ബലാത്സംഗ കേസ്; പരാതിക്കാരിയുടെ അമ്മയെ വിജയ് ബാബു ഭീഷണിപ്പെടുത്തിയെന്ന് സര്‍ക്കാര്‍

ബലാത്സംഗ കേസ്; പരാതിക്കാരിയുടെ അമ്മയെ വിജയ് ബാബു ഭീഷണിപ്പെടുത്തിയെന്ന് സര്‍ക്കാര്‍

ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് നടനും നിര്‍മാതാവുമായ വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അമ്മയെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നതെന്നും അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് വാദിച്ചു.

വിദേശത്താണെന്ന കാര്യം മറച്ചുവെച്ചാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തതെന്നും അതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ഈ വാദത്തെ എതിര്‍ത്തു. അധിക രേഖകളുടെ അടിസ്ഥാനത്തില്‍ നല്‍കിയ ഉപഹര്‍ജിയില്‍ ഇദ്ദേഹം ദുബായിലാണെന്ന് വിവരം ഉണ്ടെന്നും അതിനാല്‍ ഹര്‍ജി നിലനില്‍ക്കുമെന്നുമായിരുന്നു വിജയ് ബാബുവിന്റെ അഭിഭാഷകന്റെ വാദം.

സിനിമാ ഷൂട്ടിംഗിനായി ഏപ്രില്‍ 22 ന് ഗോവയ്ക്ക് പോയെന്നും 24ന് അവിടെ നിന്ന് ഗോള്‍ഡന്‍ വിസയുടെ ആവശ്യത്തിനായി ദുബായിലേക്ക് പോയെന്നുമാണ് വിജയ് ബാബുവിന്റെ വാദം. അപ്പോഴൊന്നും കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അറിയില്ലായിരുന്നെന്നും നിയമനടപടികളില്‍ നിന്ന് ഒളിച്ചോടുകയായിരുന്നില്ലെന്നുമാണ് വിജയ് ബാബു പറയുന്നത്. എന്നാല്‍ ഈ വാദം തള്ളിയ പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തത് അറിഞ്ഞതിന് ശേഷമാണ് വിജയ് ബാബു ദുബായിലേക്ക് കടന്നതെന്ന് വാദിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത വിവരം മാധ്യമങ്ങളിലൂടെ തന്നെ അറിയാന്‍ കഴിയുമായിരുന്നു. ഏപ്രില്‍ 19ന് നടിയുടെ അമ്മയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

അതേസമയം തിങ്കളാഴ്ച മടങ്ങിയെത്തുമെന്നാണ് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in