ഇ.എം.സി.സി ചര്‍ച്ചയുടെ ഫോട്ടോ പുറത്തുവിട്ട് ചെന്നിത്തല, കരാര്‍ നല്‍കിയിട്ടില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ഇ.എം.സി.സി ചര്‍ച്ചയുടെ ഫോട്ടോ പുറത്തുവിട്ട് ചെന്നിത്തല, കരാര്‍ നല്‍കിയിട്ടില്ലെന്ന്  മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

വിദേശ കമ്പനി ഇ.എം.സി.സിക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് കരാര്‍ നല്‍കിയിട്ടില്ലെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ഫിഷറീസ് വകുപ്പുമായി ഒരു കരാറും ഇ.എം.സി.സി ഉണ്ടാക്കിയിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനാണ് പ്രതികരണം.

കേരളത്തിന്റെ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിക്ക് തീറെഴുതികൊടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധാരണാ പത്രം എഴുതികൊടുത്തെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചിരുന്നു. ഈ പദ്ധതിയെകുറിച്ച് അറിയാമെന്നതിനും തെളിവുകളുണ്ട്. ചര്‍ച്ച നടത്തിയെന്നതിന് തെളിവുകളുണ്ട്. മേഴ്സികുട്ടിയമ്മ കമ്പനി ഉടമസ്ഥനുമായി ചര്‍ച്ച നടത്തുന്നതിന്റെ ചിത്രങ്ങളും എന്റെ പക്കലുണ്ട്. ഇവരെ എനിക്ക് അറിയില്ലെന്ന് പറയുന്ന മന്ത്രി ചര്‍ച്ച എന്തിനാണ് നടത്തിയതെന്ന് പറയണം. ഇഎംസിസി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫിഷറീസ് വകുപ്പിന് നല്‍കിയ കത്തില്‍ ഇവരുടെ ചര്‍ച്ചയെകുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്നും ചെന്നിത്തല മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി പ്രതിനിധികള്‍ മെഴ്‌സിക്കുട്ടിയമ്മയുമായി ചര്‍ച്ച നടത്തുന്ന ഫോട്ടോകള്‍ പുറത്തുവിട്ടത്.

അമേരിക്കയിലെ ചര്‍ച്ചയുടെ ഫോട്ടോയും താമസിയാതെ ലഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഇ.എം.സി.സി യുടെ കന്‍സപ്റ്റ് നോട്ടും ചെന്നിത്തല പുറത്ത് വിട്ടു. മുഖ്യമന്ത്രിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള കെ.എസ്.ഐ.എന്‍.സി യുമായി കമ്പനി കരാര്‍ ഒപ്പിട്ടെന്നും ചെന്നിത്തല ആരോപിക്കുന്നു.

മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നയം. ഇ.എം.സി.സി പ്രതിനിധി തന്നെ ഓഫീസില്‍ വന്ന് കണ്ടിരുന്നു. എന്നാലത് കരാര്‍ ഒപ്പിടലല്ല. എത്രയോ പേര്‍ ഓഫീസില്‍ വന്ന് തന്നെ കാണാറുണ്ട്. ഫിഷറീസ് നയത്തില്‍ മാറ്റം വരുത്തി എന്ന ആരോപണം തെറ്റാണ് ഫിഷറീസ് നയം മന്ത്രിസഭ അംഗീകരിച്ചതാണെന്നും മേഴ്‌സിക്കുട്ടിയമ്മ. മീഡിയാ വണ്‍ ചാനലിലാണ് മന്ത്രിയുടെ പ്രതികരണം.

