പിവിഎസില്‍ വീണ്ടും സമരം, ആശുപത്രി അടച്ചുപൂട്ടി മാനേജ്‌മെന്റ് വഞ്ചിച്ചെന്ന് ജീവനക്കാര്‍

പിവിഎസില്‍ വീണ്ടും സമരം, ആശുപത്രി അടച്ചുപൂട്ടി മാനേജ്‌മെന്റ് വഞ്ചിച്ചെന്ന് ജീവനക്കാര്‍

പി വി എസ് ആശുപത്രി മാനേജ്‌മെന്റ് റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അട്ടിമറിച്ചെന്ന് ജീവനക്കാര്‍. ആശുപത്രിയില്‍ ജീവനക്കാര്‍ വീണ്ടും സമരം ആരംഭിച്ചു. ജൂണ്‍ ആദ്യവാരത്തില്‍ തന്നെ ആശുപത്രി മാനേജ്മെന്റ് അടച്ചു പൂട്ടിയെന്നും ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം നല്‍കാമെന്ന് ഏറ്റ ശമ്പള കുടിശ്ശിക ലഭിച്ചില്ലെന്ന് ജീവനക്കാര്‍ പറയുന്നു. സമരം അവസാനിപ്പിച്ചെന്ന് സമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കിയതിന് ശേഷം മാത്രം ജോലിക്ക് കയറാമെന്ന തീരുമാനത്തിലായിരുന്നു ജീവനക്കാര്‍.

ശമ്പള കുടിശ്ശിക നല്‍കുന്നത് സംബന്ധിച്ച് മാനേജ്മെന്റും ജീവനക്കാരും കരാറിലെത്തിയതിന് പിന്നാലെയായിരുന്നു പിവിഎസ് സമരം ഒത്തുതീര്‍ന്നത്. മേയ് 25ന് കുടിശ്ശികയുടെ ആദ്യ ഗഡു നല്‍കാമെന്നും ജൂണ്‍ 10നും ഓഗസ്ത് 20നുമായി ബാക്കി തുക നല്‍കുമെന്നുമായിരുന്നു മാനേജ്മെന്റ് ഉറപ്പ് നല്‍കിയത്. ഇത് നടപ്പായില്ല. ആശുപത്രി അടച്ചു പൂട്ടില്ലെന്നും ആശുപത്രിയില്‍ തുടരാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് രാജിവെക്കുന്ന സമയത്ത് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കുമെന്നും മാനേജ്മെന്റ് അറിയിച്ചെങ്കിലും കാഷ്വാലിറ്റി ഉള്‍പ്പെടെ അടച്ചുപൂട്ടിയെന്ന് സമരം ചെയ്യുന്നവര്‍ പറയുന്നു.

ആശുപത്രി എം ഡി പിവി മിനി, സഹോദരനും മാതൃഭൂമി ജോയിന്റ് മാനേജിംഗ് എഡിറ്ററുമായ പി വി നിധീഷ് , മിനിയുടെ മകന്‍ അഭിഷേക് എന്നിവരായിരുന്നു റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. ഏപ്രില്‍ പതിനഞ്ചാം തിയ്യതി ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ മാനേജ്മെന്റ് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. എന്നാല്‍ ലേബര്‍ ഓഫീസറുടെ മുന്നില്‍ വച്ച് രേഖാമൂലം ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരാനായിരുന്നു ജീവനക്കാരുടെ തീരുമാനം.

ശമ്പള കുടിശ്ശിക ഘട്ടം ഘട്ടമായി നല്‍കാമെന്നും ആശുപത്രി അടച്ചു പൂട്ടില്ലെന്നും തുറന്ന് പ്രവര്‍ത്തിക്കുമെന്നും മാനേജ്മെന്റ് സമരസമിതിക്ക് ഏപ്രില്‍ പതിനഞ്ചാം തിയ്യതി വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു.എന്നാല്‍ വാക്കാലുള്ള ഉറപ്പ് നേരത്തെയും ലഭിച്ചിണ്ടെങ്കിലും മാനേജ്മെന്റ് പാലിച്ചില്ലെന്നതാണ് അനുഭവമെന്നതിനാലാണ് സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നത്. ശമ്പളം നല്‍കാന്‍ പണമില്ലെന്ന് അന്നത്തെ ചര്‍ച്ചയിലും മാനേജ്മെന്റ് ആവര്‍ത്തിച്ചു. ഇരുപത്തിയഞ്ചാം തിയ്യതിക്ക് മുമ്പ് ഒരു മാസത്തെ ശമ്പളം നല്‍കാമെന്നും ജൂണ്‍ പത്തിനുള്ളില്‍ അടുത്ത ഗഡുവും നല്‍കാമെന്നായിരുന്നു മാനേജ്മെന്റ് മുന്നോട്ട് വച്ച നിര്‍ദ്ദേശം.

നേരത്തെ ശമ്പളക്കുടിശ്ശിക സംബന്ധിച്ച് റീജിണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലും തീരുമാനമാകാത്തതിനെ തുടര്‍ന്ന് മാതൃഭൂമി ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പിവി ചന്ദ്രനാണ് പിവി സ്വാമി മെമ്മോറിയല്‍ ആശുപത്രിയുടെ ചെയര്‍മാന്‍. അദ്ദേഹത്തിന്റെ മകള്‍ പിവി മിനിയാണ് ആശുപത്രി എംഡി. ഈ സമരത്തില്‍ ജീവനക്കാരും കുടുംബാംഗങ്ങളുമടക്കം എണ്ണൂറോളം പേരാണ് അണിനിരന്നത്. ജില്ലാ കലക്ടര്‍ വിളിച്ച യോഗത്തില്‍ പോലും പിവി മിനി പങ്കെടുക്കാത്തിരുന്നില്ല.

ഒരു വര്‍ഷമായി ശമ്പളം നല്‍കാത്തതിനെതുടര്‍ന്ന് അഞ്ഞൂറോളം ജീവനക്കാരാണ് സമരം നടത്തിയിരു്‌നത്.ഡോക്ടര്‍മാര്‍ക്കും ഒരു വര്‍ഷമായി ശമ്പളാനുകൂല്യങ്ങളില്ല. വിവിധ വകുപ്പ് ജീവനക്കാര്‍ക്ക് 8 മാസങ്ങളായും ശമ്പളം നല്‍കിയിട്ടില്ല. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന പിഎഫ് വിഹിതവും കമ്പനിയുടെ പങ്കും നിക്ഷേപിക്കുന്നില്ല. ഇഎസ്‌ഐ വിഹിതം നല്‍കാത്തതിനെ തുടര്‍ന്ന് ഈ ആനുകൂല്യവും മുടങ്ങി. ബോണസ് നല്‍കിയിട്ടില്ലെന്നും ടിഡിഎസ് പിടിച്ചിട്ടും യഥാക്രമം അടയ്ക്കുന്നില്ലെന്നും ജീവനക്കാര്‍ ആരോപിച്ചിരുന്നു. നേരത്തെ വിഷയത്തില്‍ കളക്ടര്‍ ഇടപെട്ടപ്പോള്‍ ഫെബ്രുവരി 28 നകം കുടിശ്ശിക നല്‍കാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ രണ്ടരമാസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. യുഎന്‍എ, യുഎച്ച്എസ്എ, ഐഎംഎ തുടങ്ങിയ ഈ രംഗത്തെ സംഘടനകളുടെ പൂര്‍ണപിന്‍തുണയിലായിരുന്നു സമരം.

Related Stories

No stories found.
logo
The Cue
www.thecue.in