രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം; തീരുമാനം 31 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം; തീരുമാനം 31 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം. 31 വര്‍ഷത്തിന് ശേഷമാണ് പേരറിവാളനെ മോചിപ്പിക്കാന്‍ ഉത്തരവായത്. സുപ്രീംകോടതിയുടേതാണ് തീരുമാനം. മോചനത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്നാട് സര്‍ക്കാറിന്റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു. രാജീവ് ഗാന്ധി വധക്കേസില്‍ 31 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളന്‍. ശിക്ഷാകാലയളവിലെ നല്ല നടപ്പും മാനുഷിക പരിഗണനയും വെച്ച് കോടതി പേരറിവാളന് നേരത്തെ തന്നെ ജാമ്യം അനുവദിച്ചിരുന്നു.

1991 ലാണ് പേരറിവാളന്‍ അറസ്റ്റിലായത്. 1991 ജൂണ്‍ 11 ന് ചെന്നൈയില്‍ വച്ച് സി.ബി.ഐ അറസ്റ്റ് ചെയ്യുമ്പോള്‍ 19 വയസ് മാത്രമായിരുന്നു പേരറിവാളന്റെ പ്രായം. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ സമയത്തായിരുന്നു അറസ്റ്റ്. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വെച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരശന് സ്ഫോടക വസ്തുവായി 9 വോള്‍ട്ട് ബാറ്ററി വാങ്ങി നല്‍കിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം.

26 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം 2017 ജനുവരി 24നാണ് പേരറിവാളന് ആദ്യമായി പരോള്‍ അനുവദിച്ചത്. പിന്നീട് എട്ട് തവണ പേരറിവാളന് പരോള്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പേരറിവാളന്‍ അവസാനമായി പരോളില്‍ ഇറങ്ങിയത്. രാജീവ് ഗാന്ധി വധക്കേസില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ജയിലില്‍ കഴിയുന്ന മൂന്ന് പ്രതികളേയും വിട്ടയക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട്.

Related Stories

No stories found.
logo
The Cue
www.thecue.in