മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തണം-രാഹുല്‍ ഗാന്ധി
ഇനിയെങ്കിലും മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തണമെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ഒരു സംസ്ഥാനമാണ് മണിപ്പൂര്‍. ഇവിടെ നടക്കുന്നതെന്താണെന്ന് പ്രധാനമന്ത്രി തിരിച്ചറിയണം. ഇവിടെ വന്ന് ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറാകണം. റഷ്യാ സന്ദര്‍ശനത്തിന് ശേഷമെങ്കിലും പ്രധാനമന്ത്രി ഇവിടെ സന്ദര്‍ശിക്കുമോയെന്ന് ചോദിച്ച രാഹുല്‍ ഇങ്ങനെയൊരു ദുരന്തം സംഭവിച്ചില്ലെങ്കിലും മണിപ്പൂരിലെ ജനങ്ങളെ കേള്‍ക്കാന്‍ എത്തേണ്ടതായിരുന്നുവെന്നും പറഞ്ഞു. വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഈ ദുരിതത്തില്‍ നിന്ന് എത്രയും വേഗം കരകയറാനാകണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മണിപ്പൂരിലെ ജനങ്ങളെ സംബന്ധിച്ച് വലിയ ആശ്വാസമാകും. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുന്ന ഏത് നടപടിയെയും പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും രാഹുല്‍ വ്യക്തമാക്കി. കലാപ കലുഷിതമായ മണിപ്പൂരില്‍ മൂന്നാമത്തെ തവണയാണ് രാഹുല്‍ ഗാന്ധി എത്തുന്നത്. ഒരു സഹോദരനെപ്പോലെയാണ് താന്‍ എത്തിയിരിക്കുന്നതെന്നും മണിപ്പൂരില്‍ സമാധാനം കൊണ്ടുവരാന്‍ എല്ലാവര്‍ക്കും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ജനങ്ങളോട് രാഹുല്‍ ഗാന്ധി പറഞ്ഞു. കുക്കി, മെയ്‌തെയ് വിഭാഗങ്ങളുടെ ദുരിതാശ്വാസ ക്യാമ്പുകൡും അദ്ദേഹം സന്ദര്‍ശനം നടത്തി.
മണിപ്പൂരിലെ സ്ഥിതിഗതികളില്‍ കാര്യമായ മാറ്റം വന്നിട്ടില്ലെന്നാണ് സന്ദര്‍ശന ശേഷം പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കലാപം ആരംഭിച്ചതിനു ശേഷം താനിവിടെ മൂന്നാമത്തെ തവണയാണ് എത്തുന്നത്. വളരെ വലിയൊരു ദുരന്തമാണ് ഇവിടെ സംഭവിച്ചത്. സ്ഥിതിഗതികളില്‍ കാര്യമായ മാറ്റമുണ്ടായിരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും ഒരു പുരോഗതിയും കാണാത്തതില്‍ നിരാശ തോന്നുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ തന്നെ പ്രതിപക്ഷം മണിപ്പൂര്‍ വിഷയം ഉന്നയിച്ചിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് മോദിയുടെ പ്രസംഗത്തില്‍ ഉടനീളം പ്രതിപക്ഷം ബഹളം വെച്ചു. പിന്നീട് രാജ്യസഭയില്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് സംസാരിക്കേണ്ടി വന്നു.
കലാപം തുടങ്ങി രണ്ടു മാസം പിന്നിട്ടപ്പോഴായിരുന്നു രാഹുല്‍ ആദ്യമായി സന്ദര്‍ശനത്തിന് എത്തിയത്. കലാപം ഏറ്റവും രൂക്ഷമായി ബാധിച്ച ചുരാചാന്ദ്പൂരില്‍ അന്ന് അദ്ദേഹം എത്തിയിരുന്നു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായാണ് രണ്ടാം സന്ദര്‍ശനം. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുമെന്ന് അന്ന് രാഹുല്‍ വാഗ്ദാനം ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി നടത്തുന്ന സന്ദര്‍ശനമായിരുന്നു തിങ്കളാഴ്ചത്തേത്. തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് വിജയിച്ചത്.