'കുഞ്ഞാലിക്കുട്ടി ലീഗിനെ കൊലക്ക് കൊടുത്തു',നേതൃമാറ്റം വേണം; ചന്ദ്രികയിലെ കള്ളപ്പണവും, ഇഡിയും ഭാരവാഹി യോഗത്തില്‍

'കുഞ്ഞാലിക്കുട്ടി ലീഗിനെ കൊലക്ക് കൊടുത്തു',നേതൃമാറ്റം വേണം;
 ചന്ദ്രികയിലെ കള്ളപ്പണവും, ഇഡിയും ഭാരവാഹി യോഗത്തില്‍
Summary

അഞ്ച് വര്‍ഷത്തിനിടെ നാല് തവണ സത്യപ്രതിജ്ഞ ചെയ്ത കുഞ്ഞാലിക്കുട്ടിയുടെ നടപടി അപഹാസ്യമാണ്. എല്‍.ഡി.എഫ് ഒരുക്കിയ കെണി കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചറിയാനായില്ലെന്നും വിമര്‍ശനം

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ ഒരു വിഭാഗം. കെ.എം.ഷാജി, കെ.എസ് ഹംസ, പി.സാദിഖലി, മായിന്‍ഹാജി തുടങ്ങിയ നേതാക്കളാണ് യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് രംഗത്ത് വന്നത്. പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നത് തെറ്റായ തീരുമാനമാണെന്നും വിമര്‍ശനമുണ്ടായി. ഏതാനും നേതാക്കള്‍ തീരുമാനമെടുക്കുന്ന രീതി ലീഗില്‍ മാറണമെന്നും നേതൃമാറ്റം വേണമെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് പി.കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് കാരണമായിട്ടുണ്ടെന്നാണ് എതിര്‍വിഭാഗത്തിന്റെ വാദം. തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യുന്നതിനായിരുന്നു യോഗം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗുരുതര പാളിച്ചകളുണ്ടായെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി.

പാര്‍ട്ടി മുഖപത്രം ചന്ദ്രികയുടെ അക്കൗണ്ടില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ പാണക്കാട് ഹദരലി തങ്ങളെ ഇ.ഡി ചോദ്യം ചെയ്തത് വഴി പി കെ കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയെ കൊലക്ക് കൊടുത്തെന്ന് കെ എസ് ഹംസ ആരോപിച്ചു. പാര്‍ട്ടി ഫണ്ട് സുതാര്യതയില്ലാതെ കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്യുന്നുവെന്നാണ് കെ എം ഷാജിയുടെ വിമര്‍ശനം.

യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്, നജീബ് കാന്തപുരം, അബ്ദുറഹ്മാന്‍ കല്ലായി തുടങ്ങിയ നേതാക്കള്‍ പികെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് യോഗത്തില്‍ രംഗത്ത് വന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കരുതെന്ന് അദ്ദേഹത്തോടും ഹൈദരലി തങ്ങളോടും സാദിഖലി തങ്ങളോടും ഞാന്‍ പറഞ്ഞിട്ടുണ്ട്. യുഡിഎഫ് വിജയിച്ചാല്‍ അദ്ദേഹത്തിന് മത്സരിച്ച് മന്ത്രിയാകാനുള്ള അവസരമുണ്ടാകണം എന്ന നിലപാടാണ് താന്‍ എടുത്തതെന്ന് യോഗത്തില്‍ കെ.എം ഷാജി പറഞ്ഞതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യന്നു. പരിഗണിക്കാതിരുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കി. കുഞ്ഞാലിക്കുട്ടി മടങ്ങിവന്ന സാഹചര്യം ഇപ്പോഴും പാര്‍ട്ടിയില്‍ വിശദീകരിച്ചിട്ടില്ല. കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിടാന്‍ എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഞാനത് നിരാകരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനായത് പ്രാദേശിക നേതാക്കളുടെ മികവാണ്. സംസ്ഥാന നേതാക്കളുടെ വിശ്വാസ്യതക്കുറവാണ് നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍ക്കാന്‍ കാരണം. ദേശീയ സംസ്ഥാന നേതാക്കള്‍ കപടരാണെന്ന് പ്രവര്‍ത്തകരും ജനങ്ങളും വിശ്വസിക്കുന്നുണ്ട്.

രാമനാട്ടുകരയില്‍ ചന്ദ്രികക്കായി വാങ്ങിയ ഭൂമിയുടെ നല്ല ഭാഗങ്ങള്‍ എങ്ങോട്ട് പോയി? ചന്ദ്രികക്ക് ലഭിച്ചത് കണ്ടല്‍ക്കാട് നിറഞ്ഞ ഭാഗമാണ്. ചന്ദ്രികയുടെയും ലീഗിന്റെയും ഫണ്ടില്‍ നിന്ന് എടുത്ത് വാങ്ങിയ ഭൂമിയാണത്. കുഞ്ഞാപ്പ മത്സരിച്ചത് കൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പ് തോറ്റത്. കുഞ്ഞാലിക്കുട്ടി - അമീര്‍ -ഹസ്സന്‍ എന്ന എല്‍.ഡി.എഫ് പ്രചാരണത്തിന് അവസരമൊരുക്കിയത് ഈ നടപടിയാണ്. എല്‍.ഡി.എഫ് ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തി കുഞ്ഞാലിക്കുട്ടിയെ സഹായിച്ചു. എന്നാല്‍ എല്‍.ഡി.എഫ് ഒരുക്കിയ കെണി കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചറിയാനായില്ല. അഞ്ച് വര്‍ഷത്തിനിടെ നാല് തവണ സത്യപ്രതിജ്ഞ ചെയ്ത കുഞ്ഞാലിക്കുട്ടിയുടെ നടപടി അപഹാസ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in