‍കി വളര്‍ത്തിയെടുത്ത മഹാപ്രസ്ഥാനത്തെ കുട്ടിക്കളിയില്‍ നശിപ്പിക്കല്ലേ. കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കൂ.

Related Stories

No stories found.
logo
The Cue
www.thecue.in