
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് പോലുമില്ലാത്ത ബിജെപിക്ക് പത്ര-ദൃശ്യമാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചയുടെ ഭാഗമായി എഴുത്തുകാരന്‍ എന്‍,എസ് മാധവനും. 87.6% മലയാളികള്‍ തഴഞ്ഞ, ഒറ്റ സീറ്റില്ലാത്ത ബിജെപിക്ക് മൂന്നിലൊന്ന് സമയം നല്‍കുന്ന ചാനലുകള്‍ മാത്രമാണു ഇപ്പോള്‍ അവരുടെ ഓക്‌സിജനെന്നും മലയാളികളുടെ രാത്രികളെ രക്ഷിക്കണമെന്നും എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.
എന്‍.എസ് മാധവന്റെ ട്വീറ്റ്
മലയാളികളുടെ രാത്രികളെ രക്ഷിക്കുക. കേന്ദ്രഎജന്‍സികളൊടുള്ള പേടിയോ ജന്മാനെ ഉള്ള മണ്ടത്തരം കാരണമോ 87.6% മലയാളികള്‍ തഴഞ്ഞ, ഒറ്റ സീറ്റില്ലാത്ത ബിജെപിക്ക് മൂന്നിലൊന്ന് സമയം നല്‍കുന്ന ചാനലുകള്‍ മാത്രമാണു ഇപ്പോള്‍ അവരുടെ ഓക്‌സിജന്‍. ഈ ടി.ആര്‍.പി തഴോട്ട് വീഴ്ത്തി ചാനല്‍ പൂട്ടിക്കുമെന്നും അവര്‍ മനസ്സിലാക്കണം.
കപട നരേറ്റിവുകള്‍ വില്‍ക്കുന്ന ഉത്തരേന്ത്യന്‍ ഗോദി ചാനലുകള്‍ക്ക് 100 കണക്കിനുള്ള സ്വതന്ത്ര യുട്യുബ് വാര്‍ത്താചാനലുകള്‍ വെല്ലുവിളി ഉയര്‍ത്തുന്നു. മലയാളത്തിലും ഡിജിറ്റല്‍ മീഡിയ ശക്തമാകുന്നു. പരസ്യം മാത്രം ലാക്കാക്കി നമ്മുടെ ചാനലുകള്‍ കാണികളെ പറ്റിക്കുന്ന പരിപാടി അവസാനിക്കാറായിരിക്കുന്നു.
തിരഞ്ഞെടുപ്പ് ദിവസം നന്നേ രാവിലെ വിരല്‍ ചൂണ്ടി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടത് ഭരണമാറ്റം അല്ല, ജാതിമാറ്റമായിരുന്നു. ഈ ജാതിവെറി തെക്കന്‍ കേരളത്തിലെ അരിഭക്ഷണം കഴിക്കുന്ന എല്ലാ വോട്ടര്‍മാരും ജാതിമതഭേദമന്യേ തള്ളികളഞ്ഞുവെന്നതാണു അവിടത്തെ യുഡിഎഫിന്റെ വന്‍തകര്‍ച്ചയ്ക്ക് ഒരു കാരണം.