ജനവിധി തുറന്ന മനസ്സോടെ സ്വീകരിക്കുന്നു; പുതുപ്പള്ളിക്കാരുടെ ജീവിത വിഷയങ്ങളുടെ സമരം തുടരും: ജെയ്ക്ക് സി തോമസ്

ജനവിധി തുറന്ന മനസ്സോടെ സ്വീകരിക്കുന്നു; പുതുപ്പള്ളിക്കാരുടെ ജീവിത വിഷയങ്ങളുടെ സമരം തുടരും: ജെയ്ക്ക് സി തോമസ്

പുതുപ്പള്ളിയിലെ വോട്ടർമാർക്ക് അഭിവാദ്യം നേർന്നും നിയുക്ത എംഎൽഎ ചാണ്ടി ഉമ്മന് ആശംസ അറിയിച്ചും എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. ഉമ്മൻചാണ്ടിയുടെ വിയോഗം സംഭവിച്ച് ദിവസങ്ങൾക്കകം നടന്ന തെരഞ്ഞെടുപ്പായത് കൊണ്ട് മണ്ഡലത്തിൽ മറ്റുവിഷയങ്ങൾ ചർച്ചയായില്ലെന്നും ഉമ്മൻചാണ്ടിയോടുള്ള സഹതാപ തരംഗമാണ് ആഞ്ഞുവീശിയതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ജെയ്ക്ക് പറഞ്ഞു.

പാർട്ടി വോട്ടുകൾ ചോർന്നെന്ന ആരോപണത്തെ ജെയ്ക്ക് നിഷേധിച്ചു. മുൻവർഷങ്ങളിലെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ അടിത്തറക്ക് കോട്ടം തട്ടിയിട്ടില്ല എന്ന് വ്യക്തമായേക്കും. അറിഞ്ഞിടത്തോളം ഒരു ബൂത്തിൽ മാത്രമാണ് എൽഡിഎഫ് മുന്നിട്ട് നിന്നത്. ഇങ്ങനെ അസാധാരണമായ സഹതാപ തരംഗം ആഞ്ഞടിച്ചിട്ടും 42,425 വോട്ടുകൾ എൽഡിഎഫിന് നേടാനായി എന്നത് അടിത്തട്ടിൽ കോട്ടമുണ്ടായിട്ടില്ല എന്ന് വ്യക്തമാക്കും. അദ്ദേഹം പറഞ്ഞു.

എല്ലാ പരിമിതികൾക്കുള്ളിലും സ്ഥാനാർഥി എന്ന നിലയിൽ ഭംഗിയായി ദൗത്യം നിർവഹിച്ചു. തെരഞ്ഞെടുപ്പ്പിന്റെ അന്തസ്സിനെ കെടുത്തുന്ന ഒരു സാഹചര്യവും എവിടെയുമുണ്ടായില്ല. പുതുപ്പള്ളിയുടെ ജീവിത വിഷയങ്ങളായിരുന്നു ഞങ്ങൾ ഉയർത്തിയത്. എവിടെയും പാളിച്ച ഉണ്ടായിട്ടില്ല.

മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിങ്ങനെ നിരവധി പദവികൾ വഹിച്ച, അറ നൂറ്റാണ്ടായി ഈ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ഒരാളുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതും നാല്പത് ദിവസങ്ങൾക്കകം. ആ വൈകാരികത ജനങ്ങളിലുണ്ടായിരുന്നു. അതുകൊണ്ടാണ് മണ്ഡലത്തിൽ മറ്റൊന്നും ചർച്ച ചെയ്യപ്പെടാതിരുന്നത്. ആ വൈകാരിക അന്തരീക്ഷത്തിൽ വിജയിച്ച് വരിക എന്നത് എളുപ്പമുള്ളതായിരുന്നില്ല. എന്നാൽ പുതുപ്പള്ളിയുടെ രാഷ്ട്രീയ മനസ്സ് ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ച് തുടങ്ങിയിട്ടുണ്ട് എന്ന പ്രതീക്ഷയും ജെയ്ക്ക് പങ്കുവെച്ചു. വലിയ പ്രതികൂലാവസ്ഥയിലും അടിത്തട്ടിലെ വോട്ടിനു വിള്ളലുണ്ടായില്ല.

ബിജെപിക്കുണ്ടായ വോട്ടുചോർച്ചയെ കുറിച്ചും ജെയ്ക്ക് പ്രതികരിച്ചു. ബിജെപിയുടെ വോട്ട് ഷെയർ കുറഞ്ഞുകൊണ്ടേ ഇരിക്കുന്നു. 2019 ൽ 20,911 വോട്ടുകളുള്ള പാർട്ടിയായിരുന്നു ബിജെപി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വരുമ്പോൾ അത് നേർപകുതിയായി 11694 ആകുന്നു. 2023 ആകുമ്പോൾ 6447 ആകുന്നു. പകുതിയിൽ നിന്ന് പകുതിയിലേക്ക് പോകുന്നു. ആ വോട്ട് ആർക്ക് പോയി? എന്തുകൊണ്ട് പോയി? തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മണ്ഡലത്തിൽ എത്തിയ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ബിജെപി സ്ഥാനാർത്ഥി ജയിക്കും എന്നല്ല പ്രസംഗിച്ചത്, ഇടത് സ്ഥാനാർത്ഥി തോൽക്കും എന്നാണ്. ഇതിൽ നിന്നൊക്കെ കാര്യങ്ങൾ വ്യക്തമാണല്ലോ. പുതുപ്പള്ളിക്കാരുടെ ജീവിത പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുള്ള സമരം അനുസ്യൂതം തുടരുമെന്നും ജെയ്ക്ക് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കണക്കുപ്രകാരം 37,719 വോട്ടുകൾക്കാണ് ജെയ്ക്ക് ചാണ്ടി ഉമ്മനോട് പരാജയപ്പെട്ടത്. അര നൂറ്റാണ്ടിലേറെ മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻചാണ്ടിക്ക് ലഭിക്കാത്ത ഭൂരിപക്ഷമാണ് മകൻ ചാണ്ടി ഉമ്മന് പുതുപ്പള്ളിക്കാർ നൽകിയത്.

Related Stories

No stories found.
logo
The Cue
www.thecue.in