മോന്‍സണന്റെ ചെമ്പോല കഴിഞ്ഞേ കര്‍ഷകന്റെ രക്തസാക്ഷിത്വത്തിന് വിലയുള്ളു, വിമര്‍ശനവുമായി പ്രമോദ് രാമന്‍

മോന്‍സണന്റെ ചെമ്പോല കഴിഞ്ഞേ കര്‍ഷകന്റെ രക്തസാക്ഷിത്വത്തിന് വിലയുള്ളു, വിമര്‍ശനവുമായി പ്രമോദ് രാമന്‍

മാധ്യമപ്രവര്‍ത്തനം എത്തിപ്പെട്ടിരിക്കുന്ന നിര്‍വികാരതയുടെ ആഴം വര്‍ധിച്ചിരിക്കുന്നുവെന്ന് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍. യു.പിയില്‍ കര്‍ഷകര്‍ കാര്‍ കയറ്റികൊലപ്പെടുത്തിയതിനെപറ്റി രണ്ട് ചാനലുകളില്‍ ചര്‍ച്ച നടക്കുമ്പോള്‍ ചിലര്‍ക്ക് മോന്‍സന്റെ ചെമ്പോല കഴിഞ്ഞേ കര്‍ഷകരുടെ രക്തസാക്ഷിത്വം പോലും ഉണ്ടാകൂ എന്നും പ്രമോദ് രാമന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഒരു രാത്രിയില്‍ രണ്ടു സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കുന്നതില്‍ നാം കണ്ട നിര്‍വികാരത മറ്റൊരു രാത്രിയില്‍ കര്‍ഷകമനസ് കാണാതെ പോകുന്ന തരത്തില്‍ നമുക്ക് മുന്നില്‍ വെളിപ്പെടുന്നു. എല്ലാം ഒരേ ആഴത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ഒരുവശത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന നിര്‍ദയത്വത്തിന്റെ വിഷവേരുകള്‍ ആണെന്നും പ്രമോദ് രാമന്‍ പറഞ്ഞു.

'കാറുകയറ്റി കൊന്നതിനെ പറ്റിയും അവിടുത്തെ ഗവണ്‍മെന്റ് ജനാധിപത്യം അട്ടിമറിക്കുന്നതിനെ പറ്റിയും പ്രധാനപ്പെട്ട രണ്ടു ചാനലുകളില്‍ ചര്‍ച്ച നടക്കുന്നു. തലസ്ഥാനത്ത് യു പി ഭവന് മുന്നില്‍ കര്‍ഷക, യുവജന നേതാക്കളെ മര്‍ദിച്ചു പോലീസ് വണ്ടിയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ കണ്ട ഏതൊരു മാധ്യമ പ്രവര്‍ത്തകനും ഇന്നത്തെ രാത്രിയില്‍ അതല്ലാതെ മറ്റൊരു വിഷയം ചര്‍ച്ച ചെയ്യുന്നത് ചിന്തിക്കാന്‍ ആവില്ല. എന്നാലോ

എല്ലാറ്റിനും 'മുതിരുന്ന' ചിലര്‍ക്ക് മോന്‍സന്റെ ചെമ്പോല സൃഷ്ടിച്ച അടിയന്തരത്തില്‍ കവിഞ്ഞ് ഒരു കര്‍ഷകനും അവന്റെ രക്തസാക്ഷിത്വവും ഇല്ല,' എന്നാണ് പ്രമോദ് രാമന്‍ പറഞ്ഞത്.=

മാധ്യമ പ്രവര്‍ത്തനത്തിന്റെ ഒരുവശത്ത് വേരോടിക്കൊണ്ടിരിക്കുന്ന സമൂഹദ്രോഹത്തിന്റെ ഭീഷണി ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുന്നതല്ല. തലമുറകള്‍ക്ക് മേല്‍ വിപല്‍പ്പിണറായി പതിക്കാവുന്ന ദുര്‍ബോധനം ആണതെന്നും പ്രമോദ് രാമന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇങ്ങനെയൊരു കുറിപ്പ് ഇടണമോയെന്ന് പലവട്ടം ചിന്തിച്ചു. ഇട്ടില്ലെങ്കില്‍ മനസ്സില്‍ ഇതിങ്ങനെ കിടന്ന് ബുദ്ധിമുട്ടാകും എന്ന് തോന്നിയതിനാല്‍ അതിന് മുതിരുന്നു.

