.png?w=480&auto=format%2Ccompress&fit=max)
ബീഫിന് പകരം നില്‍ക്കുന്ന ഇറച്ചിക്കായി പെരുമ്പാമ്പുകളെ വളര്‍ത്തുന്ന ഒരു കാലം വരുമോ? ചൈനയിലും വിയറ്റ്‌നാമിലുമൊക്കെ പാമ്പിനെ ഭക്ഷണമാക്കുന്നത് സര്‍വ്വസാധാരണമാണ്. അതിനായി പാമ്പു ഫാമുകള്‍ വരെ പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ ഇത് സര്‍വ്വസാധാരണമാകുമോ എന്നതാണ് പുതിയ ചോദ്യം. ലോകം കാലാവസ്ഥാ മാറ്റങ്ങള്‍ക്കെതിരെ പടപൊരുതുന്ന ഇക്കാലത്ത് ബീഫിന് മികച്ച പകരക്കാരനായി ഗവേഷകര്‍ കാണുന്നത് പെരുമ്പാമ്പിന്റെ ഇറച്ചിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹരിതഗൃഹ വാതകമായ മീതെയ്ന്‍ ഏറ്റവും കൂടുതല്‍ ഉദ്പാദിപ്പിക്കപ്പെടുന്നത് കന്നുകാലി വളര്‍ത്തലിലൂടെയായതിനാല്‍ അത്രത്തോളം ചെലവില്ലാത്തതും മലിനീകരണം കുറഞ്ഞതുമായ ഒന്നായി പെരുമ്പാമ്പ് ഫാമിംഗ് മാറിയേക്കാമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
പാമ്പിറച്ചി പ്രോട്ടീന്‍ സമ്പുഷ്ടവും പൂരിത കൊഴുപ്പുകള്‍ കുറഞ്ഞതുമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. കൂടാതെ ഇവയുടെ ഉത്പാദനവും ചെലവ് കുറഞ്ഞതാണ്. ഒരു പെണ്‍പാമ്പ് ഒരു വര്‍ഷം 50 മുതല്‍ 100 മുട്ടകള്‍ വരെയിടും. ഇവ വളരെ വേഗം വളരുകയും ചെയ്യും. ഏത് പ്രതികൂല കാലാവസ്ഥയെയും തരണം ചെയ്യാന്‍ ഇവയ്ക്ക് സാധിക്കുമെന്നതാണേ്രത മറ്റൊരു ഘടകം. ദീര്‍ഘകാലം ഭക്ഷണമില്ലാതെ ഇവയ്ക്ക് കഴിയാനാകും. അതായത് ഇവയെ പോറ്റുന്നതിനായി അധികം ഭക്ഷണം നല്‍കേണ്ടി വരില്ല. കന്നുകാലി വളര്‍ത്തലിന് ആവശ്യമാകുന്ന അത്രയും വെള്ളവും മാലിന്യ നിര്‍മാര്‍ജ്ജനവും വേണ്ടിവരില്ലെന്ന് മാത്രമല്ല, ഗ്രീന്‍ഹൗസ് വാതകങ്ങള്‍ ഒട്ടും തന്നെ ഇവയെ വളര്‍ത്തുന്നതു മൂലം സൃഷ്ടിക്കപ്പെടുകയുമില്ല. എലിശല്യം ഇല്ലാതാകുമെന്ന ഗുണവശം കൂടി ഇതിനുണ്ട്.
ഫാഷന്‍ വ്യവസായത്തില്‍ പെരുമ്പാമ്പിന്റെ തുകലിന് ആവശ്യക്കാരേറെയാണ്. യൂറോപ്യന്‍ മാര്‍ക്കറ്റിനെ ലക്ഷ്യമിട്ട് ലക്ഷ്വറി ഹാന്‍ഡ് ബാഗുകളും ഷൂസ്, ബെല്‍റ്റ് എന്നിവയും പെരുമ്പാമ്പിന്റെ തുകല്‍ കൊണ്ട് നിര്‍മിക്കുന്നുണ്ട്. ഹൈ എന്‍ഡ് ഫാഷനില്‍ ജനകീയ ഉല്‍പന്നങ്ങളായ ഇവ നിര്‍മിക്കാന്‍ ആവശ്യമായ തുകല്‍ ചൈനയിലെയും വിയറ്റ്‌നാമിലെയും പാമ്പ് ഫാമുകളില്‍ നിന്നാണ് ശേഖരിക്കുന്നത്. ഈ രാജ്യങ്ങളില്‍ 40,000ലേറെ പെരുമ്പാമ്പ് ഫാമുകളുണ്ടെന്നാണ് കണക്ക്.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ നല്ലൊരു ശതമാനം ജനങ്ങള്‍ പാമ്പിറച്ചി ഭക്ഷിക്കാന്‍ താല്‍പര്യപ്പെടാത്തവരാണ്. പാമ്പിനെ ആരാധിക്കുന്നവരുമുണ്ട്. അത്തരം പ്രതിബന്ധങ്ങള്‍ മറികടക്കാന്‍ സാധിച്ചാലേ ബീഫിന് പകരക്കാരനായി പെരുമ്പാമ്പിനെ അവതരിപ്പിക്കാന്‍ സാധിക്കൂ എന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.