അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കിയതിനെതിരെ രേഖ രാജ് സുപ്രീം കോടതിയില്‍

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കിയതിനെതിരെ രേഖ രാജ് സുപ്രീം കോടതിയില്‍

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ദളിത് ആക്ടിവിസ്റ്റ് രേഖ രാജും എം.ജി സര്‍വകലാശാലയും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്‌സ് ആന്റ് ഡവലപ്‌മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറായുള്ള രേഖ രാജിന്റെ നിയമനം തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. റാങ്ക് പട്ടികയില്‍ രണ്ടാമതെത്തിയ നിഷ വേലപ്പന്‍ നായര്‍ക്ക് നിയമനം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഇതുവരെ സര്‍വകലാശാല നടപ്പാക്കിയില്ലെന്ന് ആരോപിച്ച് നിഷ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഓണ അവധിക്ക് ശേഷം ഈ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാന്‍ സാധ്യത നിലനില്‍ക്കേയാണ് സര്‍വകലാശാല അപ്പീലുമായി സുപ്രീം കോടതിയില്‍ എത്തിയത്.

മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ഗാന്ധിയന്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസറായുള്ള രേഖ രാജിന്റെ നിയമനത്തിനെതിരെ റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന്‍ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്. പി.എച്ച്.ഡിയുടെ മാര്‍ക്ക് തനിക്ക് നല്‍കിയില്ലെന്നും, റിസര്‍ച്ച് പേപ്പറുകള്‍ക്ക് അര്‍ഹതയുള്ളതിലധികം മാര്‍ക്ക് രേഖ രാജിന് നല്‍കി എന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. തുടര്‍ന്ന് ഹൈക്കോടതി നിയമനം റദ്ദാക്കുകയായിരുന്നു.

പി.എച്ച്.ഡിക്ക് ലഭിക്കേണ്ട ആറുമാര്‍ക്ക് സെലക്ഷന്‍ കമ്മിറ്റി നിഷ വേലപ്പന്‍ നായര്‍ക്ക് കണക്കാക്കിയിരുന്നില്ല. റിസര്‍ച്ച് പേപ്പറുകള്‍ക്ക് എട്ട് മാര്‍ക്കാണ് രേഖ രാജിന് നല്‍കിയത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച കോടതി മൂന്നു മാര്‍ക്കിന് മാത്രമേ രേഖ രാജിന് യോഗ്യത ഉളളുവെന്ന് കണ്ടെത്തി. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാര്‍, സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. രേഖാ രാജിന് പകരം നിഷ വേലപ്പന്‍ നായരെ നിയമിക്കാനും കോടതി ഉത്തരവിട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in