'ഇതൊന്നും കൃഷ്ണദാസ് അറിയരുത് , സി കെ ജാനു ഒന്നും പറയില്ലല്ലോ'; സുരേന്ദ്രന്റെ പേരിൽ പുതിയ ശബ്ദരേഖയുമായി പ്രസീത

'ഇതൊന്നും കൃഷ്ണദാസ് അറിയരുത് , സി കെ ജാനു ഒന്നും പറയില്ലല്ലോ'; സുരേന്ദ്രന്റെ പേരിൽ പുതിയ ശബ്ദരേഖയുമായി പ്രസീത

എൻഡിഎയിൽ തിരിച്ചെത്തുന്നതിനായി സി കെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പണം നൽകിയെന്ന ജെ ആർ പി ട്രഷറർ പ്രസീത അഴീക്കോടിന്റെ ആരോപണവുമായി ബന്ധപ്പെട്ടുള്ള പുതിയ ശബ്ദരേഖ പുറത്ത്. ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുൻപ് സുരേന്ദ്രൻ വിളിച്ച ഫോൺ കോളിലെ സംഭാഷണമാണ് പ്രസീത പുറത്തുവിട്ടത്. സികെ ജാനുവുമായുള്ള കാര്യങ്ങളൊന്നും കൃഷ്ണദാസ് അറിയരുതെന്ന് ശബ്ദരേഖയിൽ സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന സംഭാഷണങ്ങളിൽ ആവശ്യപ്പെടുന്നുണ്ട്. 'ഞാനിതെല്ലാം റെഡിയാക്കി എന്റെ ബാഗിൽ വച്ചിട്ട് ഇന്നലെ മുതൽ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുകയാണ്' എന്നും 'രാവിലെ ഒൻപത് മണിയോടെ കാണാനെത്താം' എന്നും 'സികെ ജാനു കൃഷ്ണദാസിനോട് ഇതൊന്നും പറയില്ലല്ലോ' എന്നുമൊക്കെ ശബ്ദരേഖയിൽ പറയുന്നുണ്ട്. സികെ ജാനുവിന് എൻഡിഎയുടെ ഭാഗമാകാൻ പത്ത് ലക്ഷം രൂപ സുരേന്ദ്രൻ നൽകിയെന്നാണ് പ്രസീതയുടെ ആരോപണം. പണം തരാമെന്ന് സമ്മതിക്കുന്ന സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖയും നേരത്തെ പ്രസീത പുറത്തുവിട്ടിരുന്നു.

പ്രസീതയുടെ പ്രതികരണം

സി കെ ജാനുവിന്റെ വീട്ടിൽ പോയി മുന്നണി മാറ്റത്തെ കുറിച്ച് സംസാരിച്ച ഘട്ടത്തിൽ, കൃഷ്ണദാസ് വിളിച്ച കാര്യം അവർ പറഞ്ഞിരുന്നു. എന്നാൽ അങ്ങിനെയൊരു തീരുമാനം ഇപ്പോൾ എടുക്കേണ്ട എന്നായിരുന്നു സികെ ജാനുവിന്റെ തീരുമാനം. ആ സമയത്ത് മുസ്ലിം ലീഗ് ഒരു സീറ്റ് വാഗ്ദാനം ചെയ്യുമെന്ന പ്രതീക്ഷയുണ്ടായിരുന്നു എന്നായിരുന്നു ഞങ്ങൾ കരുതിയിരുന്നത് . എന്നാൽ അത് നടക്കാതെ പോയി. പിന്നീടാണ് കെ സുരേന്ദ്രനുമായി ഒരു കൂടിക്കാഴ്ച നടത്തണമെന്ന് പറഞ്ഞത്.

ബിജെപിക്കുള്ളിലെ പ്രശ്നങ്ങൾ കൊണ്ടാകാം കൃഷ്ണദാസിനോട് ഇക്കാര്യം പറയേണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞത്. വിട്ടുപോയ ഘടകകക്ഷികളെ തിരികെ കൊണ്ടുവരണമെന്ന ഒരു തീരുമാനം ഉണ്ടായിരുന്നു. സികെ ജാനുവിനെ കൊണ്ടുവരണമെന്ന് കൃഷ്ണദാസും സുരേന്ദ്രനും തീരുമാനിച്ചിട്ടുണ്ടാകാം. കൃഷ്ണദാസ് അറിയുന്നതിൽ ഒരു പേടി അദ്ദേഹത്തിനുണ്ടായിരുന്നു. പണം കൊടുക്കുന്നതിന് ഒരു മണിക്കൂർ മുൻപേയാണ് ഞങ്ങൾ സംസാരിച്ചത്. കൃഷ്ണദാസുമായി ഇപ്പോഴും അവർക്ക് നല്ല ബന്ധമാണ്.  ഇത്രയും വിഷയങ്ങൾ ഉള്ളപ്പോഴും സികെ ജാനുവിനെ സംരക്ഷിച്ചാണ് ബിജെപി പോകുന്നത്.

'ഇതൊന്നും കൃഷ്ണദാസ് അറിയരുത് , സി കെ ജാനു ഒന്നും പറയില്ലല്ലോ'; സുരേന്ദ്രന്റെ പേരിൽ പുതിയ ശബ്ദരേഖയുമായി പ്രസീത
സുരേന്ദ്രനെ മാറ്റിയതുകൊണ്ട് മാത്രം കാര്യമില്ല, ബിജെപിക്ക് വളരാനുള്ള നിര്‍ദേശങ്ങുള്‍പ്പെടുത്തി ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോര്‍ട്ട്

അതെ സമയം നേതൃമാറ്റം ഉടൻ ഉണ്ടാകില്ലെങ്കിലും ബിജെപിക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ കേന്ദ്ര ഘടകം പരിശോധിക്കും. സംസ്ഥാന ബിജെപിക്കുള്ളിലെ പ്രശ്നങ്ങൾ പഠിച്ച് മുൻ ഡിജിപി ജേക്കബ് തോമസ് സമഗ്ര റിപ്പോർട്ട് നൽകിയെങ്കിലും സാമ്പത്തിക ആരോപണങ്ങളെപ്പറ്റിയും അന്വേഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരിക്കുന്നത്. നേതൃമാറ്റം കൊണ്ട് മാത്രം സംസ്ഥാന ബിജെപിയിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയില്ലെന്നാണ് ജേക്കബ് തോമസ് ആദ്യം നൽകിയ റിപ്പോർട്ടിൽ ഉള്ളത്.