ആര്‍.എസ്.എസ് വേദിയില്‍ പങ്കെടുക്കുന്ന ചിത്രം പുറത്തുവിട്ടു, വോട്ട് കിട്ടാന്‍ കൂടിക്കാഴ്ച നടത്തി; വിഡി സതീശനെതിരെ ബിജെപി

ആര്‍.എസ്.എസ് വേദിയില്‍ പങ്കെടുക്കുന്ന ചിത്രം പുറത്തുവിട്ടു, വോട്ട് കിട്ടാന്‍ കൂടിക്കാഴ്ച നടത്തി; വിഡി സതീശനെതിരെ ബിജെപി

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ആര്‍.എസ്.എസ്. തെരഞ്ഞെടുപ്പില്‍ വോട്ട് തേടി വി.ഡി. സതീശന്‍ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു രംഗത്തെത്തി.

പറവൂരിലെ ആദ്യ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം രണ്ടാമത്തെ മത്സരത്തില്‍ തന്നെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.ഡി. സതീശന്‍ ആര്‍.എസ്.എസ് നേതാക്കളെ രഹസ്യമായി വന്ന് കണ്ടതെന്നാണ് ആര്‍.വി. ബാബു ആരോപിക്കുന്നത്. അന്ന് സതീശന് ആര്‍.എസ്.എസ് വെറുക്കപ്പെട്ട പ്രസ്ഥാനമായിരുന്നില്ലെന്നും ബാബു പറഞ്ഞു.

User

'ഭാരതീയ വിചാര കേന്ദ്രത്തിന്റെ പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത അക്കാലത്തെ സതീശന്‍ ഇന്നത്തെ അല്‍ സതീശനായിരുന്നില്ല. പറവൂരിലെ ആദ്യ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം രണ്ടാമത്തെ മത്സരത്തില്‍ തന്നെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ് നേതാക്കളെ രഹസ്യമായി വന്ന് കണ്ട അക്കാലത്തെ സതീശന് ആര്‍.എസ്.എസ് വെറുക്കപ്പെട്ട പ്രസ്ഥാനവുമായിരുന്നില്ല. മഹാത്മാ ഗാന്ധി വരെ ആര്‍.എസ്.എസ് പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കും തന്റെ മുഖ്യമന്ത്രി സ്വപ്നത്തിനും തടസ്സം സംഘ പരിവാര്‍ ശക്തികളാണെന്ന തിരിച്ചറിവ് സതീശനെ തെല്ലൊന്നുമല്ല വിറളി പിടിപ്പിക്കുന്നത്. ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്ന സതീശന്‍ ആര്‍.എസ്.എസ് വിരോധം വോട്ട് നേടിത്തരുമെന്ന് വിചാരിക്കുന്നു. പണം തട്ടിപ്പ് കേസില്‍ തന്റെ ആരാധ്യനായ നേതാവ് രാഹുലിനെ ഇഡി മുട്ടില്‍ നിര്‍ത്തുമ്പോള്‍ സതീശന് ആര്‍.എസ്.എസ് വിരോധം പാരമ്യതയിലെത്തുന്നു. കഴുതക്കാമം കരഞ്ഞ് തീര്‍ക്കട്ടെ എന്നാശിക്കാം,' ആര്‍.വി ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

വി.ഡി. സതീശന്‍ ആര്‍.എസ്.എസിനെതിരെ അപവാദ പ്രചരണം നടത്തുന്നത് മതമൗലിക വാദികളുടെ പിന്തുണ കിട്ടാനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞത്.

സജി ചെറിയാന്‍ ഭരണഘടനയ്ക്കെതിരെ പ്രസംഗിച്ചത് ഗുരുജി ഗോള്‍വാള്‍ക്കറുടെ പുസ്തകം വായിച്ചിട്ടാണെന്ന സതീശന്റെ ആരോപണം പച്ചക്കള്ളമാണ്. അതിനെതിരെ ആര്‍എസ്എസ് നേതൃത്വം നിയമനടപടി സ്വീകരിച്ചപ്പോള്‍ കള്ളം ഇനിയും പറയുമെന്ന് വെല്ലുവിളിക്കുകയാണ് സതീശന്‍ ചെയ്യുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരുന്ന് ഉത്തരവാദിത്വമില്ലാതെ എന്തൊക്കെയോ വിളിച്ചു പറയുകയാണ് സതീശന്‍ ചെയ്യുന്നത്. സി.പി.ഐ.എമ്മിനൊപ്പം ആര്‍.എസ്.എസും ഭരണഘടനയില്‍ വിശ്വസിക്കാത്തവരാണ് എന്നു കാണിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രം വിലപ്പോവില്ല. സംഘവും പരിവാര്‍ പ്രസ്ഥാനങ്ങളും ഒരിക്കലും ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ല, ഉയര്‍ത്തിപ്പിടിച്ചിട്ടേയുള്ളൂ. അടിയന്തരാവസ്ഥ നടപ്പാക്കിയ കോണ്‍ഗ്രസ് ഇപ്പോള്‍ ഭരണഘടനയുടെ സംരക്ഷകരാവുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വി.ഡി. സതീശന്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം പുറത്തുവിട്ട് ബി.ജെ.പി വൈസ് പ്രസിഡന്റ് സദാനന്ദന്‍ രംഗത്തെത്തി. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നാണ് വിഡി സതീശന്‍ പറഞ്ഞത്.

2006 ലെ ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂര്‍ മനക്കപ്പടി സ്‌കൂളില്‍ വച്ച് മതഭീകരവാദത്തെ കുറിച്ചു നടന്ന സെമിനാറില്‍ ഗോള്‍വര്‍ക്കറിന്റെ മുന്നിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി.ഡി. സതീശന്റെ ചിത്രവും ബിജെപി പുറത്തുവിട്ടിട്ടുണ്ട്.

User

മുന്‍ മന്ത്രി സജി ചെറിയാന്‍ മല്ലപ്പള്ളിയില്‍ നടത്തിയ വിവാദ പ്രസംഗം ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തിലുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം. ഈ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആര്‍.എസ്.എസ് നോട്ടീസ് നല്‍കിയത്.

സജി ചെറിയാന്‍ പറഞ്ഞതും ഗോള്‍വാള്‍ക്കറുടെ വിചാരധാരയില്‍ പറഞ്ഞതും സമാനമായ കാര്യങ്ങള്‍ തന്നെയെന്ന് വിശദീകരിച്ചാണ് വിഡി സതീശന്‍ രംഗത്തെത്തിയത്. ആര്‍.എസ്.എസ് നോട്ടീസിനെ അവജ്ഞയോടെ തള്ളുന്നുവെന്നും സതീശന്‍ പറഞ്ഞു.

അമേരിക്കയിലെയും ബ്രിട്ടണിലെ ഭരണഘടനകളിലെ ചില പ്രത്യേകതകള്‍ കൂട്ടിച്ചേര്‍ത്ത വികൃത സൃഷ്ടിയാണിത്, എന്നാണ് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ പറഞ്ഞിരിക്കുന്നതെന്ന് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് ഇന്ത്യാക്കാര്‍ പകര്‍ത്തിയെഴുതിയെന്ന സജി ചെറിയാന്റെ പരാമര്‍ശം ഇതുതന്നെയല്ലേ എന്നും സതീശന്‍ ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in