അന്തരിച്ച ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖി അടക്കം നാലുപേര്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം

അന്തരിച്ച ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖി അടക്കം നാലുപേര്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം

പത്രപ്രവര്‍ത്തകര്‍ക്കുള്ള പരമോന്നത പുരസ്‌കാരമായ പുലിറ്റ്‌സര്‍ പുരസ്‌കാരത്തിന് അര്‍ഹരായി അന്തരിച്ച ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖി അടക്കം നാല് ഇന്ത്യക്കാര്‍. സന്ന ഇര്‍ഷാദ് മാറ്റു, അദ്‌നാന്‍ അബിദി, അമിത് ദവെ എന്നിവരാണ് ഫീച്ചര്‍ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ പുരസ്‌കാരത്തിന് അര്‍ഹരായ മറ്റുള്ളവര്‍.

രണ്ടാം തവണയാണ് ഡാനിഷ് സിദ്ദിഖി പുലിറ്റ്‌സര്‍ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതം ക്യാമറയിലാക്കിയ ഡാനിഷിന് 2018ല്‍ പുലിസ്റ്റര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഇന്ത്യയിലെ കൊവിഡ് ദുരിതത്തിന്റെ ഭീകരാവസ്ഥ പകര്‍ത്തിയതിനാണ് ഇത്തവണ പുരസ്‌കാരം.

റോയിട്ടേഴ്സിന് വേണ്ടി കാണ്ഡഹാറില്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് കഴിഞ്ഞ വര്‍ഷം ഡാനിഷ് കൊല്ലപ്പെടുന്നത്. 2016-ലെ മൊസുള്‍ യുദ്ധവും 2015 ഏപ്രില്‍ മാസത്തിലെ നേപ്പാള്‍ ഭൂകമ്പവും 2019-2020-ലെ റോഹിംഗ്യന്‍ വംശഹത്യയില്‍ നിന്നുണ്ടായ അഭയാര്‍ഥി പ്രവാഹവുമെല്ലാം ഡാനിഷ് സിദ്ദിഖിയുടെ ചിത്രങ്ങളിലൂടെ ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഡാനിഷ് പകര്‍ത്തിയ ഇന്ത്യയിലെ കൊവിഡ് മരണങ്ങളുടെ ഭീകര ചിത്രങ്ങള്‍ രാജ്യത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.