വിദേശ ട്രോളറുകള്‍ക്കും ഇന്ത്യയിലെ വന്‍കിട കോര്‍പറേറ്റുകള്‍ക്കും കേരളതീരത്ത് മത്സ്യബന്ധനത്തിന് അനുമതി നല്‍കാന്‍ പാടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. ഫിഷറീസ് വകുപ്പില്‍ ഒരു വിദേശ ട്രോളറും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം അസംബന്ധമാണ്. മത്സ്യത്തൊഴിലാളികളെ എന്തെങ്കിലും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാമെന്ന ചെന്നിത്തലയുടെ മോഹം നടപ്പില്ല. മത്സ്യബന്ധനത്തിന് ഫിഷറീസ് വകുപ്പില്‍ രജിസ്‌ട്രേഷന്‍ ആവശ്യമാണ്. എങ്കില്‍മാത്രമേ കേന്ദ്ര സര്‍ക്കാരില്‍നിന്ന് പെര്‍മിറ്റ് ലഭിക്കൂ. കേരളം ഇതിനായി ഒരു വിദേശ കമ്പനിക്കും രജിസ്ടേഷന്‍ നല്‍കിയിട്ടില്ല. അതിനാല്‍ കേന്ദ്രത്തിന് പെര്‍മിറ്റ് നല്‍കാനുമാകില്ല.

രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്

മത്സ്യബന്ധന കരാര്‍ സംബന്ധിച്ച് ആരോപണം ഉന്നയിച്ചപ്പോള്‍ എന്റെ മാനസികനില തെറ്റിയിരിക്കുകയാണെന്ന പ്രതികരണമാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നടത്തിയത്. ഇങ്ങനെ ഒരു കരാറിനെ കുറിച്ച് കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല എന്ന തരത്തിലാണ് മന്ത്രി സംസാരിച്ചത്. വ്യവസായ മന്ത്രി ഇ.പി.ജയരാജനാകട്ടെ പ്രതിപക്ഷനേതാവ് എന്തൊക്കെയോ പറയുന്നു എന്നാണ് പ്രതികരിച്ചത്. എന്റെ മാനസിക നില തെറ്റിയിരിക്കുകയാണെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞതില്‍ പരിഭവമില്ല. സ്പ്രിങ്ക്‌ളര്‍, ഇ മൊബിലിറ്റി തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നപ്പോഴും മറ്റ് ഓരോ തട്ടിപ്പുകള്‍ പുറത്തു കൊണ്ടു വന്നപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞത് എനിക്ക് പ്രത്യേക മാനസികാവസ്ഥയാണ്, മനോനില തെറ്റിയിരിക്കുകയാണ് എന്നൊക്കെയാണ്. എന്നാല്‍ അവയെല്ലാം പൂര്‍ണ്ണമായി ശരിയാണെന്ന് പിന്നീട് തെളിഞ്ഞു. മേഴ്‌സിക്കുട്ടിയമ്മ പിണറായിയുടെ ഗ്രൂപ്പുകാരിയല്ല. വി.എസ് പക്ഷക്കാരിയാണ്. പക്ഷേ, കഴിഞ്ഞ അഞ്ചു വര്‍ഷമായി പിണറായിയോടൊപ്പം പ്രവര്‍ത്തിക്കുന്നതു കൊണ്ടാവാം വി.എസ്. ഗ്രൂപ്പുകാരിയായിട്ടും മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പിണറായിയുടെ ഭാഷ പകര്‍ന്നുകിട്ടിയത്

കേരളത്തിന്റെ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുത്തു എന്ന കാര്യം അറിഞ്ഞ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മനോനിലയില്‍ മാറ്റമുണ്ടായിട്ടുണ്ടാവും. മേഴ്‌സിക്കുട്ടിയമ്മ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും. ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഇവരുമായി ചര്‍ച്ച നടത്തിയിരുന്നു എന്നതിനും വ്യവസായ മന്ത്രി ഇ.പി. ജയരാജന് ഈ പദ്ധതിയെക്കുറിച്ച് അറിയാമായിരുന്നു എന്നതിനും സംസാരിക്കുന്ന തെളിവുകളുണ്ട്. സര്‍ക്കാര്‍ വളരെ താത്പര്യപൂര്‍വ്വമാണ് ഈ പദ്ധതി മുന്നോട്ട് നീക്കി എന്നതിനും നിരവധി തെളിവുകളുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in