പമ്പ് കൊളുത്തികൾ ആകരുത് ഡിവൈഎഫ്ഐ; സംഘടനയുടെ ബോധനിലവാരം പരിശോധിക്കണമെന്ന് റഹീമിനോട് രാഹുൽ മാങ്കൂട്ടത്തിൽ

പമ്പ് കൊളുത്തികൾ ആകരുത് ഡിവൈഎഫ്ഐ; സംഘടനയുടെ ബോധനിലവാരം പരിശോധിക്കണമെന്ന് റഹീമിനോട് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: പെട്രോൾ വിലവർദ്ധനയിൽ പ്രതിഷേധിച്ച് പമ്പിന് മുന്നിൽ ഡിവൈഎഫ്ഐ കോലം കത്തിച്ച് പ്രതിഷേധം നടത്തിയെന്ന വാർത്തകളെ പരിഹസിച്ച് യൂത്ത് കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. പമ്പിന് മുന്നിൽ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാൻ പോലും പാടില്ലായെന്നും അത് പ്രവർത്തകരെ പറഞ്ഞ് മനസിലാക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. മറ്റു സംഘടനകൾക്ക് നിരന്തരം നിലവാര സർട്ടിഫിക്കറ്റ് നൽകുന്ന റഹീം ഡിവൈഎഫ്ഐയുടെ നിലവാരത്തെക്കുറിച്ച് വിശദമായി പരിശോധിക്കണമെന്നും രാഹുൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ട റഹീം,

ഇന്ധനവിലയുടെ പേരിലെ നികുതി കൊള്ളയ്ക്കെതിരെ പമ്പിന് മുന്നിൽ DYFI കോലം കത്തിച്ച് സമരം നടത്തിയെന്ന് ചില ഫേസ്ബുക്ക് സ്‌റ്റോറികൾ കണ്ടപ്പോൾ ഞാൻ ആദ്യം വിശ്വസിച്ചില്ല. കാര്യം DYFI യൊക്കെ ആണെങ്കിലും അത്രയും ബുദ്ധിശൂന്യമായി പെരുമാറില്ലല്ലോ എന്ന് കരുതി. പക്ഷേ എൻ്റെ ഭാവനകൾക്കപ്പുറമാണ് DYFI യുടെ ബോധ നിലവാരം എന്ന് തിരിച്ചറിഞ്ഞത് വാർത്തകൾ വന്നപ്പോഴാണ്. അത് നിങ്ങൾ നിഷേധിച്ചും കണ്ടില്ലാ എന്നത് കൊണ്ടാണ് വിശ്വസിച്ചത്.

മറ്റ് സംഘടനകൾക്ക് നിരന്തരം "നിലവാര " സർട്ടിഫിക്കറ്റ് നല്കുന്ന താങ്കൾ DYFI യുടെ നിലവാരത്തെക്കുറിച്ച് വിശദമായി പരിശോധിക്കണം. താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ വെറും SFI / ബാലസംഘം നിലവാരത്തിനും താഴെയാണ് അവരുടെ നിലവാരം.

പമ്പിൽ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാൻ പോലും പാടില്ലായെന്നും, അത് വലിയ അപകടമാണെന്നും പറഞ്ഞ് മനസിലാക്കണം. ഒരു നാട്ടിൽ അഗ്നി ദുരന്തമുണ്ടാകുവാൻ അത് മതി ..

പിന്നെ ഇന്ധന വിലയ്ക്കെതിരെ സമരം ചെയ്യുമ്പോൾ, പിണറായി വിജയനോട് പറയണം ഒരു 96 രൂപ വിലയുള്ള ലിറ്റർ പെട്രോളിന് 24 രൂപ സംസ്ഥാന നികുതിയാണ്, അത് ഒഴിവാക്കിയാൽ പോലും 72 രൂപയ്ക്ക് പെട്രോൾ കിട്ടുമെന്ന്. അതിനു ശേഷം ഞങ്ങൾ നടത്തുന്ന ഇന്ധന വിലയിലെ കേന്ദ്ര സർക്കാരിൻ്റെ നികുതി ഭീകരതയ്ക്കെതിരായ സമരത്തിൽ പങ്കാളിയാവുക....

അല്ലാതെ പമ്പ് കൊളുത്തികൾ ആകരുത് DYFl

Related Stories

No stories found.
logo
The Cue
www.thecue.in