ഈ കുറിപ്പ് എഴുതുമ്പോള്‍ യു പിയില്‍ കര്‍ഷകരെ കാറുകയറ്റി കൊന്നതിനെ പറ്റിയും അവിടുത്തെ ഗവണ്‍മെന്റ് ജനാധിപത്യം അട്ടിമറിക്കുന്നതിനെ പറ്റിയും പ്രധാനപ്പെട്ട രണ്ടു ചാനലുകളില്‍ ചര്‍ച്ച നടക്കുന്നു. തലസ്ഥാനത്ത് യു പി ഭവന് മുന്നില്‍ കര്‍ഷക, യുവജന നേതാക്കളെ മര്‍ദിച്ചു പോലീസ് വണ്ടിയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ കണ്ട ഏതൊരു മാധ്യമ പ്രവര്‍ത്തകനും ഇന്നത്തെ രാത്രിയില്‍ അതല്ലാതെ മറ്റൊരു വിഷയം ചര്‍ച്ച ചെയ്യുന്നത് ചിന്തിക്കാന്‍ ആവില്ല. എന്നാലോ എല്ലാറ്റിനും 'മുതിരുന്ന' ചിലര്‍ക്ക് മോന്‍സന്റെ ചെമ്പോല സൃഷ്ടിച്ച അടിയന്തരത്തില്‍ കവിഞ്ഞ് ഒരു കര്‍ഷകനും അവന്റെ രക്തസാക്ഷിത്വവും ഇല്ല.

ഇത് പറഞ്ഞത് മാധ്യമപ്രവര്‍ത്തനം ഒരുവശത്ത് എത്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്‍സെന്‍സിറ്റിവിറ്റിയൂടെ ആഴം സൂചിപ്പിക്കാന്‍ മാത്രം. ഒരു രാത്രിയില്‍ രണ്ടു സ്ത്രീകളുടെ മോഡസ്റ്റിയെ വെല്ലുവിളിക്കുന്നതില്‍ നാം കണ്ട ഇന്‍സെന്‍സിറ്റിവിറ്റി മറ്റൊരു രാത്രിയില്‍ കര്‍ഷകമനസ് കാണാതെ പോകുന്ന തരത്തില്‍ നമുക്ക് മുന്നില്‍ വെളിപ്പെടുന്നു. എല്ലാം ഒരേ ആഴത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ഒരുവശത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന നിര്‍ദയത്വത്തിന്റെ വിഷവേരുകള്‍ ആണ്. പകല്‍ മുഴുവന്‍ ഞങ്ങളിതാ ദൃശ്യ ജേണലിസത്തിലെ ആധികാരിക ദീപസ്തംഭം, ഇന്ത്യന്‍ രാഷ്ട്രീയ ഗോദയിലെ ധര്‍മയുദ്ധത്തില്‍ നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രേക്ഷകരുടെ പതാകവാഹകര്‍ എന്ന മട്ടില്‍ റിപ്പോര്‍ട്ടര്‍മാരാല്‍ പ്രത്യക്ഷപ്പെടുത്തുക. രാത്രി എട്ട് മണിക്ക് ചാനലിന്റെ ളഹമഴവെശു ുൃീഴൃമാ എന്ന വിശേഷണമുള്ള പരിപാടിയില്‍ (പകലന്തിയോളം മോറല്‍ വെര്‍ബലിസം നടത്തിയ റിപ്പോര്‍ട്ടര്‍ സഹപ്രവര്‍ത്തകരെ വകഞ്ഞുമാറ്റി) നിലയവിദ്വാന്‍ ആങ്കര്‍ വല്യ വൃന്ദവാദ്യങ്ങളോടെ പ്രത്യക്ഷപ്പെട്ട്, (പശ്ചാത്തല സംഗീതം നിലച്ചു കഴിയുന്നതോടെ) വളിച്ച മധ്യവര്‍ഗ, പുരുഷ, പിന്തിരിപ്പന്‍ വഷളത്തരങ്ങള്‍ വിളമ്പുക. അതിന് വിദൂഷകസേവയ്ക്കായി ചില നിരീക്ഷക ആഭാസന്മാരും.

