സിദ്ദിക്കിനെതിരായ പൾസർ സുനിയുടെ പരാമർശത്തിൽ അമ്മയിലെ അംഗങ്ങൾക്ക് പരാതിയുണ്ടെങ്കിൽ പരിശോധിക്കും; ബാബുരാജ്

സിദ്ദിക്കിനെതിരായ പൾസർ സുനിയുടെ പരാമർശത്തിൽ അമ്മയിലെ അംഗങ്ങൾക്ക് പരാതിയുണ്ടെങ്കിൽ പരിശോധിക്കും; ബാബുരാജ്

പൾസർ സുനി സിദ്ദിഖിനെതിരെ നടത്തിയ പരാമർശത്തിൽ താരസംഘടനയായ അമ്മയിലെ അംഗങ്ങൾക്ക് പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ബാബുരാജ്. ഇരക്ക് കോടതിയിൽ നിന്നും നേരിടേണ്ടി വന്നത് കയ്പ്പേറിയ അനുഭവങ്ങളാണെന്നും ബാബുരാജ് റിപ്പോർട്ടർ ടീവിയോട് പറഞ്ഞു.

വനിതാ ജഡ്ജി ഇരയെയോട് നീതി പുലര്‍ത്തുന്നില്ലയെന്നും രണ്ടു പബ്ലിക് പ്രോസിക്യൂട്ടര്‍മാർ രാജിവെച്ചത് കുട്ടികളിയാണോയെന്നും, ചില മാധ്യമങ്ങളും ഇരക്കൊപ്പം നിന്നോയെന്നും, ഉന്നത രാഷ്ട്രീയക്കാരും കവിയത്രിമാരും ഇരക്കൊപ്പം നിന്നോ തുടങ്ങിയ സംശയങ്ങളും ബാബുരാജ് പങ്കുവെച്ചു. എന്തെങ്കിലും വാര്‍ത്ത വരുമ്പോള്‍ മാത്രം ഇരക്കൊപ്പം നിന്നാല്‍ പോരായെന്നും എപ്പോഴും കൂടെ നില്‍ക്കണമെന്നും ബാബുരാജ് പറഞ്ഞു. കൂട്ടത്തോടെയുള്ള സാക്ഷികളുടെ കൂറുമാറ്റത്തിലും ദുരൂഹതയുണ്ടെന്നു ബാബുരാജ് വ്യക്തമാക്കി.

ദിലീപിന് പൾസർ സുനി അയച്ച കത്തിലാണ് സിദ്ദിക്കിനെതിരെയുള്ള പരാമര്ശങ്ങളുള്ളത്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന്റെ ഗൂഢാലോചനയിൽ സിദ്ദിഖിനും ബന്ധമുണ്ടെന്നാണ് കത്തില്‍ പറയുന്നത്.

'അമ്മ എന്ന സംഘടന ചേട്ടന്‍ എന്ത് ചെയ്താലും കൂട്ട് നില്‍ക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയില്‍ വെച്ച് ഈ കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ദിഖും മറ്റ് ആരെല്ലാം ഉണ്ടായിരുന്നെല്ലാം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ചേട്ടനെ അറസ്റ്റ് ചെയ്തപ്പോള്‍ സിദ്ദിഖ് ഒടി നടന്നത്. അമ്മയിലെ പലര്‍ക്കും അറിയാത്ത കാര്യങ്ങള്‍ ചേട്ടന്‍ അവരുടെ കണ്ണില്‍ പൊടിയിട്ടതു കൊണ്ടല്ലേ'. കത്തില്‍ പറയുന്നു.

സിദ്ദിഖിന് കൂടാതെ സിനിമാ രംഗത്തുള്ള മറ്റ് പലരെയും പേരെടുത്ത് പറയാതെ തന്നെ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സുനിയുടെ കത്തിൽ സെക്സ് റാക്കറ്റുമായി ദിലീപിനും സുഹൃത്തുക്കൾക്കും ബന്ധമുണ്ടെന്നും പരാമർശമുണ്ട്.

The Cue
www.thecue.in