പി.എസ് പ്രശാന്ത് സിപിഎമ്മില്‍, സ്വീകരിച്ച് എ. വിജയരാഘവന്‍

പി.എസ് പ്രശാന്ത് സിപിഎമ്മില്‍, സ്വീകരിച്ച് എ. വിജയരാഘവന്‍

കെ.പി.സി.സി മുന്‍ സെക്രട്ടറി പി.എസ് പ്രശാന്ത് സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കവെ പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി വിജയരാഘവനാണ് പി.എസ് പ്രശാന്ത് സി.പി.ഐ.എമ്മില്‍ ചേര്‍ന്നതായി വ്യക്തമാക്കിയത്.

മാറി വരുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ നിരവധി പേര്‍ കോണ്‍ഗ്രസും മറ്റു പാര്‍ട്ടികള്‍ വിട്ട് സി.പി.ഐ.എമ്മില്‍ ചേരുന്നുണ്ട്. അതിന്റെ ഭാഗമായി കെ.പി.സി.സി സെക്രട്ടറിയായിരുന്ന പി.എസ് പ്രശാന്ത് സി.പി.ഐ.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എ.കെ.ജി സെന്ററിലെത്തിയാണ് പി.എസ് പ്രശാന്ത് വിജയരാഘവനെ കണ്ടത്. എ. വിജയരാഘവന്‍ തന്നെ പി.എസ് പ്രശാന്തിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

കോണ്‍ഗ്രസ് അച്ചടക്കമില്ലാത്ത പാര്‍ട്ടിയാണെന്ന് പറഞ്ഞ പി.എസ് പ്രശാന്ത് രൂക്ഷവിമര്‍ശനമാണ് പാര്‍ട്ടിക്കെതിരെ ഉന്നയിച്ചത്. മതനിരപേക്ഷ കക്ഷികള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തണമെന്നും ഒരു കൂട്ടായ്മ ഉണ്ടാകണമെന്നും കോണ്‍ഗ്രസ് ഒഴികെയുള്ള എല്ലാവരും ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഏകപക്ഷീയമായി ആണ് പെരുമാറുന്നത്. അച്ചടക്കമില്ലാത്ത പ്രസ്ഥാനമായും കോണ്‍ഗ്രസ് മാറിയെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.

ഡി.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പിലെ ഭിന്നതകള്‍ മറനീക്കി പുറത്ത് വന്നതിന് പിന്നാലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് രാഹുല്‍ ഗാന്ധിക്ക് പി.എസ് പ്രശാന്ത് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെ പി.എസ് പ്രശാന്തിനെ പുറത്താക്കുന്നതായി കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായി പി.എസ് പ്രശാന്തും അറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in