ഇത് കാണാനും ആസ്വദിക്കാനും ഇരിക്കുന്നവര്‍ ഒഴിച്ചുള്ളവരോട് എനിക്കൊരു അഭ്യര്‍ത്ഥന മാത്രമേ ഉള്ളൂ. ഇതേ ജോലി ചെയ്യുന്ന ഒരാളാണ് ഞാനും. ഈ നിലയിലാണ് ഞാന്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നത് എന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ കല്ലെറിയൂ. അല്ലെങ്കില്‍ സമൂഹവിരുദ്ധ പ്രവൃത്തിക്ക് എന്നെ ജയിലില്‍ അടയ്ക്കൂ. മാധ്യമ പ്രവര്‍ത്തനത്തിന്റെ ഒരുവശത്ത് വേരോടിക്കൊണ്ടിരിക്കുന്ന സമൂഹദ്രോഹത്തിന്റെ ഭീഷണി ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുന്നതല്ല. തലമുറകള്‍ക്ക് മേല്‍ വിപല്‍പ്പിണറായി പതിക്കാവുന്ന ദുര്‍ബോധനം ആണത്.

ഇന്നേവരെ പല ആവര്‍ത്തി സ്ഥിരീകരിക്കാതെ ഒരു വാക്കുപോലും ഉച്ചരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലാത്ത എനിക്കുപോലും എന്നെ പലപ്പോഴും സംശയമാണ്. ഈ ജോലിയില്‍ ഞാന്‍ എന്റെ പ്രേക്ഷകരോട് നീതി കാട്ടുന്നുണ്ടോ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളോട് ആദരവോടെ പെരുമാറുന്നുണ്ടോ, ഇന്നിപ്പോള്‍ മീഡിയ വണ്ണിന്റെ ചുമതലയില്‍ ഇരുന്ന് സഹപ്രവര്‍ത്തകരില്‍ കൂടി ഇതേ ഉത്തരവാദിത്ത ബോധം വളര്‍ത്തുന്നുണ്ടോ എന്നെല്ലാം എനിക്ക് തന്നെ സംശയം വരാറുണ്ട്. ആ സംശയങ്ങള്‍ സ്വയം ചോദിച്ച് ഉവ്വ് എന്ന മറുപടി ഉള്ളില്‍ നിന്ന് സമ്പാദിച്ചു കൊണ്ട് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുന്നുള്ളൂ.

അപ്പോഴും ഞാന്‍ പറയും. ഞാനും എന്റെ സഹപ്രവര്‍ത്തകരും വിമര്‍ശിക്കപ്പെടുക തന്നെ വേണം. അവര്‍ അംഗീകരിക്കപ്പെടുന്നുവെങ്കില്‍ അതിനൊപ്പം. കാരണം വിമര്‍ശനമാണ് എന്നെയും അവരെയും തിരുത്തുക. അല്പം കൂടുതല്‍ നല്ല മാധ്യമപ്രവര്‍ത്തകരാക്കുക. അതേ വേണ്ടൂ. അല്ലാതെ ഭൂലോക ബോറന്മാരായി, നാടിന്റെ നല്ല പാരമ്പര്യത്തിനും ജേണലിസത്തിന്റെ ഉത്തമദൃഷ്ടാന്തങ്ങള്‍ക്കും തീരാക്കളങ്കം വരുത്തിവെക്കുന്ന മലീമസ മനസ്‌കരായി, ഉളുപ്പില്ലാത്ത ഉണ്ണാക്കന്മാരായി ഞാനും അവരും മാറരുത്.

Related Stories

No stories found.
logo
The Cue
www.thecue.in