ചെന്നൈയുടെ ആദ്യ ദളിത് മേയര്‍ ; ചരിത്രത്തില്‍ ആര്‍ പ്രിയ

ചെന്നൈയുടെ ആദ്യ ദളിത് മേയര്‍ ; ചരിത്രത്തില്‍ ആര്‍ പ്രിയ

ആര്‍ പ്രിയ ചെന്നൈയുടെ ചരിത്രത്തിലെ ആദ്യത്തെ ദളിത് മേയറാവും. ഇരുപത്തിയൊമ്പതുകാരിയായ പ്രിയയെ പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ഥിയായി ഡി.എം.കെ പ്രഖ്യാപിച്ചു. താരാ ചെറിയാനും (1957-1958), കാമാക്ഷി ജയരാമനും (1971-1972) ശേഷം ചെന്നൈ മേയര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയാണ് വടക്കന്‍ ചെന്നൈയില്‍ നിന്നുള്ള ആര്‍ പ്രിയ.

ജനുവരിയില്‍ നഗര- തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മേയര്‍ സ്ഥാനം പട്ടികജാതി വനിതയ്ക്കായി സംവരണം ചെയ്തുകൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പ്രിയയുടെ പിതാവ് ആര്‍ രാജന്‍ ഡി.എം.കെയുടെ ഏരിയ സഹ സെക്രട്ടറിയാണ്. പതിനെട്ട് വയസ്സ് മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകയായ പ്രിയയുടെ പ്രിയയുടെ ആദ്യ ഔദ്യോഗിക പദവിയാണിത്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ അധികാരത്തിലെത്തിയതാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തനിക്ക് പ്രേരണയായതെന്ന് പ്രിയ പറയുന്നു. മുഖ്യമന്ത്രി ഒരു മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നത് താന്‍ കണ്ടുവെന്നും അതിന്റെ ഭാഗമാകാന്‍ താന്‍ ആഗ്രിഹച്ചുവെന്നും പ്രിയ, 'ദ ന്യൂസ് മിനിറ്റി'നോട് പറഞ്ഞു.

കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടുള്ള വടക്കന്‍ ചെന്നൈക്ക് കാലങ്ങളായി ഭരണാധികാരികള്‍ ശ്രദ്ധകൊടുക്കാറുണ്ടായിരുന്നില്ല. തമിഴ് സിനിമകളിലടക്കം ഗുണ്ടകളുടെയും ക്രിമിനലുകളുടെയും വാസസ്ഥലമായി മാത്രം ചിത്രീകരിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ചെന്നൈയുടെ മേയറായി ഇതേ വടക്കന്‍ ചെന്നൈയില്‍ നിന്ന് ഒരു ദളിത് യുവതി സ്ഥാനമേല്‍ക്കുമ്പോള്‍ കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടും എന്ന പ്രതീക്ഷയിലാണ് വടക്കന്‍ ചെന്നൈയിലെ ജനങ്ങള്‍.

ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രായം കുറഞ്ഞ കൗണ്‍സിലര്‍മാരിലൊരാളാണ് ആര്‍ പ്രിയ. ഡി.എം.കെ സഖ്യകക്ഷിയായ സി.പി.ഐ.എമ്മിലെ പ്രിയദര്‍ശിനി (21) ആണ് ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍.

1688ല്‍ രൂപീകരിച്ച ചെന്നൈ കോര്‍പ്പറേഷന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ഏറ്റവും പഴക്കമുള്ള കോര്‍പ്പറേഷനാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന്‍ തുടങ്ങിയ പ്രമുഖര്‍ മേയര്‍ സ്ഥാനത്തിരുന്നിട്ടുള്ളവരാണ്.

Related Stories

No stories found.
logo
The Cue
www.thecue.in