സത്യത്തിന്ന് മുകളില്‍ ആരോപണങ്ങള്‍ പ്രതിഷ്ഠിച്ചാല്‍ നമ്മള്‍ തോറ്റ ജനതയാവും,ജാഗ്രത അയയരുത്: പ്രകാശ് ബാരെ

സത്യത്തിന്ന് മുകളില്‍ ആരോപണങ്ങള്‍ പ്രതിഷ്ഠിച്ചാല്‍ നമ്മള്‍ തോറ്റ ജനതയാവും,ജാഗ്രത അയയരുത്: പ്രകാശ് ബാരെ

സ്പ്രിങ്ക്‌ളര്‍ ഡാറ്റാ വിവാദത്തില്‍ വൈദഗ്ധ്യത്തിന് മുകളില്‍ അജ്ഞതയ്ക്കും, ശാസ്ത്രത്തിന്ന് മുകളില്‍ അന്ധവിശ്വാസങ്ങള്‍ക്കും, സത്യത്തിന്ന് മുകളില്‍ ആരോപണങ്ങളും പ്രതിഷ്ഠിക്കുമ്പോള്‍ നമ്മള്‍ തോറ്റ ജനതയാവുമെന്ന് അഭിനേതാവും ഐടി കമ്പനി ഉടമയുമായ പ്രകാശ് ബാരേ. കേരളം ഇപ്പോഴും ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ ജാഗ്രത അയയരുതെന്നും പ്രകാശ് ബാരെ.

പ്രകാശ് ബാരെയും ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ഒരു മാസമായി കൊറോണ വൈറസും, ലോകം മുഴുവനും അത് നടത്തിക്കൊണ്ടിരിക്കുന്ന ജൈത്രയാത്രയും, അതിനെ ചെറുക്കുവാന്‍ വേണ്ടി ഇന്ത്യയും പ്രത്യേകിച്ച് കേരളവും നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും മാത്രമായിരുന്നു നമ്മുടെ ശ്രദ്ധയില്‍. ലോക്ക് ഡൌണ്‍ കൊണ്ട് വൈകിക്കാന്‍ പറ്റിയെങ്കിലും, കൈവിട്ടു പോയിക്കഴിഞ്ഞാല്‍ കോടിക്കണക്കിനു രോഗികളും ലക്ഷക്കണക്കിന് മരണങ്ങളുമാണ് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പോലുള്ള വിദഗ്ധര്‍ നമ്മുടെ രാജ്യത്തിനായി പ്രവചിച്ച് വച്ചിരിക്കുന്നത്. അത്തരമൊരു മൂര്‍ദ്ധന്യാവസ്ഥ (peak) പെട്ടെന്ന് സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകളും അവസാനം സംഭവിക്കുമ്പോള്‍ അത് നേരിടാനുള്ള ഒരുക്കങ്ങളും മാത്രമായിരുന്നു നമ്മുടെയൊക്കെ മനസ്സില്‍. ഗവണ്‍മെന്റും ഗവണ്‍മെന്റേതര ഏജന്‍സികളും PPE കിറ്റുകള്‍, ടെസ്റ്റ് കിറ്റുകള്‍, മാസ്‌കുകള്‍, വെന്റിലേറ്ററുകള്‍, ട്രാക്കിംഗ് ആപ്പ്‌ളിക്കേഷന്‍സ് തുടങ്ങിയ കാര്യങ്ങളുടെ പുറകെ നെട്ടോട്ടമായിരുന്നു.അമ്പതിനായിരം വെന്റിലേറ്റര്‍സ് മാത്രമുള്ള ഇന്ത്യയില്‍ ആഴ്ചകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് വെന്റിലേറ്റര്‍സ് ആവശ്യമായി വന്നേക്കാം. അതിനാല്‍ കഴിഞ്ഞ ഏതാനും ആഴ്ചയായി പണ്ടത്തെ എഞ്ചിനീയറിംഗ് ഒക്കെ പൊടിതട്ടിയെടുത്ത് ഒരു വെന്റിലേറ്റര്‍ ഡിസൈന്‍ ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു. മഹീന്ദ്രയും, ഇസ്രോയും, മാരുതിയും, വിപ്രോയും, ടീവീയെസ്സും, ഒക്കെ ചേര്‍ന്നാലും നമ്മുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി നിറവേറ്റപ്പെടാന്‍ സാദ്ധ്യതയില്ലെന്ന തിരിച്ചറിവില്‍.

