ലേക് പാലസ് നികുതി തര്‍ക്കം; നഗരസഭ ഹൈക്കോടതിയിലേക്ക്; സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യണം 

ലേക് പാലസ് നികുതി തര്‍ക്കം; നഗരസഭ ഹൈക്കോടതിയിലേക്ക്; സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യണം 

തോമസ് ചാണ്ടി എം.എല്‍.എയുടെ ലേക്ക്പാലസ് റിസോര്‍ട്ടിന് നികുതിയിളവ് നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ആലപ്പുഴ നഗരസഭ. സര്‍ക്കാര്‍ ഉത്തരവിനെതിരെ നഗരസഭ ഹൈക്കോടതിയെ സമീപിക്കും. റിസോര്‍ട് ഉടമകള്‍ക്ക് അനുകൂലമായ നിലപാട് എടുത്തുവെന്ന് ചൂണ്ടിക്കാട്ടി മുന്‍സിപ്പല്‍ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. ഇടതുപക്ഷാംഗങ്ങള്‍ സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ ബിജെപി അംഗങ്ങള്‍ യോഗത്തില്‍ ബഹളം വച്ചു.

ചട്ടലംഘനത്തിന്റെ പേരിലാണ് ലേക് പാലസ് റിസോര്‍ട്ടിന് 1,17,78,654 രൂപ നഗരസഭ കൗണ്‍സില്‍ നികുതിയും പിഴയും ചുമത്തിയത്. നഗരസഭാ തീരുമാനം അസാധുവാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 34 ലക്ഷം അടച്ചാല്‍ മതിയെന്നായിരുന്നു സര്‍ക്കാറിന്റെ ഉത്തരവ്. ഉത്തരവ് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ നികുതിയടക്കാന്‍ നഗരസഭ സെക്രട്ടറി അനുവദിച്ചിരുന്നു. കൂടാതെ നികുതിയിളവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കേണ്ടതില്ലെന്ന് ജൂണ്‍ 26 ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. കൗണ്‍സിലിന്റെ ഈ തീരുമാനത്തില്‍ നഗരസഭ സെക്രട്ടറി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

ലേക് പാലസ് നികുതി തര്‍ക്കം; നഗരസഭ ഹൈക്കോടതിയിലേക്ക്; സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യണം 
തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് 83ലക്ഷം പിഴയിളവ് നല്‍കി സര്‍ക്കാര്‍; 1.17കോടി വേണമെന്ന നഗരസഭ തീരുമാനം അസാധുവാക്കി 

നഗരസഭയോട് ആലോചിക്കാതെ പിഴ ഒടുക്കാന്‍ അനുവദിച്ചതിനാണ് മുനിസിപ്പല്‍ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യം കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നത്. ഇത്തരമൊരു സെക്രട്ടറിയെ നഗരസഭയില്‍ തുടരാന്‍ അനുവദിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് അംഗം ഇല്ലിക്കല്‍ കുഞ്ഞുമോന്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

തദ്ദേശസ്ഥാപനങ്ങളുടെ അധികാരത്തില്‍ കൈകടത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ തോമസ് ചാണ്ടിക്ക് അനുകൂലമായി ഉത്തരവ് ഇറക്കിയതെന്നു ചെയര്‍മാന്‍ തോമസ് ജോസഫ് കുറ്റപ്പെടുത്തി. നഗരസഭ ചുമത്തിയ പിഴ തന്നെ ഈടാക്കാന്‍ അവകാശം തേടി കോടതിയെ സമീപിക്കും. സെക്രട്ടറിയെ മാറ്റാന്‍ കൗണ്‍സിലിന് അധികാരമില്ലെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും നഗരസഭ ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in