റേപ്പ് ജോക്കില്‍ മാപ്പ് പറയണം, ശ്രീജിത്ത് പണിക്കര്‍ക്കൊപ്പം ചാനല്‍ ചര്‍ച്ചക്കില്ലെന്ന് രശ്മിത രാമചന്ദ്രനും റെജി ലൂക്കോസും

റേപ്പ് ജോക്കില്‍ മാപ്പ് പറയണം, ശ്രീജിത്ത് പണിക്കര്‍ക്കൊപ്പം ചാനല്‍ ചര്‍ച്ചക്കില്ലെന്ന്  രശ്മിത രാമചന്ദ്രനും റെജി ലൂക്കോസും

കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച ഡിവൈഎഫ്ഐക്കാരെ കുറിച്ച് മോശം പരാമർശം നടത്തിയ ശ്രീജിത്ത് പണിക്കർക്കെതിരെ അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രൻ. കേരളത്തിൽ ഒരു കോവിഡ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് ബലാത്സംഗ തമാശയ്ക്ക് ക്ഷമാപണം നടത്തിയില്ലെങ്കിൽ ശ്രീജിത് പണിക്കർ പാനലിസ്റ്റായ ഒരു ചാനൽ സംവാദത്തിലും പങ്കെടുക്കില്ലെന്ന് രശ്മിത രാമചന്ദ്രൻ അറിയിച്ചു. ഇതേ നിലപാട് പ്രമോദ് പുഴങ്കര, ലാൽ കുമാർ എൻ, ആർ രാമകുമാർ, അഭിലാഷ് എം ആർ എന്നിവരും എടുക്കണമെന്നും അവരെ ടാഗ് ചെയ്ത് കൊണ്ട് രശ്മിത സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.

ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഇടത് നിരീക്ഷകരായ റെജി ലൂക്കോസും ഡോ. പ്രേംകുമാറും നേരത്തെ വ്യക്തമാക്കിയിരുന്നു.

റെജി ലൂക്കോസിന്റെ പ്രതികരണം; ”നിരവധി ചര്‍ച്ചകളില്‍ ഞാന്‍ ശ്രീജിത്ത് പണിക്കരോടൊപ്പം പങ്കെടുത്തിട്ടുണ്ട്. എന്റെ ഓര്‍മ്മ ശരിയാണങ്കില്‍ ഇദ്ദേഹത്തിന്റെ ആദ്യ ചാനല്‍ ചര്‍ച്ചയില്‍ ഞാനുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പല സംഘപരിവാര്‍ ബിജെപി അനുകൂല വ്യാഖ്യനങ്ങളെയും ഞാന്‍ ഘണ്ഡിക്കുകയും ശക്തമായി എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. താങ്കള്‍ ബിജെപി വക്താവാണന്ന് ഞാനാണ് ആദ്യമായി ഇദ്ദേഹത്തെ ഒരു ചര്‍ച്ചയില്‍ വിശേഷിപ്പിച്ചത്. നമ്മുടെ സംസ്‌കാരത്തെയും മനുഷ്വത്‌ന്വത്തേയും അതി നീചമായി പരിഹസിക്കുന്ന അധമ പ്രവര്‍ത്തിയാണ് ഇദ്ദേഹത്തിന്റെ FB പോസ്റ്റ്. വനിതയടക്കം രണ്ടു DY FI പ്രവര്‍ത്തകര്‍ കോവിഡ് ഗുരുതരമായ രോഗിയെ സ്വജീവന്‍ പോലും പണയം വച്ച് നിമിഷ നേരം കൊണ്ട് ബൈക്കില്‍ ഹോസ്പിറ്റലില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചതിനെതിരെയാണ് പണിക്കരുടെ ബലാല്‍സംഘ നിര്‍വചനത്തിലുള്ള അധിക്ഷേപം.”

പ്രേംകുമാറിന്റെ പ്രതികരണം: ”പിടഞ്ഞുമരിക്കാന്‍ പോവുന്നൊരു സഹജീവിയെ മരണത്തില്‍ നിന്നെടുത്തുകുതിക്കുന്ന മനുഷ്യരെ കാണ്‍കെ റേപ്പിന്റെ സാധ്യതകള്‍ നിരീക്ഷിച്ചു ചിരിക്കുന്നൊരാളിനോട് ഒരു തരത്തിലും സംവദിക്കാന്‍ എന്നെക്കൊണ്ടാവില്ല. ശ്രീജിത്ത് പണിക്കര്‍ ഉള്ളൊരു പാനലിലും ഇനി ഞാനുണ്ടാവില്ല. ഇതില്‍ക്കൂടുതലൊന്നുമില്ല; ഇതില്‍ക്കുറവുമില്ല.”

കഴിഞ്ഞ ദിവസം കൊവിഡ്19 രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തെക്കുറിച്ചുള്ള ശ്രീജിത്ത് പണിക്കരുടെ പ്രതികരണത്തെ തുടർന്ന് അദ്ദേഹത്തെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്ന ആവശ്യം സോഷ്യല്‍മീഡിയയില്‍ ശക്തമായി ഉയരുന്നുണ്ട്. മനുഷ്യത്വ വിരുദ്ധ നിലപാട് ആവര്‍ത്തിക്കുന്ന ശ്രീജിത് പണിക്കരെ ചാനലുകള്‍ ബഹിഷ്‌കരിക്കണമെന്നാണ് ഇടതുപ്രൊഫൈലുകള്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്. കൊവിഡ് 19 രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ ന്യായീകരണ ക്യാപ്സ്യൂള്‍ എന്ന പേരിലായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്.

Related Stories

No stories found.
logo
The Cue
www.thecue.in