വിലക്കയറ്റത്തില്‍ മോദി സര്‍ക്കാരിനെതിരെ മെഗാ റാലി സംഘടിപ്പിക്കാന്‍ പ്രിയങ്ക

വിലക്കയറ്റത്തില്‍ മോദി സര്‍ക്കാരിനെതിരെ മെഗാ റാലി സംഘടിപ്പിക്കാന്‍ പ്രിയങ്ക

ഇന്ധനവില വർധന, വിലക്കയറ്റം എന്നിവയ്‌ക്കെതിരെ പ്രതിഷേധിക്കാൻ മെഗാ റാലി നടത്താനൊരുങ്ങി പ്രിയങ്ക ഗാന്ധി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തോടനുബന്ധിച്ച് ഡിസംബർ ആദ്യവാരം ഡൽഹിയിലായിരിക്കും റാലി നടത്തുക. 2019 ന് ശേഷമുള്ള ഏറ്റവും വലിയ റാലിയായിരിക്കും ഇത്.

നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ജന ജാഗരണ്‍ അഭിയാന്‍ എന്ന പേരില്‍ രണ്ടാഴ്ച്ച നീളുന്ന പ്രധിഷേധ പരിപാടികള്‍ നടത്താന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടുണ്ട്. ​ഇതിന്റെ സമാപനമായിട്ടായിരിക്കും റാലി നടത്തുക.

റാലി ആസൂത്രണം ചെയ്യാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര പാർട്ടിയുടെ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജോത് സിദ്ദു, ഹരിയാന മുൻ മുഖ്യമന്ത്രി ഭുപീന്ദർ ഹൂഡ പാർട്ടി ജനറൽ സെക്രട്ടറി കെ.സി.‌വേണുഗോപാൽ, സച്ചിൻ പൈലറ്റ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

റാലിക്ക് രാംലീല മൈതാനം വേണമെന്ന കോൺഗ്രസിന്റെ അഭ്യർത്ഥന കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. അനുമതി ലഭിച്ചില്ലെങ്കിൽ ദ്വാരക ഗ്രൗണ്ടിലേക്ക് റാലി നടത്താനാണ് കോൺഗ്രസ് ആലോചിക്കുന്നത്.

The Cue
www.thecue.in