ചില ഭാഗ്യാന്വേഷികള്‍ പാര്‍ട്ടി വിടുന്നെന്ന് കരുതിയാല്‍ മതി; എ.വി. ഗോപിനാഥിന്റെ രാജിയില്‍ പി.ടി തോമസ്

ചില ഭാഗ്യാന്വേഷികള്‍ പാര്‍ട്ടി വിടുന്നെന്ന് കരുതിയാല്‍ മതി; എ.വി. ഗോപിനാഥിന്റെ രാജിയില്‍ പി.ടി തോമസ്

എ.വി ഗോപിനാഥ് രാജി പ്രഖ്യാപിച്ചതില്‍ വിമര്‍ശനവുമായി പി.ടി. തോമസ് എം.എല്‍.എ. ചില ഭാഗ്യാന്വേഷികളാണ് പാര്‍ട്ടി വിടുന്നതെന്ന് പിടി തോമസ് റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു.

'പാര്‍ട്ടിക്ക് നല്ല കാലമല്ലെന്ന് കരുതി ചില ഭാഗ്യാന്വേഷികള്‍ പാര്‍ട്ടി വിടന്നു എന്ന് മാത്രം കണ്ടാല്‍ മതി. കോണ്‍ഗ്രസില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റ് ആണ്. ആരെയും മാറ്റിനിര്‍ത്തിയിട്ടില്ല. പി.ടി തോമസ് പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയെന്ന് കെ.പി.സി.സി പ്രസിഡണ്ട് പറഞ്ഞത് ശരിയാണ്. ആരേയും മാറ്റി നിര്‍ത്തിയിട്ടില്ല. ഏതെങ്കിലും നേതാക്കളെ അവഗണിക്കാന്‍ കെ. സുധാകരന്‍ കെ.പി.സി.സി പ്രസിഡണ്ട് ആയിരിക്കുന്ന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്നും പി.ടി. തോമസ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരാളെയും മാറ്റി നിര്‍ത്തി മുന്നോട്ട് പോകാന്‍ കെ.പി.സി.സി നേതൃത്വം ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരുടെയും പദവികളെയും സംഭാവനകളെയും മാനിച്ച് തന്നെ മുന്നോട്ട് പോകുമെന്നും പി.ടി. തോമസ് കൂട്ടിചേര്‍ത്തു.

അതേസമയം എ.വി. ഗോപിനാഥ് പാര്‍ട്ടി വിട്ട് പോകില്ല എന്ന് ഉറപ്പുണ്ടെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞത്. ഗോപിനാഥിനെ പാര്‍ട്ടിയില്‍ തുടര്‍ന്നും നിര്‍ത്താനുള്ള ശ്രമങ്ങളാണ് കെ.പി.സി.സി അധ്യക്ഷന്‍ എന്ന നിലയ്ക്ക് തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയെന്നും കെ. സുധാകരന്‍ പറഞ്ഞു. ഗോപിനാഥുമായി അടുത്തബന്ധമാണ് ഉള്ളത്. അങ്ങനെ കയ്യൊഴിയാന്‍ ഗോപിനാഥന് കഴിയില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ മുന്നോട്ട് പോക്കിന് താന്‍ തടസ്സമാകുന്നുവെന്ന തോന്നല്‍ കൊണ്ടാണ് രാജി പ്രഖ്യാപനമെന്നും മറ്റൊരു പാര്‍ട്ടിയിലേക്കും നിലവില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ഗോപിനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

'നിരന്തരമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തത്. സ്വന്തം പാര്‍ട്ടിക്ക് തടസമായി നില്‍ക്കുന്നില്ല. കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസമാകുന്നു എന്ന് തോന്നിയപ്പോള്‍ ആരുടെയും പ്രേരണയ്ക്ക് വഴങ്ങാതെ ഒരു അധികാരവും ലഭിക്കില്ല എന്ന ഉത്തമ വിശ്വാസത്തോടുകൂടി തന്നെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചതായി പ്രഖ്യാപിക്കുന്നു,' എന്നും ഗോപിനാഥ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in