ശിവശങ്കരന്റെ കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് മിഷനും ഫാബ് ലാബും ആംബുബാഗ് ഉപയോഗിച്ചുള്ള ഒരു റെസ്പിറേറ്റര്‍ തയ്യാറാക്കുന്നുണ്ട്. അമേരിക്കയില്‍ FDA എമര്‍ജന്‍സി കെയറിനു വേണ്ടി അപ്പ്രൂവ് ചെയ്തു കൊണ്ടിരിക്കുന്ന MITയുടെ ഇ-വെന്റ് എന്ന ഡിസൈനിനെ അടിസ്ഥാനപ്പെടുത്തിയൊരെണ്ണം. കേരളത്തിന്റെ നൂതന സംരംഭങ്ങളായ വിസ്‌ക്, പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സ, പുതിയ റാപിഡ് ടെസ്റ്റ് മെക്കാനിസം ഇവയൊക്കെ അത്ഭുതത്തോടെയും അഭിമാനത്തോടെയും മാത്രമേ കാണാന്‍ കഴിയൂ. അത് പോലെതന്നെ ആവേശകരമാണ് IT മിഷന്‍ പല സ്റ്റാര്‍ട്ടപ്പുകളോടും മറ്റു കമ്പനികളോടും ചേര്‍ന്ന് മൊബൈല്‍, ക്ളൗഡ്, ബിഗ് ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ ടെക്‌നോളജികള്‍ കോവിഡിനെതിരായി പ്രയോഗിക്കാനൊരുങ്ങുന്നത്.

അതിന്റെയൊക്കെ ഇടയിലാണ് കഴിഞ്ഞ രണ്ട് ദിവസമായി സ്പ്രിങ്ക്‌ളര്‍ വിവാദം കത്തിപ്പടരുന്നത്. സാധാരണഗതിയില്‍ ആര്‍ഗ്യുമെന്റേറ്റീവ് ഇന്ത്യന്‍സ്, പ്രതേകിച്ചു നമ്മള്‍ മലയാളികള്‍, ഇത്തരം വാദപ്രതിവാദം നടത്തുമ്പോള്‍ അത് വളരെ സാധാരണമായ ഒരു കാര്യമാണ്. പക്ഷെയീയവസരത്തില്‍, നമ്മളിപ്പോഴും ഒരു ദുരന്ത മുഖത്ത് നില്‍ക്കുമ്പോള്‍ നമ്മുടെ ജാഗ്രതയിങ്ങനെ അയയരുതെന്ന് ആഗ്രഹിച്ചാണ് ഇന്നലെ ഞാനൊരു പോസ്റ്റ് ഇട്ടത്. അതിനോട് പലരും പ്രതികരിച്ചതില്‍ നിന്ന് ചില കാര്യങ്ങളും കൂടി വ്യക്തമാക്കണമെന്ന് തോന്നിയതിനാലാണ് ഇങ്ങനൊരു അനുബന്ധം പോസ്റ്റുന്നത്. എന്റെ പ്രതികരണം ഒരു മലയാളി ടെക്‌നോളജിസ്‌റ് എന്ന നിലയിലാണ് - ഇലക്ട്റല്‍ പൊളിറ്റിക്‌സ് എന്റെ വിഷയമല്ല. ആയിരക്കണക്കിന് സഹജീവികളുടെ ജീവനിലായിരിക്കണം ഇത്തരുണത്തില്‍ നമ്മുടെ ശ്രദ്ധ.

