ഇത്തരം വീഴ്ചകള്‍ ഇനിയുണ്ടാകില്ല; മാസ്‌ക് കൊണ്ട് മുഖം തുടച്ച സംഭവത്തില്‍ വിശദീകരണവുമായി പിപി ചിത്തരഞ്ജന്‍ എം.എല്‍.എ

ഇത്തരം വീഴ്ചകള്‍ ഇനിയുണ്ടാകില്ല; മാസ്‌ക് കൊണ്ട് മുഖം തുടച്ച സംഭവത്തില്‍ വിശദീകരണവുമായി പിപി ചിത്തരഞ്ജന്‍ എം.എല്‍.എ

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയ്ക്കിടെ മാസ്‌ക് കൊണ്ട് മുഖം തുടച്ച സംഭവത്തില്‍ ഖേദ പ്രകടനവുമായി പിപി ചിത്തരഞ്ജന്‍ എം.എല്‍.എ. മാസ്‌ക് കൊണ്ട് മുഖം തുടയ്ക്കുന്ന എം.എല്‍.എയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുകയും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഖേദ പ്രകടനം, കയ്യില്‍ ടവ്വല്‍ ഇല്ലാത്തതതിനാല്‍ അടുത്ത ദിവസം ഉപയോഗിക്കാന്‍ വെച്ചിരുന്ന മാസ്‌ക് കൊണ്ട് മുഖം തുടയ്ക്കുകയായിരുന്നെന്നും ഇനി ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നും പിപി ചിത്തരഞ്ജന്‍ പറഞ്ഞു.

'എനിക്ക് പറ്റിയ ഒരു തെറ്റാണ്. ഞാന്‍ അന്ന് വെച്ചിരുന്നത് ഡബിള്‍ സര്‍ജിക്കല്‍ മാസ്‌ക്കാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു. അന്നേ ദിവസം തിരുവനന്തപുരം മീഡിയാവണ്‍ സ്റ്റുഡിയോയിലായിരുന്നു ചാനല്‍ ചര്‍ച്ചയ്ക്ക് എത്തേണ്ടിയിരുന്നത്.

ട്രെയിന്‍ വൈകിയത് മൂലം ചര്‍ച്ച തുടങ്ങി 15മിനിറ്റ് കഴിഞ്ഞാണ് ഞാന്‍ ചര്‍ച്ചയ്ക്ക് കയറിയത്. പെട്ടെന്ന് സ്റ്റെപ്പ് കയറി ധൃതിയില്‍ നടന്നപ്പോള്‍ വിയര്‍ത്തു. ചര്‍ച്ച തുടങ്ങി എന്നത് കൊണ്ട് തന്നെ ക്യാമറയ്ക്ക് മുന്‍പില്‍ ഇരുന്നപ്പോള്‍ മുഖം കഴുകാനുള്ള സമയം പോലും ലഭിച്ചില്ല.

എന്റെ ബാഗില്‍ ടവ്വല്‍ ഇല്ലായിരുന്നു. അടുത്ത ദിവസം ഉപയോഗിക്കാന്‍ കരുതിവെച്ചിരുന്ന എന്‍95 വെള്ള മാസ്‌ക്ക് ഒരെണ്ണം പുതിയത് ഇരിപ്പുണ്ടായിരുന്നു. പെട്ടെന്ന് അതിന്റെ പുറംവശം കൊണ്ട് വിയര്‍പ്പ് തുള്ളികള്‍ ഒപ്പിയെടുക്കുകയാണുണ്ടായത്. അടുത്ത ദിവസം വേറെ മാസ്‌ക്കാണ് ഉപയോഗിച്ചത്.

എന്റെ ഭാഗത്ത് നിന്നും തെറ്റായ ഒരു സന്ദേശം നല്‍കാന്‍ ഇടയാക്കിയതില്‍ എനിക്ക് ഖേദമുണ്ട്. എന്നില്‍ നിന്നും ഇത്തരം വീഴ്ചകള്‍ തുടര്‍ന്ന് ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. മേലില്‍ ഇത് അവര്‍ത്തിക്കില്ലെന്നും ആരും ഈ തെറ്റ് ആവര്‍ത്തിക്കരുതെന്നും ഞാന്‍ വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു,' പിപി ചിത്തരജ്ഞന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in