വിപണിയിൽ മൂക്കുകുത്തി അദാനിഗ്രൂപ്പ്, നഷ്ടം നാല് ലക്ഷം കോടി; ഫോർബ്‌സ് പട്ടികയിലും അദാനി താഴോട്ട്: ഹിൻഡൻബർഗ് ഇമ്പാക്ട്

വിപണിയിൽ മൂക്കുകുത്തി അദാനിഗ്രൂപ്പ്, നഷ്ടം നാല് ലക്ഷം കോടി; ഫോർബ്‌സ് പട്ടികയിലും അദാനി താഴോട്ട്: ഹിൻഡൻബർഗ് ഇമ്പാക്ട്

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസേർച് അദാനി ഗ്രൂപ്പിനെ കുറിച്ച് പുറത്തുവിട്ട ഗവേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് കമ്പനികൾക്ക് വൻ നഷ്ടം. രണ്ട് ദിവസം കൊണ്ട് നാല് ലക്ഷം കോടിയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് ബിസിനസ്സ് ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഫോബ്‌സിന്റെ ധനികരുടെ പട്ടികയിലും അദാനിക്ക് തിരിച്ചടി. നാലാം സ്ഥാനത്ത് നിന്ന് ഇപ്പോൾ ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഫോർബ്‌സ് പട്ടിക പ്രകാരം 22.6 ബില്യൺ ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 19 ശതമാനത്തോളമാണിത്.

ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ട് വാസ്തവവിരുദ്ധമാണെന്നും അന്വേഷണവും പഠനവും നടത്താതെയാണ് നിർമിച്ചിരിക്കുന്നതെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. ഇന്ത്യയിലെയും അമേരിക്കയിലെയും നിയമങ്ങൾക്ക് അനുസൃതമായി ഹിൻഡൻബർഗിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദാനിഗ്രൂപ്പ് പറഞ്ഞു. തുടർന്ന് ഹിൻഡൻബർഗിന്റെ ട്വിറ്റർ പേജിൽ അദാനിക്കുള്ള മറുപടി വന്നു. രണ്ട് വർഷത്തെ ഗവേഷണത്തിന്റെ ഫലമായാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. 106 പേജുകളും 32,000 വാക്കുകളും 720 ലേറെ അവലംബങ്ങളുമുള്ള റിപ്പോർട്ടിനെയാണ് ഗവേഷണം നടത്താത്ത റിപ്പോർട്ട് എന്ന് പറഞ്ഞിരിക്കുന്നത് എന്നും ട്വീറ്റിലുണ്ട്.

'ഞങ്ങൾ റിപ്പോർട്ട് പുറത്ത് വിട്ട് 36 മണിക്കൂറുകൾ പിന്നിട്ടിട്ടും ഞങ്ങളുയർത്തിയ ചോദ്യങ്ങൾക്കൊന്നും അദാനി മറുപടി പറഞ്ഞിട്ടില്ല. പകരം ഭീഷണി മുഴക്കുന്ന ചെയ്യുന്നത്. റിപ്പോർട്ടിന്റെ അവസാനത്തിൽ 88 ചോദ്യങ്ങൾ ഞങ്ങൾ അദാനിക്ക് മുന്നിലേക്ക് വെച്ചിരുന്നു. അതിനു കൃത്യമായ മറുപടി നൽകി അദാനിഗ്രൂപ്പിന് സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്ന് സ്ഥാപിക്കാൻ കഴിയുമെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷെ ഒരു ചോദ്യത്തിന് പോലും മറുപടി പറഞ്ഞിട്ടില്ല. പകരം ഞങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് പറയുന്നത്. ഞങ്ങളതിനെ സ്വാഗതം ചെയ്യുന്നു.' ട്വീറ്റിൽ പറയുന്നു.

അദാനിയുടെ പ്രതികരണം

റിപ്പോർട്ട് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും ഗവേഷണം നടത്താതെ ഉണ്ടാക്കിയതുമെന്നായിരുന്നു അദാനി ഗ്രൂപ്പ് പ്രതികരിച്ചത്. ഹിൻഡൻബർഗിനെതിരെ നടപടിക്കൊരുങ്ങുകയാണെന്നും അതിനുള്ള നിയമസാധുത പരിശോധിച്ച് വരികയാണെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.