ആരാണ് സ്പ്രിങ്ക്‌ളര്‍

നമ്മുടെയൊക്കെ ഡാറ്റ അടിച്ചു മാറ്റാന്‍ വന്ന ഏതോ ഡൂക്ലി കമ്പനി എന്ന മട്ടിലാണ് അവരെ പലപ്പോഴും അവതരിപ്പിക്കുന്നത്. വെറുതെ ഒന്ന് ഗൂഗിള്‍ ചെയ്താല്‍ അതങ്ങനെയല്ലെന്ന് ആര്‍ക്കും മനസ്സിലാകുന്ന കാര്യമേ ഉള്ളൂ. പത്ത് വര്‍ഷത്തെ അധ്വാനത്തിലൂടെ, ആയിരത്തിലധികം കസ്റ്റമേഴ്‌സും, ആയിരത്തഞ്ഞൂറോളം ജീവനക്കാരുമുള്ള, ഏകദേശം രണ്ട് ബില്യണ്‍ വാല്യുവേഷന്‍ ഉള്ള, ഒരു യൂണികോണ്‍ കമ്പനിയാണ് സ്പ്രിംഗ്‌ളര്‍. WHO, Nike, Microosft തുടങ്ങിയ വളരെ പ്രമുഖരായ കസ്റ്റമേഴ്‌സിന്റെ ഡാറ്റ കഴിഞ്ഞു പത്ത് വര്‍ഷമായി വിശ്വാസ്യതയോടെ കൈകാര്യം ചെയ്ത കമ്പനി. അതിനൊക്കെയപ്പുറം കേരളീയനായ, മലയാളത്തെ സ്‌നേഹിക്കുന്ന, അമേരിക്കന്‍ മലയാളികളുടെയില്‍ വളരെ സമ്മതനായ, എന്നും നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ പിന്നണിപ്രവര്‍ത്തകനായ രാജി തോമസ് ആണ് സ്പ്രിംക്ലെറിന്റെ മുഖ്യസാരഥി. അവരുടെ സഹായവാഗ്ദാനത്തെ അനുമോദിച്ചില്ലെങ്കിലും അവിശ്വസിക്കുകയും വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ്യാതിരിക്കാം നമുക്ക്. കരാറിലേര്‍പ്പെട്ട രീതിയില്‍ തെറ്റുകളുണ്ടെങ്കില്‍ അത് തിരുത്താം.

ശിവശങ്കരന്‍

SSLC സെക്കന്റ് റാങ്കില്‍ തുടങ്ങി തുടര്‍ച്ചയായി റാങ്കുകളുടെ മികവില്‍ എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് വിദ്യാഭ്യാസം. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി പല UDF/LDF ഗവണ്മെന്റുകളിലും പിന്നില്‍ അദൃശ്യനായി നിന്ന് ഒട്ടനവധി പുതിയ സംരംഭങ്ങള്‍ക്ക് സാരഥ്യം വഹിച്ച ഉദ്യോഗസ്ഥന്‍. KSEB ചെയര്‍മാന്‍, മലപ്പുറം കളക്ടര്‍, വിദ്യാഭ്യാസം, ടൂറിസം, മരാമത്ത് വകുപ്പുകളുടെ സെക്രട്ടറി, അനെര്‍ടിന്റെ ഡയറക്ടര്‍, എല്ലാത്തിലുമുപരി ദീര്‍ഘകാലമായി ഐ ടി വകുപ്പിനെ ഇന്നത്തെ നിലയിലെത്തിക്കാന്‍ പ്രധാന പങ്കുവഹിച്ച വ്യക്തി. മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളത്തെ മുന്നില്‍ നിറുത്തുന്ന ഐ ടി ഇന്‍ഫ്രാസ്ട്രക്ടറിനും, അക്ഷയ പോലുള്ള പദ്ധതികള്‍ക്കും, സ്റ്റാര്‍ട്ടപ്പുകളുടെ മുന്നേറ്റത്തിനും, പ്രളയ/കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ശിവശങ്കരന്‍ മികച്ച സംഭാവനകള്‍ ചെയ്തിട്ടുണ്ട്. നമ്മുടെയൊക്കെ ജീവന്‍ രക്ഷിക്കാന്‍ മുന്നണിപോരാളിയായി നിയോഗിച്ചവരെ അനാവശ്യമായി സംശയിക്കാതിരിക്കാം. പഴിക്കാതിരിക്കാം. സംഭവിച്ചിട്ടുള്ള പിഴവുകള്‍ നമ്മെ വീശിയടിക്കാന്‍ സാധ്യതയുണ്ടായിരുന്ന സുനാമിയെ നേരിടാനുള്ള അത്യാവേശമായി മാത്രം കാണാം. ഡാറ്റ ഉടമസ്ഥത, ഡാറ്റ വില്‍പ്പന, ഇരുന്നൂറു കോടിയുടെ അഴിമതി, മുഖ്യമന്ത്രി ഉരുണ്ടു കളിക്കുന്നു, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി.. ഇതൊക്കെ ഇന്നത്യാവശ്യം ടെക്-സാവിയായിട്ടുള്ള മലയാളിയുടെ സാമാന്യബുദ്ധിയെ അപമാനിക്കുന്ന കാര്യങ്ങളാണ്. നമുക്ക് ആമസോണ്‍, ഐബിഎം, എച്പി, മൈക്രോസോഫ്ട്, ഗൂഗിള്‍, ഫേസ്ബുക്, ജിയോ.. ഇവരോടൊക്കെ ചേര്‍ന്ന് പ്രവര്‍ത്തിക്കാമെങ്കില്‍ സ്പ്രിംക്‌ളറുടെ കൂടെയും അതാവാം. എല്ലാ കമ്പനികളുടെയും കാര്യത്തിലെന്ന പോലെ കരാര്‍ മതി ഡാറ്റ പ്രൊട്ടക്ട് ചെയ്യാന്‍.

