ആക്ഷേപിക്കുന്നവര്‍ ദുഃഖിക്കേണ്ടി വരും: കെപിഎസി ലളിതയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കേരളത്തിനുണ്ടെന്ന് പിടി തോമസ്

ആക്ഷേപിക്കുന്നവര്‍ ദുഃഖിക്കേണ്ടി വരും: കെപിഎസി ലളിതയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കേരളത്തിനുണ്ടെന്ന് പിടി തോമസ്

ചികിത്സയില്‍ കഴിയുന്ന നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പെഴ്‌സണുമായ കെ.പി.എ.സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ടെന്ന് കോണ്‍ഗ്രസ് എം.എല്‍.എ പി.ടി. തോമസ്.

കെ.പി.എ.സി ലളിതയ്ക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാന്‍ മുന്നോട്ട് വരുന്നവര്‍ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണെന്നും പി.ടി. തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ട് കെ.പി.എ.സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും പി.ടി. തോമസ് പറഞ്ഞു.

നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമര്‍പ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുണ്ട്. രാഷ്ട്രീയ കാര്യങ്ങളില്‍ അവര്‍ക്ക് നിലപാടുകള്‍ ഉണ്ടാവും. അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന-നാടക-സിനിമാ ലോകത്തിന് അവര്‍ നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാന്‍ മലയാളികള്‍ തയ്യാറാവണമെന്നും പി.ടി. തോമസ് കൂട്ടിച്ചേര്‍ത്തു.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ് കെ.പി.എ.സി ലളിത. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയിലായിരുന്ന കെ.പി.എ.സി ലളിതയെ വിദഗ്ധ ചികിത്സയ്ക്കായാണ് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

Related Stories

No stories found.
logo
The Cue
www.thecue.in