പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധം, വിദ്യാര്‍ത്ഥി നേതാവിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്തു; വീട് പൊളിച്ചു നീക്കി

പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധം, വിദ്യാര്‍ത്ഥി നേതാവിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്തു; വീട് പൊളിച്ചു നീക്കി

ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥി നേതാവ് അഫ്രീന്‍ ഫാത്തിമയുടെ വീട് പൊളിച്ച് അധികൃതര്‍. പ്രയാഗ് രാജ് പ്രതിഷേധങ്ങളില്‍ പങ്കെടുത്ത് അറസ്റ്റിലായ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് അഹ്‌മദ് അഫ്രീന്റെ പിതാവാണ്.

അനധികൃതമായി നിര്‍മിച്ചതാണ് അഫ്രീന്‍ ഫാത്തിമയുടെ വീട് പൊളിച്ചത്. ഇന്ന് 11 മണിയ്ക്ക് വീട് പൊളിക്കുമെന്നും അതിന് മുമ്പായി ഒഴിഞ്ഞു പോകണമെന്നും ആവശ്യപ്പെട്ട് നേരത്തെ പ്രാദേശിക ഭരണകൂടം നോട്ടീസ് നല്‍കിയിരുന്നു. പ്രദേശത്തെ മുഴുവന്‍ മുസ്ലിം കുടുംബങ്ങളെയും പ്രാദേശിക ഭരണകൂടം നിര്‍ബന്ധപൂര്‍വ്വം ഒഴിപ്പിക്കുകയാണ്.

അലിഗഢ് സര്‍വകലാശാല യൂണിയന്‍ മുന്‍ പ്രസിഡന്റും നിലവിലെ ജെ.എന്‍.യു യൂണിയന്‍ കൗണ്‍സിലറുമാണ് അഫ്രീന്‍ ഫാത്തിമ. നിലവില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ദേശീയ സെക്രട്ടറി കൂടിയാണ്.

അഫ്രീന്റെ പിതാവിനെയും കുടുംബത്തെയും കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോയത്. ജില്ലയില്‍ വെള്ളിയാഴ്ച നടന്ന അക്രമങ്ങളുടെ സൂത്രധാരന്‍ ജാവേദ് ആണെന്ന് ആരോപിച്ചാണ് ജാവേദിനെ പൊലീ്‌സ് അറസ്റ്റ് ചെയ്തത്. ഒപ്പം അഫ്രീന്റെ മാതാവിനെയും സഹോദരിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

പ്രയാഗ് രാജ് ഡെവലപ്‌മെന്റ് അതോരിറ്റിയാണ് ജാവേദിന്റെ വീട് പൊളിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹത്തിനെതിരായ കേസും ഇതും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും പൊലീസ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കുടുംബത്തിന്റെ അറസ്റ്റിനെതിരെ അഫ്രീന്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അറിയിപ്പോ വാറന്റോ ഒന്നുമില്ലാതെ എത്തിയ അലഹാബാദ് പൊലീസ് കുടുംബത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു. അവരെവിടെയാണെന്ന് കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നുമാണ് അഫ്രീന്‍ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നത്.

The Cue
www.thecue.in