'ഇന്ത്യയിലെ പരമോന്നത കോടതികൾ പരിശോധിച്ച് നിരസിച്ച വിവരങ്ങള് അടിസ്ഥാനത്തിലാണ് റിപ്പോർട്ട് ഉണ്ടാക്കിയിരിക്കുന്നത്. സെലക്ടീവായ തെറ്റായ വിവരങ്ങളുടെയും പഴകിയതും അടിസ്ഥാനരഹിതവും അപകീർത്തിപ്പെടുത്തുന്നതുമായ ആരോപണങ്ങളുടെ ക്ഷുദ്രകരമായ സംയോജനമാണ് ഈ റിപ്പോർട്ട്' അദാനി ഗ്രൂപ്പ് സിഎഫ്ഒ ജഗേശീന്ദർ സിങ് പറഞ്ഞു.

അദാനിക്കെതിരെ മുമ്പും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഡിസംബറിൽ ഗൗതം അദാനി ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞത്, 'ചില വിശകലന വിദഗ്ധർ തന്റെ ബിസിനസ്സ് യഥാർത്ഥത്തിൽ മനസ്സിലാക്കിയിട്ടില്ല. എന്റെ ബാങ്കുകൾ, എന്റെ ആഗോള നിക്ഷേപകർ എന്നിവയെക്കുറിച്ച് ആരാണ് മനസ്സിലാക്കുന്നത്. ഓരോ തവണയും അദാനിഗ്രൂപ്പ് വിപണിയിൽ വരുമ്പോൾ അവർ നിക്ഷേപിക്കാൻ ഇഷ്ടപ്പെടുന്നു. അങ്ങനെയാണ് ഞങ്ങൾ തുടർച്ചയായി വളരുന്നത്.' അദാനിയുടെ ആ ആത്മവിശ്വാസത്തെ കീഴ്മേൽ മറിച്ചിട്ടിരിക്കുകയാണ് ഹിൻഡൻബർഗ്. റിപ്പോർട്ട് വന്ന മണിക്കൂറുകൾക്കകം തന്നെ ഓഹരിവിപണിയിൽ അദാനിക്കമ്പനികൾ തകർന്നടിഞ്ഞു. ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്റർ കഴിഞ്ഞ വർഷം അദാനി ഗ്രൂപ്പിന്റെ ഡീലുകളുടെ സൂക്ഷ്മപരിശോധന വർധിപ്പിച്ചിട്ടുണ്ട്. കോടികളുടെ തട്ടിപ്പുകൾ അദാനിക്കെതിരെ ഉയർന്നുവരുമ്പോഴൊക്കെ കേന്ദ്ര സർക്കാർ അദാനിയെ സംരക്ഷിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ 2.45 ബില്യൺ ഡോളറിന്റെ സെക്കൻഡറി ഓഹരി വിൽപ്പനയ്‌ക്കിടയിലാണ് അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗിന്റെ റിപ്പോർട്ട്. അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ റിപ്പോർട്ടിന്റെ വരവോടെ ഉറപ്പിച്ച വിലയേക്കാൾ ഇടിഞ്ഞു. മൗറീഷ്യസിൽ നിന്നുള്ള നിക്ഷേപങ്ങളിലെ പുകമറയും അദാനിഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിപ്പോർട്ടിലുണ്ട്.

കോൺഗ്രസ്സിന്റെ പ്രതികരണം

യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിന്റെ കണ്ടെത്തലുകളിൽ സെബിയും ആർബിഐയും അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടു. ഒരു വ്യക്തിഗത ബിസിനസ് ഗ്രൂപ്പിനെക്കുറിച്ചുള്ള ഗവേഷണ റിപ്പോർട്ടിനോട് ഒരു രാഷ്ട്രീയ പാർട്ടി പ്രതികരിക്കില്ലെങ്കിലും അദാനി ഗ്രൂപ്പ് 'സാധാരണ ഗ്രൂപ്പല്ല' എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. മോദി സർക്കാർ തങ്ങളുടെ പ്രിയപ്പെട്ട ബിസിനസ് ഗ്രൂപ്പിന്റെ അവിഹിത പ്രവർത്തനങ്ങൾക്കെതിരെ കണ്ണടച്ചിരിക്കുകയാണ്. റിപ്പോർട്ടിലെ ആരോപണങ്ങൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കും. സെബിയും ആർബിഐയും അന്വേഷിക്കാൻ തയ്യാറാകണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in