മരണത്തില്‍ ദുരൂഹത; വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും

മരണത്തില്‍ ദുരൂഹത;  വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും

ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തിലാണ് പാവണ്ടൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടപടികള്‍ പുരോഗമിക്കുന്നത്.

മൃതദേഹം പുറത്തെടുത്താല്‍ പൊലീസിന്റെയും ഫൊറന്‍സിക് സംഘത്തിന്റെയും മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റ് നടത്തും. എവിടെ വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തണമന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷമായിരിക്കും തീരുമാനിക്കുക.

താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘവും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തുണ്ട്.

മാര്‍ച്ച് ഒന്നാം തീയ്യതിയാണ് വ്‌ളോഗറും യൂട്യൂബറുമായ റിഫ മെഹ്നുവിനെ ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് മെഹ്നാസ് റിഫയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായി കുടുംബം ആരോപിച്ചിരുന്നു. മരണത്തില്‍ തുടക്കം മുതലേ ദുരൂഹതകള്‍ നിലനിന്നിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റം, ശാരീരികമായും മാനസികമായും ഉപദ്രവിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി മെഹ്നാസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.