കോവിഡ് ദുരന്തത്തിന്റെ എക്‌സ്‌പൊണെന്‍ഷ്യല്‍ സ്വഭാവം

ഈ അനാവശ്യ, അനവസര വിവാദത്തിന്റെ ഒരു പ്രധാനകാരണമായി എനിക്ക് തോന്നുന്നത് കേരളം കോവിഡ് ബാധയില്‍നിന്ന് കരകയറിയെന്ന തെറ്റിദ്ധാരണയാണെന്നാണ്. മനുഷ്യന് ക്രമാതീതമായ, എക്‌സ്‌പൊണെന്‍ഷ്യല്‍ ആയി വളരുന്ന ദുരന്തത്തെ ശരിയായ രീതിയില്‍ ഗ്രഹിക്കാനുള്ള കഴിവ് കുറവാണത്രേ. ഈതര്‍നെറ്റ് സ്വിച്ച് കണ്ടുപിടിച്ച വിനോദ് ഭരദ്വാജിന്റെ നല്ലൊരു വാട്‌സാപ് മെസ്സേജുണ്ടായിരുന്നു ഈ വിഷയത്തില്‍. പലരും കണ്ടു കാണും. അതിലൊരു രാജാവിന്റെ പന്തയത്തെക്കുറിച്ചുള്ള പഴയൊരു കഥയുണ്ട്. ചതുരംഗപ്പലകയില്‍ കളങ്ങളില്‍ 1, 2, 4, 8.. എന്ന പ്രോഗ്രഷനില്‍ ധാന്യങ്ങള്‍ വാഗ്ദാനം ചെയ്ത രാജാവ് രാജ്യത്തെ മുഴുവന്‍ ധാന്യമുപയോഗിച്ചാലും 210 ബില്യണ്‍ ടണ്ണിന്റെയാ വാഗ്ദാനം നിറവേറ്റാന്‍ പറ്റില്ലെന്ന് തിരിച്ചറിയുന്ന കഥ. അത് പോലെയാണ് 15 രോഗികളില്‍ നിന്ന് 7 ആഴ്ച കൊണ്ട് 16 ലക്ഷത്തിലേക്ക് അമേരിക്കയില്‍ കോവിഡ്വ്യാപിച്ചപ്പോള്‍ ട്രംപിന് അക്കാര്യം കാണാന്‍ പറ്റാതെ പോയത്. മൂന്ന് ലോക്ക്ഡൗണ്‍ ആഴ്ചകള്‍ കൊണ്ട് കര്‍ണാടകയിലെ പകര്‍ച്ച നൂറിരട്ടിയിലധികമാണായത്. മഹാരാഷ്ട്രയില്‍ 500 ഇരട്ടിയായി. കേരളത്തിലിന്നും നൂറിലധികം രോഗികളുണ്ട്. ലക്ഷക്കണക്കിന് പ്രവാസികള്‍ തിരിച്ചു വരാനുള്ള സാധ്യതകളുണ്ട്. മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളും കോവിഡിനെ പൂര്‍ണ്ണമായി ഒതുക്കുവാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം. അതുവരെ ലോക്ക്‌ഡൌണ്‍ ചെയ്തിരിക്കാന്‍ നമുക്ക് പറ്റുന്ന കാര്യമല്ല. ആഗോളതലത്തിലിതിനൊരു അന്ത്യമുണ്ടാവുന്നതു വരെ അതിഭീകരമായ ഈ ക്രമാതീത ദുരന്തവുമായി സോഡി കളിച്ചിരിക്കുകയേ നമുക്ക് നിവൃത്തിയുള്ളൂ.

