എല്‍.ജെ.ഡി പിളര്‍പ്പിലേക്ക്; ശ്രേയാംസ് കുമാര്‍ ഒഴിയണമെന്ന് ആവശ്യം, യോഗം വിളിച്ച് വിമത വിഭാഗം

എല്‍.ജെ.ഡി പിളര്‍പ്പിലേക്ക്; ശ്രേയാംസ് കുമാര്‍ ഒഴിയണമെന്ന് ആവശ്യം, യോഗം വിളിച്ച് വിമത വിഭാഗം

ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയില്‍ കലാപം. സംസ്ഥാനഅധ്യക്ഷന്‍ എം.വി.ശ്രേയാംസ് കുമാര്‍ സ്ഥാനമൊഴിയണമെന്നാണ് ഒരു വിഭാഗം ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്. ഇവര്‍ ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. ശ്രേയാംസ് കുമാറിന്റെ നീക്കങ്ങളാണ് എല്‍.ജെ.ഡിക്ക് മന്ത്രിസ്ഥാനം കിട്ടാതെ പോയതിന് കാരണമെന്നാണ് ആരോപണം.

ജനറല്‍ സെക്രട്ടറിമാരായ ഷെയ്ഖ് പി.ഹാരിസിന്റെയും, വി.സുരേന്ദ്രന്‍പിള്ളയുടെയും നേതൃത്വത്തിലാണ് ശ്രേയാംസിനെതിരെ നീക്കം നടക്കുന്നത്. കെ.പി.മോഹനനും, വര്‍ഗീസ് ജോര്‍ജും ഒപ്പമുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്. ദേശീയ സെക്രട്ടറി വര്‍ഗീസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ അനുരഞ്ജന നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല.

ശ്രേയാംസ് കുമാറുമായി യോജിച്ച് പോകാനാകില്ലെന്ന് ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്‍ തര്‍ക്കത്തില്‍ ഇടപെടാനാകില്ലെന്നും ഒന്നിച്ച് പോകണമെന്നുമാണ് മുഖ്യമന്ത്രി നേതാക്കളോട് പറഞ്ഞത്.

ശ്രേയാംസിനെ മാറ്റണമെന്ന ആവശ്യവുമായി കേന്ദ്രനേതൃത്വത്തെ സമീപിച്ചപ്പോള്‍ അടുത്ത ഏപ്രില്‍ വരെ കാത്തിരിക്കണമെന്ന മറുപടിയാണ് ലഭിച്ചത്. ഭിന്നത രൂക്ഷമായതോടെ സംസ്ഥാന ഉപാധ്യക്ഷന്‍ കെ.ശങ്കരന്‍ ഇന്നലെ രാജിവെച്ചിരുന്നു. ഇന്ന് ചേരുന്ന യോഗത്തില്‍ ശ്രേയാംസിനെതിരായ തീരുമാനമുണ്ടായാല്‍ പാര്‍ട്ടി പിളരാന്‍ സാധ്യത. ഇതിനിടെ ശ്രേയാംസ് കുമാര്‍ ശനിയാഴ്ച കോഴിക്കോട് ജില്ലാ അധ്യക്ഷന്മാരുടെയും ഭാരവാഹികളുടെയും യോഗം വിളിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in