വയനാട് വനംകൊള്ള പിണറായി വിജയന്റെ അറിവോടും പങ്കാളിത്തത്തോടെയുമെന്ന് പി.ടി തോമസ്

വയനാട് വനംകൊള്ള പിണറായി വിജയന്റെ അറിവോടും പങ്കാളിത്തത്തോടെയുമെന്ന് പി.ടി തോമസ്

വയനാട്ടിലെ വനംകൊള്ളയില്‍ കര്‍ഷകരെ മറയാക്കി രക്ഷപ്പെടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പി.ടി തോമസ് എം.എല്‍.എ. മുഖ്യമന്ത്രിയുടെ അറിവോടും പങ്കാളിത്തത്തോടെയുമാണ് ഇക്കാര്യങ്ങള്‍ നടന്നത്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പിണറായിക്ക് ഒഴിഞ്ഞുമാറാനാവില്ല. ഹൈക്കോടതി നിരീക്ഷണത്തില്‍ കേസ് അന്വേഷിക്കണമെന്നും പി.ടി തോമസ്.

പി.ടി തോമസ് മാധ്യമങ്ങളോട്

പുരാണത്തില്‍ കാലാ കാലങ്ങളില്‍ അവതാരങ്ങള്‍ ഉണ്ടാവാറുണ്ട് കംസനെ നിഗ്രഹിക്കാന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍, ഹിരാണ്യനെ നിഗ്രഹിക്കാന്‍ നരസിംഹം, രാവണനെ നിഗ്രഹിക്കാന്‍ ശ്രീരാമന്‍ എന്നതുപോലെ ഈട്ടിമരങ്ങള്‍ വെട്ടിക്കൊണ്ടുപോകാനുള്ള ഒരവതാരമായിട്ടാണ് പിണറായി വിജയന്റെ സര്‍ക്കാറിന്റെ ഉത്തരവിറങ്ങിയത്. ഉത്തരവിറക്കിയത് കര്‍ഷകരെ സഹായിക്കാനാണെങ്കില്‍ മൂന്നു മാസം കഴിഞ്ഞപ്പോള്‍ ഇത് പിന്‍വലിച്ചത് എന്തിന്?

വെട്ടാനുള്ള മരം വെട്ടിക്കഴിഞ്ഞു. പാവപ്പെട്ട ആദിവാസികളെ മറയാക്കി രക്ഷപ്പെടാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. തട്ടിപ്പുകാര്‍ക്ക് മുഖ്യമന്ത്രി കൈകൊടുത്തതല്ല വിഷയം. കേസില്‍ ഹൈക്കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം വേണം. തിങ്കളാഴ്ച ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെടണം. ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ ഇക്കാര്യം ആവശ്യപ്പെട്ടാല്‍ അതിനെ സ്വാഗതം ചെയ്യും.

മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും പങ്കെടുക്കേണ്ടിയിരുന്ന റോജി അഗസ്റ്റിന്റെ മാംഗോ മൊബൈല്‍ ഫോണിന്റെ വെബ് സൈറ്റ് ഉദ്ഘാടനം രണ്ട് തവണ മാറ്റിവെച്ചതാണെന്ന് പി ടി തോമസ് ചൂണ്ടികാട്ടി. തട്ടിപ്പ് കേസിലെ പ്രതികളുടെ ചടങ്ങില്‍ ഇവര്‍ പങ്കെടുക്കരുതെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇത്. എന്നിട്ടും പിന്നീട് കോഴിക്കോട്ടെ ചടങ്ങില്‍ റോജി അഗസ്റ്റിനൊപ്പം മുഖ്യമന്ത്രി വേദി പങ്കിട്ടത് ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണെന്ന് പി.ടി തോമസ്.

The Cue
www.thecue.in