എന്തുകൊണ്ട് ടെക്‌നോളജി

ഇനി വരുന്ന മാസങ്ങളില്‍ ആയിരക്കണക്കിനോ പതിനായിരക്കണക്കിനോ രോഗികള്‍ ഉണ്ടാവുകയാണെങ്കില്‍ നമ്മുടെ ഇന്നത്ത വോളന്റിയര്‍സിനെ ഉപയോഗിച്ച് കൊണ്ടുള്ള മാന്വല്‍ ട്രാക്കിംഗ് മതിയാകാതെ വരും. ലോകത്തില്‍ പത്തു രാജ്യങ്ങളിപ്പോള്‍ ടെക്‌നോളജി ഉപയോഗിച്ച് ജനങ്ങളെ ട്രാക്കിംഗ് ചെയ്യുന്നുണ്ട്. സിങ്കപ്പൂര്‍ ട്രേസ്ടുഗെതര്‍ എന്ന അവരുടെ ബ്ലൂടൂത്ത് ആപ് മറ്റു രാജ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ നല്‍കുന്നുണ്ട്. ആപ്പിളും ഗൂഗിളും ഇത്തരത്തിലുള്ള ട്രാക്കിംഗ് ആപ്പുകള്‍ പുറത്തിറക്കുന്നുണ്ട്. നമ്മുടെ സുരക്ഷയ്ക്കായി അത്തരത്തിലുള്ള ട്രാക്കിംഗ്, ബിഗ് ഡാറ്റ അനാലിസിസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അപ്പ്‌ലിക്കേഷന്‍സ് ഇപ്പൊഴാത്യാവശ്യമാണ്. നമ്മുടെ പ്രൈവസിയുടെയും സ്വാതന്ത്ര്യത്തിന്റെയും അപ്പുറം സഹജീവികളുടെ ജീവന്‍ രക്ഷിക്കാനാണ് നമ്മളിപ്പോള്‍ ശ്രമിക്കേണ്ടത്. സര്‍ക്കാര്‍ നമ്മുടെ സ്വാതന്ത്യത്തെ പരിമിതപ്പെടുത്തുന്ന കോവിഡ്-19 ഓര്‍ഡിനന്‍സ് കൊണ്ടുവന്നപ്പോള്‍ നമ്മളതിനെ തല്‍ക്കാലത്തേക്ക് സ്വീകരിച്ചത് പോലെ. ഉത്തരവാദത്തോടെ വിവാദങ്ങളൊക്കെ മാറ്റി വെച്ച് വീണ്ടും ദുരന്തനിവാരണ പ്രയത്‌നങ്ങളിലേക്ക് നമുക്ക് തിരിച്ചു പോകാം. അത്യാധുനിക സങ്കേതങ്ങളുപയോഗിച്ചു വൈറസുമായി സഹജീവനം എങ്ങനെ സാധ്യമാകുമെന്ന് ലോകത്തിനു കാണിച്ചു കൊടുക്കാം.

അവസാന വാക്ക് നേതാക്കളോടും മാധ്യമങ്ങളോടും - വൈദഗ്ധ്യത്തിന്നു മുകളില്‍ അജ്ഞതയ്ക്കും, ശാസ്ത്രത്തിന്ന് മുകളില്‍ അന്ധവിശ്വാസങ്ങള്‍ക്കും, സത്യത്തിന്ന് മുകളില്‍ ആരോപണങ്ങളും പ്രതിഷ്ഠിക്കുമ്പോള്‍ നമ്മള്‍ തോറ്റ ജനതയാവും.

Related Stories

No stories found.
logo
The Cue
www.thecue.in