മികച്ച യുണിവേഴ്‌സിറ്റിക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കാതെ ഗവര്‍ണര്‍ ; കേരള സര്‍വ്വകലാശാലയെ മാറ്റി നിര്‍ത്താനെന്ന് ആരോപണം

മികച്ച യുണിവേഴ്‌സിറ്റിക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കാതെ ഗവര്‍ണര്‍ ; കേരള സര്‍വ്വകലാശാലയെ മാറ്റി നിര്‍ത്താനെന്ന് ആരോപണം

മികച്ച യൂണിവേഴ്‌സിറ്റിക്കുള്ള കേരള ഗവര്‍ണര്‍ നല്‍കുന്ന ചാന്‍സലേഴ്‌സ് അവാര്‍ഡ് ഇതുവരെ പ്രഖ്യാപിക്കാത്തത് വിവാദത്തില്‍. 2021ല്‍ നല്‍കേണ്ട അവാര്‍ഡാണ് ഇതുവരെ പ്രഖ്യാപിക്കാത്തത്. ആറുകോടി രൂപയോളം ധനസഹായം ലഭിക്കുന്ന അവാര്‍ഡ് പ്രഖ്യാപിക്കാതിരിക്കുന്നതിലൂടെ കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്കു ലഭിക്കേണ്ടിയിരുന്ന വലിയ സാമ്പത്തിക സഹായമാണ് നഷ്ടമായത് എന്നും നേരത്തെ തന്നെ യോഗ്യതാ പട്ടികയില്‍ ഒന്നാമതെത്തിയിരുന്ന കേരളാ സര്‍വ്വകലാശാലയ്ക്ക് അവാര്‍ഡ് പ്രഖ്യാപിക്കാതിരിക്കുന്നതാണ് സംശയം സൃഷ്ടിക്കുന്നതെന്നുമാണ് ആരോപണം. NAAC ന്റെ A ++ ഗ്രേഡ് ലഭിച്ച ഏക സര്‍വകലാശാലയാണ് കേരളാ സര്‍വകലാശാല.

തിരുവനന്തപുരം സ്വദേശി ജി. രാജീവ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖയിലാണ് രാജ്ഭവന്‍ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. മൂന്നു ചോദ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. ഒന്ന് 2014 മുതലുള്ള അവാര്‍ഡ് ലഭിച്ച സര്‍വ്വകലാശാലകളുടെ വിവരങ്ങള്‍, രണ്ട്, 2021 ല്‍ അവാര്‍ഡിന് അര്‍ഹമായ സര്‍വ്വകലാശാല ഏതാണ്? മൂന്ന്, 2021 ലെ അവാര്‍ഡ് പ്രഖ്യാപിക്കാനുള്ള കാലതാമസം എന്തുകൊണ്ടാണ്? അവസാനത്തെ രണ്ടു ചോദ്യങ്ങള്‍ക്കുമായി, 2021 ലെ ചാന്‍സലേഴ്‌സ് അവാര്‍ഡിന് ഒരു സര്‍വ്വകലാശാലയെയും തെരഞ്ഞെടുത്തിട്ടില്ല എന്ന് ഒറ്റവരിയിലാണ് രാജ്ഭവന്‍ മറുപടി നല്‍കിയിരിക്കുന്നത്.

വരുന്ന മാര്‍ച്ച് 31നുള്ളില്‍ ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ഫണ്ട് നഷ്ടപ്പെടും എന്നിരിക്കെ ഇനിയും അവാര്‍ഡ് പ്രഖ്യാപിക്കാത്തതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന സംശയവും വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ചുരുക്കപ്പട്ടികയുണ്ടാക്കിയെങ്കിലും ഇതുവരെ അവാര്‍ഡ് പ്രഖ്യാപിച്ചില്ല എന്നാണ് കേരളാ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്.

2014 ല്‍ അന്നത്തെ ഗവര്‍ണര്‍ പി സദാശിവത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ മുന്നോട്ടു വച്ച ആശയമാണ് ചാന്‍സലേഴ്‌സ് അവാര്‍ഡ്. സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം നിലനിര്‍ത്തുക എന്നതാണ് ചാന്‍സലേഴ്‌സ് അവാര്‍ഡിന്റെ ലക്ഷ്യം. അവാര്‍ഡ് രണ്ടു വിഭാഗങ്ങളിലായാണ് നല്‍കുന്നത്. ഒന്ന് Established/ multi-disciplinary എന്ന വിഭാഗമാണ്. അതില്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍വ്വകലാശാലയ്ക്ക് അഞ്ചു കോടി രൂപയാണ് ഗവര്‍ണര്‍ സമ്മാനമായി നല്‍കുന്നത്. രണ്ടാമത്, പുതിയ വളര്‍ന്നുകൊണ്ടിരിക്കുന്ന സര്‍വ്വകലാശാലകള്‍ക്കുള്ള Emerging Young University / specialised university എന്ന വിഭാഗമാണ്. ഇത് ഒരു കോടി രൂപയുടെ അവാര്‍ഡാണ്.

2015 ല്‍ എസ്റ്റാബ്ലിഷ്ഡ് വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചത് കേരള യൂണിവേഴ്‌സിറ്റിക്കാണ്. ആ വര്‍ഷം എമേര്‍ജിങ് വിഭാഗത്തില്‍ അവാര്‍ഡ് നല്‍കിയിരുന്നില്ല. 2016 ലും 2018 ലും എം.ജി സര്‍വ്വകലാശാലയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്. 2017, 2019 വര്‍ഷങ്ങളില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് ലഭിച്ചു. ഏറ്റവും ഒടുവില്‍ 2020 ൽ നല്‍കിയ ചാന്‍സലേഴ്‌സ് അവാര്‍ഡ് ലഭിച്ചത് എം.ജി സര്‍വ്വകലാശാലയ്ക്കാണ്.

Related Stories

No stories found.
logo
The Cue
www.thecue.in