കെ. കരുണാകരനെതിരെ പടനയിച്ചത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം; സത്യസന്ധമായി പശ്ചാത്തപിക്കുന്നു: രമേശ് ചെന്നിത്തല

കെ. കരുണാകരനെതിരെ പടനയിച്ചത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം; സത്യസന്ധമായി പശ്ചാത്തപിക്കുന്നു: രമേശ് ചെന്നിത്തല

കോണ്‍ഗ്രസിനുള്ളില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനെതിരെ പടനയിച്ചതില്‍ പശ്ചാത്തപിക്കുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദി ന്യൂ ഇന്ത്യന്‍എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തലയുടെ മറുപടി.

അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണമാണ് കരുണാകരനെതിരെ നീക്കങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരായതെന്നും ചെന്നിത്തല പറഞ്ഞു.

'അതെ ഞാന്‍ പശ്ചാത്തപിക്കുന്നുണ്ട്. ഞാന്‍ ഒരിക്കലും അത് ചെയ്യാന്‍ പാടില്ലായിരുന്നു. അത് ആ സമയത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് എന്നെയും ജി കാര്‍ത്തികേയനെയും എം.ഐ ഷാനവാസിനെയുമൊക്കെ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയത്. അദ്ദേഹം സത്യസന്ധനായ നേതാവായിരുന്നു. കേരളത്തിലോ ഇന്ത്യയില്‍ തന്നെയോ അദ്ദേഹത്തെ പോലെയുള്ള ഒരു നേതാവ് ഇല്ല. കാര്‍ത്തികേയനും ഷാനവാസും ഇന്ന് ജീവിച്ചിരിപ്പില്ല. കരുണാകരന്റെ പാത പിന്തുടര്‍ന്നുകൊണ്ടാണ് എല്ലാ മലയാള മാസം ഒന്നാം തിയതിയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത്. അദ്ദേഹത്തിനെതിരായ നീക്കത്തില്‍ സത്യസന്ധമായി പശ്ചാത്താപമുണ്ട്,' ചെന്നിത്തല പറഞ്ഞു.

തനിക്ക് സ്ഥാനമാനങ്ങളില്‍ ശ്രദ്ധയില്ലെന്നും ചെന്നിത്തല അഭിമുഖത്തില്‍ പറഞ്ഞു. ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് പാര്‍ട്ടി നേതൃത്വത്തിന് അറിയാം. ഞാന്‍ ഒരു സാധാരണ സ്‌കൂള്‍ ടീച്ചറുടെ മകനാണ്. 26ാം വയസില്‍ എംഎല്‍എയും 28ാം വയസില്‍ മന്ത്രിയുമായി.

അഞ്ച് തവണ എംഎല്‍എയും നാല് തവണ ലോക്‌സഭാംഗവുമായിരുന്നു. പിന്നെ ഒമ്പത് വര്‍ഷം ഞാന്‍ കെ.പി.സി.സി പ്രസിഡന്റും സി.ഡബ്ല്യു.സി അംഗവുമായിരുന്നു. എനിക്ക് മറ്റെന്താണ് വേണ്ടത്? ഞാനെന്തായാലും എന്റെ പാര്‍ട്ടി കാരണമാണ്. പാര്‍ട്ടിയില്‍ തൃപ്തനാണെന്നും ചെന്നിത്തല പറഞ്ഞു

പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കിയ പാര്‍ട്ടിയുടെ തീരുമാനം ഞാന്‍ അംഗീകരിച്ചു. കാരണം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തെരെഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു. തോല്‍വിക്ക് ഉത്തരവാദി ഞാന്‍ മാത്രമായിരുന്നില്ല. രാഷ്ട്രീയ സാഹചര്യങ്ങളാണ് തോല്‍വിക്ക് കാരണമായത്. പക്ഷേ പാര്‍ട്ടി തീരുമാനം നല്ല മനസോടെയാണ് ഞാന്‍ എടുത്തത്. സത്യത്തില്‍, ഞാന്‍ ഇപ്പോള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ പാര്‍ട്ടിയില്‍ എന്‍ഗേജ് ചെയ്യുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ സമ്പൂര്‍ണ പാരജയമാണെന്നും ചെന്നിത്തല. താന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം പൊലീസിനെ നിയന്ത്രിക്കാന്‍ കഴിവില്ലാത്ത ആളാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന കണ്ണി മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
The Cue
www.thecue.in